മുദ്രവച്ച കവറില്‍ കേസ് ഡയറി സമര്‍പ്പിച്ചു; ജാമ്യാപേക്ഷയില്‍ വിധി വെള്ളിയാഴ്ച

നടി അക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട കേസില്‍ ദിലീപ് നല്‍കിയ ജാമ്യാപേക്ഷ ഹൈക്കോടതി വിധി പറയൽ വെള്ളിയാഴ്ചയിലേക്ക് മാറ്റി. പ്രതിഭാഗത്തിന്റെയും പ്രോസിക്യൂഷന്റെയും വാദങ്ങള്‍ പൂര്‍ത്തിയായതിനെത്തുടര്‍ന്നാണിത്.

പ്രതിഭാഗം വാദം ഇന്നലെയും ഇന്നുമായി നാലര മണിക്കൂറോളം നീണ്ടുനിന്ന വാദമാണ് ദിലീപിനായി നടത്തിയത്. അഭിഭാഷകനായ രാമൻപിളളയാണ് ദിലീപിന് വേണ്ടി വാദിക്കുന്നത്. പ്രതിഭാഗത്തിന്റെ വാദം നീണ്ടുപോയെങ്കിലും പ്രോസിക്യൂഷന്‍ വാദം വേഗത്തില്‍ അവസാനിക്കുകയായിരുന്നു.

ദിലീപിനെതിരെ പുതിയ തെളിവുകളുണ്ടെന്ന് പ്രോസിക്യൂഷന്‍ ഹൈക്കോടതിയില്‍ പറഞ്ഞു. കേസിലെ പ്രധാന തെളിവായ മൊബൈല്‍ ഫോണും മെമ്മറി കാര്‍ഡും നശിപ്പിച്ചതായി പ്രതി പറഞ്ഞെങ്കിലും അന്വേഷണസംഘം അത് വിശ്വസിച്ചിട്ടില്ലെന്നും പ്രതി രക്ഷപെടാന്‍വേണ്ടിയാണ് ഇങ്ങനെ പറഞ്ഞതെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചു.

ദിലീപ് 'കിങ് ലയറാ'ണെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചു. ദിലീപിന്റെയും പൾസർ സുനിയുടെയും ഫോണുകൾ എങ്ങനെ സ്ഥിരമായി ഒരേടവർ ലൊക്കേഷനിൽ വരുന്നതെന്നും ജയിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പൊലീസുകാരോടാണ് ദിലീപ് കുറ്റവാളിയാണെന്ന കാര്യം സുനി വെളിപ്പെടുത്തിയതെന്നും പ്രോസിക്യൂഷൻ വാദിക്കുന്നു. തൃശ്ശൂര്‍ ടെന്നീസ് ക്ലബ്ബ് ജീവനക്കാരന്‍ ദിലീപിനെയും സുനിയെയും ഒരുമിച്ച് കണ്ടിട്ടുണ്ട്. നടിയും ദിലീപിന്റെ ഭാര്യയുമായ കാവ്യാ മാധവന്റെ ഡ്രൈവര്‍ ദിലീപിനെതിരെ മൊഴി കൊടുക്കുമെന്നും പ്രോസിക്യൂഷന്‍ അറിയിച്ചു. മുദ്രവച്ച കവറില്‍ പ്രോസിക്യൂഷന്‍ കേസ് ഡയറി കോടതിക്ക് കൈമാറുകയും ചെയ്തു.

പള്‍സര്‍ സുനി കാവ്യ മാധവന്റെ വാഹനം ഓടിച്ചിരുന്നുവെന്നും സുനിയെ കണ്ടതായി കാവ്യയും സമ്മതിച്ചിട്ടുണ്ടെന്നും പോസിക്യൂഷൻ പറയുന്നു. കീഴടങ്ങുന്നതിന് മുന്‍പ് കാവ്യയുടെ വസ്ത്രവ്യാപാര സ്ഥാപനത്തില്‍ സുനി എത്തിയിരുന്നു. ദിലീപ് 25000 രൂപ കാവ്യ വഴി സുനിക്ക് നല്‍കി. കാവ്യയുടെയും കുടുംബത്തിന്റെയും തൃശൂര്‍ യാത്രയില്‍ സുനിയാണ് കാര്‍ ഓടിച്ചത്. കേസില്‍ 15 പേരുടെ രഹസ്യമൊഴിയെടുത്തു. മൊബൈല്‍ ഫോണും സിംകാര്‍ഡും കണ്ടെത്തേണ്ടതുണ്ട്. ഇതെല്ലാം പരിഗണിച്ച് ദിലീപിന് ജാമ്യം നല്‍കരുതെന്നാണ് പ്രോസിക്യൂഷന്റെ വാദം.

രാവിലെ നടന്ന വാദത്തിൽ ഡിജിപി ലോക്നാഥ് ബെഹ്റയെ നടൻ ദിലീപ് വീണ്ടും പഴിചാരിയിരുന്നു. പൾസർ സുനി ഭീഷണിപ്പെടുത്തിയ അന്നുതന്നെ വിവരം ‍ഡിജിപിയെ അറിയിച്ചിരുന്നു. പരാതി നൽകാൻ 20 ദിവസം വൈകിയെന്ന പൊലീസ് നിലപാട് തെറ്റാണ്. പൊലീസ് കെട്ടുകഥകൾ ഉണ്ടാക്കുകയാണെന്നും ദിലീപിന്റെ അഭിഭാഷകൻ ബി.രാമൻപിള്ള വാദിച്ചു. നടിയെ ഉപദ്രവിച്ച കേസിൽ റിമാൻഡിലായ മുഖ്യപ്രതി സുനിൽകുമാർ (പൾസർ സുനി) പല കഥകളും പറയുന്നതുപോലെ ദിലീപിന്റെ പേരും പറയുകയാണെന്നു അഭിഭാഷകൻ ചൊവ്വാഴ്ച ഹൈക്കോടതിയിൽ ബോധിപ്പിച്ചിരുന്നു. ഗൂഢാലോചനയെന്ന പൊലീസിന്റെ ആരോപണം തെറ്റാണെന്നും ദിലീപ് വാദിച്ചു.