ജീൻ പോളിനെതിരെ കേസ് മുറുകുന്നു

യുവനടിയെ അപമാനിക്കാൻ ശ്രമിച്ചെന്ന് ആരോപിച്ചു സംവിധായകൻ ജീൻ പോൾ ലാൽ (ലാൽ ജൂനിയർ) അടക്കം നാലുപേർക്കെതിരെ നൽകിയ പരാതി കോടതിക്കു പുറത്ത് ഒത്തുതീർപ്പാക്കാൻ സാധിക്കില്ലെന്ന നിലപാടിൽ ഉറച്ച് പൊലീസ്. ജീന്‍പോളിന്റെ മൊഴി രേഖപ്പെടുത്തി. ബോഡി ഡബിള്‍ ഉപയോഗിച്ചെന്ന നടിയുടെ പരാതി സ്ഥിരീകരിക്കുന്നതാണ് മൊഴി. പണം കൊടുക്കാത്തതിന് തര്‍ക്കമുണ്ടായെന്നും അപമര്യാദയായി സംസാരിച്ചില്ലെന്നും ജീന്‍ പോൾ മൊഴി നൽകി. 

നടിക്ക് പരാതിയില്ലെങ്കിലും കുറ്റങ്ങൾ ഒത്തുതീർക്കാൻ സാധിക്കുന്നതല്ലെന്നും പൊലീസ് വ്യക്തമാക്കിയിരുന്നു. കേസ് ഒത്തുതീർപ്പാക്കുകയാണെന്ന് പരാതിക്കാരി കോടതിയെ അറിയിച്ചിരുന്നു. മുൻപ് കൊച്ചിയിൽ ആക്രമിക്കപ്പെട്ട നടിയുടെ പേര് സമൂഹമാധ്യത്തിലൂടെ വെളിപ്പെടുത്തിയ നടൻ അജു വർഗീസിനെതിരെ തനിക്ക് പരാതിയില്ലെന്ന് നടി പറഞ്ഞെങ്കിലും കേസുമായി മുന്നോട്ടു പോവുകയായിരുന്നു ഹൈക്കോടതി. ഇതേനിലപാടാണ്, ജീൻ പോളിനെതിരായ കേസിൽ പൊലീസ് സ്വീകരിച്ചത്.  

മൂന്നു പരാതികളായിരുന്നു ജീൻ പോളിനും നാലുപേർക്കുമെതിരായ കേസിൽ നടിക്ക് ഉണ്ടായിരുന്നത്. സിനിമയിൽ അഭിനയിച്ചതിന് പ്രതിഫലം നൽകിയില്ല. പ്രതിഫലം ചോദിച്ചപ്പോൾ അശ്ലീലം പറഞ്ഞു. മറ്റൊരു നടിയുടെ ശരീരഭാഗങ്ങൾ തന്റേതെന്ന നിലയിൽ ചിത്രീകരിച്ച് അനുമതിയില്ലാതെ പ്രദർശിപ്പിച്ചു എന്നിവയാണ് അവ.  

പെൺകുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ചിത്രത്തിന്റെ സെൻസർ കോപ്പി പരിശോധിച്ച അന്വേഷണം സംഘം പരാതി സത്യമാണെന്നും കണ്ടെത്തിയിരുന്നു. പ്രതിഫലത്തിന്റെ കാര്യം വേണമെങ്കിൽ ഒത്തുതീർപ്പാക്കാൻ സാധിക്കുമെങ്കിലും മറ്റുള്ള പരാതികൾ ഗൗരവമേറിയതാണ് എന്നാണ് പൊലീസ് നൽകുന്ന സൂചന. ഇത്തരം കേസുകൾ ഒത്തുതീർപ്പാക്കുന്നത് നല്ല കീഴ്‍വഴക്കമല്ലെന്നും പൊലീസ് നിലപാടെടുക്കുന്നു. 

നടൻ ശ്രീനാഥ്​ ഭാസി, അണിയറ പ്രവർത്തകൻ അനൂപ് വേണുഗോപാൽ, അസി.ഡയറക്​ടർ അനിരുദ്ധൻ എന്നിവരാണു കേസിലെ മറ്റ് എതിർകക്ഷികൾ. ഇവരുടെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുമ്പോഴാണു പ്രതിഭാഗം കേസ് ഒത്തുതീർപ്പാക്കുകയാണെന്നു കോടതിയെ അറിയിച്ചത്​. പരാതിക്കാരിയായ യുവതി ഇതേ തുടർന്നു ജീൻപോൾ അടക്കമുള്ളവർക്കെതിരെ പരാതിയില്ലെന്നു കോടതിയിൽ സത്യവാങ്​മൂലം സമർപ്പിച്ചിരുന്നു. മധ്യസ്​ഥ ചർച്ചകളിലൂടെയാണു പ്രശ്​നം പരിഹരിച്ചത്.