നടി ആക്രമിക്കപ്പെട്ട സംഭവവുമായി എന്റെ വാക്കുകൾ വളച്ചൊടിച്ചു; മിയ

തന്റെ പ്രസ്താവനകൾ തെറ്റായ രീതിയിൽ പ്രചരിച്ചതിനെതിരെ നടി മിയ. മലയാള സിനിമയിലെ ചിലർ നേരിട്ട ചൂഷണങ്ങളെപ്പറ്റിയുള്ള വെളിപ്പെടുത്തലിനെ അനുബന്ധിച്ചു ചോദിച്ച ചോദ്യത്തിന് മിയ നൽകിയ മറുപടിയാണ് തെറ്റായ രീതിയിൽ വ്യാഖ്യാനിക്കപ്പെട്ടത്.

അഭിമുഖത്തിനായി സമീപിക്കുന്ന ആർക്കും വലിപ്പ ചെറുപ്പം നോക്കാതെ അഭിമുഖം നൽകുന്ന ആളാണ് താനെന്നും എന്നിട്ടും ഇത്തരത്തിൽ തന്‍റെ വാക്കുകൾ തെറ്റായി വ്യാഖ്യാനിച്ചതിൽ വിഷമമുണ്ടെന്നും മിയ പറയുന്നു.

മിയയുടെ ഫെയ്സ്ബുക്ക് പോസ്റ്റ് വായിക്കാം–

എല്ലാവർക്കും നമസ്ക്കാരം,

കഴിഞ്ഞ ദിവസം ഒരു ഓൺലൈൻ പോർട്ടലിൽ വന്ന ന്യൂസ് എന്റെ ശ്രദ്ധയിൽപെട്ടതിനു ശേഷമാണു ഇങ്ങനൊരു പോസ്റ്റ് വേണം എന്നെനിക് തോന്നിയത്. എന്റെയും മറ്റു ചില നടിമാരുടെയും പേരുകൾ ചേർത്തായിരുന്നു ആ വാർത്ത. കുറച്ചു നാളു മുൻപ് ഞാൻ മറ്റൊരു ന്യൂസ് പോർട്ടലിനു കൊടുത്ത അഭിമുഖത്തിൽ നിന്നും ചില ഭാഗങ്ങൾ പകർത്തി ആണ് ആ വാർത്ത തയ്യാറാക്കിയിരിക്കുന്നത്. കൂടുതൽ വ്യക്തത കിട്ടാനായി ഞാൻ നൽകിയ യഥാർത്ഥ അഭിമുഖം പ്രസിദ്ധീകരിച്ച ന്യൂസ് പോർട്ടലിനെ ഒന്നാം അഭിമുഖം എന്നും തെറ്റായി പകർത്തിച്ചു എഴുതിയ ന്യൂസ് പോർട്ടലിനെ രണ്ടാം ന്യൂസ് പോർട്ടലെന്നും എഴുതാം. മലയാള സിനിമയിലെ ചിലർ നേരിട്ട ചൂഷണങ്ങളെപ്പറ്റിയുള്ള വെളിപ്പെടുത്തലിനെ അനുബന്ധിച്ചു ചോദിച്ച ചോദ്യത്തിന് ഞാൻ നൽകിയ മറുപടി നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധിപ്പിച്ചാണ് രണ്ടാം ന്യൂസ് പോർട്ടലിൽ വന്നത്. 

ചൂഷണങ്ങളെ പറ്റിയുള്ള ചോദ്യത്തിന് ഞാൻ നൽകിയ മറുപടി, ‘എനിക്ക് ഇതുവരെ അത്തരം ഒരു അനുഭവം ഒരു ഇൻഡസ്ട്രിയിൽ നിന്നും ഉണ്ടായിട്ടില്ല നമ്മൾ നെഗറ്റീവ് രീതിയിൽ പോവില്ല എന്ന ഇമേജ് ഉണ്ടാക്കിയാൽ ഇത്തരം ചൂഷണ അനുഭവം ഉണ്ടാവില്ല എന്ന് ഞാൻ വിശ്വസിക്കുന്നു’ എന്നായിരുന്നു. എന്നാൽ എന്റെ ഈ ഉത്തരം നടി ആക്രമിക്കപ്പെട്ട സംഭവത്തെ ആസ്പദമാക്കി ആണ് രണ്ടാമത്തെ ന്യൂസ് പോർട്ടലിൽ വന്നത്. 

അത് അവതരിപ്പിച്ച രീതി വായിച്ചാൽ അക്രമം നേരിട്ടവരുടെ സ്വഭാവദൂഷ്യം കാരണമാണ് അത് സംഭവിച്ചത് എന്ന ധ്വനിയാണ് വായിക്കുന്നവർക്ക് ലഭിക്കുക. ധ്വനി മാത്രമല്ല, മിയ അങ്ങനെ പറഞ്ഞു എന്ന് വളരെ കോൺഫിഡന്റ് ആയി എഴുതിയിരിക്കുകയാണ് എഴുത്തുകാരൻ. തികച്ചും വസ്തുതാരഹിതമായ ഒന്നാണ് അത്. ചൂഷണത്തെപ്പറ്റി പറഞ്ഞ ഉത്തരം അക്രമത്തെകുറിച്ചു പറഞ്ഞ ഉത്തരമാക്കി ദുർവ്യാഖ്യാനം ചെയ്തിരിക്കുകയാണ്. ചൂഷണവും ആക്രമവും രണ്ടാണ് എന്ന പൂർണ്ണ ബോധ്യം എനിക്കുണ്ട്. അത് മാത്രമല്ല ഏതൊരു സാഹചര്യത്തിലും ന്യായത്തിന്റെ ഭാഗത്ത് നിൽക്കുന്ന എന്റെ പൂർണ്ണ പിന്തുണ അക്രമം നേരിട്ട വ്യക്തിക്കാണെന്നു ഒരിക്കൽ കൂടി പറയാൻ ഞാൻ ആഗ്രഹിക്കുന്നു.

എന്റെ അടുത്തു അഭിമുഖത്തിനായി സമീപിക്കുന്ന ആരോടും അവരുടെ വലിപ്പചെറുപ്പം നോക്കാതെ സത്യസന്ധമായി ആയി അഭിമുഖം നൽകാൻ ഞാൻ പരമാവധി ശ്രമിക്കാറുണ്ട്. എന്നാൽ എന്റെ ഈ ശ്രമത്തിനു ശേഷവും എന്റെ പ്രസ്താവനകൾ തെറ്റായി വ്യാഖ്യാനിച്ചു ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതിലുള്ള വിഷമത്തിലാണ് ഈ പോസ്റ്റ്. മാധ്യമങ്ങളെ ഞാൻ ബഹുമാനിക്കുന്നു, എന്നാൽ വസ്തുതകളെ വളച്ചൊടിക്കുന്ന ന്യൂനപക്ഷ മാധ്യമങ്ങളും ഇവിടെ ഉണ്ടെന്ന സത്യം എന്നോടൊപ്പം ജനങ്ങളും മനസിലാക്കുക. ഞാൻ നൽകിയ അഭിമുഖങ്ങൾ അതേപടി പ്രസിദ്ധീകരിച്ച മറ്റു മാധ്യമങ്ങൾക് ഞാൻ നന്ദി പറയുന്നു. ഞാൻ നൽകിയ യഥാർത്ഥ അഭിമുഖത്തിന്റെ പ്രസക്തത ഭാഗങ്ങൾ ചുവടെ ചേർക്കുന്നു.

ഒരുപാട് സ്നേഹത്തോടെ,മിയ