പൂമരം തിയറ്ററുകളിലേക്ക്

ജയറാമിന്റെ മകൻ കാളിദാസ് മലയാളത്തില്‍ നായകനായി എത്തുന്ന പൂമരം റിലീസും കാത്ത് പ്രേക്ഷകർ ഇരിക്കാൻ തുടങ്ങിയിട്ട് ഒരുവർഷമായി. ചിത്രീകരണത്തിനിടെ പുറത്തിറങ്ങിയ ഒരുപാട്ട് കൊണ്ടും ചിത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു. 1983, ആക്ഷന്‍ ഹീറോ ബിജു എന്നീ ചിത്രങ്ങൾക്ക് ശേഷം എബ്രിഡ് ഷൈൻ സംവിധാനം ചെയ്യുന്ന ചിത്രമെന്ന നിലയിലും പൂമരത്തെ കാത്ത് ആകാംക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്.  

2016 സെപ്തംബറിലാണ് സിനിമയുടെ ചിത്രീകരണം തുടങ്ങിയത്. വിവിധ ഷെഡ്യൂളുകളിലായി മഹാരാജാസിലും പരിസരങ്ങളിലുമായാണ് പൂമരം ചിത്രീകരിച്ചത്. വിദേശത്തും ചിത്രീകരണം ഉണ്ടായിരുന്നു. എന്നാൽ ചിത്രീകരണം തുടങ്ങി ഒരു വര്‍ഷം പിന്നിട്ടപ്പോഴേക്കും ട്രോളന്മാരും ചിത്രം ഏറ്റെടുത്തു. സിനിമയുടെ റിലീസ് വൈകുന്നതായിരുന്നു ട്രോളന്മാർ വിഷയമാക്കിയത്. 

ഇപ്പോഴിതാ സിനിമയുടെ ചിത്രീകരണം പൂർത്തിയായതായി റിപ്പോർട്ട്. ചിത്രം ഉടൻ തന്നെ തിയറ്ററുകളിലെത്തുമെന്നാണ് വിവരം.

ഇത്തവണ കാളിദാസിന്റെ ഓണാഘോഷം പൂമരം അണിയറപ്രവർത്തകർക്കൊപ്പമായിരുന്നു. തന്റെ ജീവിതത്തിലെ വളരെ പ്രത്യേകതളുള്ള ചിത്രമാണ് പൂമരമെന്നും കാളിദാസ് പറഞ്ഞു.