Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ദുൽഖർ, കാളിദാസ്.. അപ്പോൾ പ്രണവ് ?

dulquer-pranav

‘കമ്പിളിപ്പുതപ്പേ കമ്പിളിപ്പുതപ്പേ...’ ഡയലോഗ് ഇപ്പോൾ ഏറ്റവും ചേരുക തിയേറ്റർ ഉടമകളും പ്രേക്ഷകരും തമ്മിലായിരിക്കും. പ്രേക്ഷകൻ കുറച്ചു ദിവസങ്ങളായി വിളിച്ചു പറയുന്നു: ‘ഈ തിയേറ്ററൊന്നു തുറക്കൂ, തുറക്കൂ’ എന്ന്. പക്ഷേ ‘കേൾക്കുന്നില്ലാ, കേൾക്കുന്നില്ലാ...’ എന്ന ഗോപാലകൃഷ്ണൻ ഡയലോഗാണ് തിയേറ്ററുടമകൾ കൂട്ടത്തോടെ പറയുന്നത്. ഇത് അധികനാൾ തുടരില്ലെന്നതുറപ്പാണ്. കാരണം മോളിവുഡ്, കോളിവുഡ്, ബോളിവുഡ്, ഹോളിവുഡ് ഭേദമില്ലാതെ അണകെട്ടിയിട്ട പോലെയാണ് സിനിമകളിങ്ങനെ റിലീസിനു വേണ്ടി തയാറായി നിൽക്കുന്നത്. കാശില്ലാത്ത എടിഎമ്മിനു മുന്നിൽ നിൽക്കുന്ന പോലുള്ള പ്രേക്ഷകരുടെ ഈ കാത്തിരിപ്പിനും ഒരു പരിധിയുണ്ട്. അത്രയേറെ കൊതിപ്പിക്കുന്ന കിടിലം സിനിമകളാണ് 2017നു വേണ്ടി ഒരുങ്ങിയിരിക്കുന്നത്.

മോളിവുഡ്

ദുൽഖർ, കാളിദാസ്.. അപ്പോൾ പ്രണവ് ?

2012ൽ ദുൽഖർ സൽമാന്റെ അരങ്ങേറ്റ ‘സെക്കൻഡ് ഷോ’ മുതൽ കേൾക്കുന്നതാണ് ഈ ചോദ്യം. മോഹൻലാലിന്റെ മകൻ പ്രണവ് എന്നു വരും? ജീത്തു ജോസഫിന്റെ ചിത്രത്തിലൂടെ പ്രണവ് മോഹൻലാലിന്റെ അരങ്ങേറ്റമുണ്ടാകുമെങ്കിലും ചിത്രം ഈ വർഷം റിലീസാകുമെന്ന കാര്യത്തിൽ ഉറപ്പില്ല. അതേസമയം മറ്റൊരു താരപുത്രൻ മലയാളത്തിന്റെ നായകനിരയിലേക്കെത്തുകയാണ്. കാളിദാസ് ജയറാം ‘ ഇതിനോടകം തന്നെ താരമായിക്കഴിഞ്ഞു.

ഭാഗ്യമുണ്ടെങ്കിൽ പൃഥ്വിരാജിന്റെ സംവിധാനത്തിൽ ലാലേട്ടൻ നായകനാകുന്ന ‘ലൂസിഫറും’ കാണാം. 2016ന്റെ സ്വന്തമാകേണ്ടിയിരുന്ന എസ്ര, മുന്തിരിവള്ളികൾ തളിർക്കുമ്പോൾ, ജോമോന്റെ സുവിശേഷങ്ങൾ ഇതെല്ലാമിപ്പോൾ ക്യൂവിലാണ്.

അതുകഴിഞ്ഞാലുടൻ മമ്മൂട്ടിയുടെ പുത്തൻപണം, ദ് ഗ്രേറ്റ് ഫാദർ, മോഹൻലാലിന്റെ 1971-ബിയോണ്ട് ബോഡേഴ്സ്, പൃഥ്വിരാജിന്റെ മൈ സ്റ്റോറി, ദിലീപിന്റെ ജോർജേട്ടൻസ് പൂരം, നിവിന്റെ സഖാവ്...

ബോളിവുഡ്

സച്ചിൻ.....സച്ചിൻ

ദംഗലും ധോണിയും അസ്ഹറുമാണ് 2016ൽ ഗുസ്തിപിടിച്ചും ബാറ്റുവീശിയും കടന്നുപോയത്. ഇത്തവണ പക്ഷേ ഒരൊറ്റയാളുടെ സിനിമ മതി ബോളിവുഡിനെ കീഴടക്കാൻ. അത് ഷാറൂഖും ആമിറും സൽമാനുമൊന്നുമല്ല. 100 കോടി ജനങ്ങളെ ക്രിക്കറ്റ് എന്ന ഒറ്റ ഇഷ്ടത്തിനു ചുറ്റും അണിനിരത്തിയ മാസ്റ്റർ ബ്ലാസ്റ്റർ; കാത്തിരിപ്പിനൊടുവിൽ സച്ചിൻ തെൻഡുൽക്കറുടെ ജീവിതവും വെള്ളിത്തിരയിലെത്തുകയാണ്. ജയിംസ് എർസ്കിൻ സംവിധാനം ചെയ്യുന്ന ‘സച്ചിൻ: എ ബില്യൺ ഡ്രീംസ്’ എന്ന ചിത്രത്തിൽ അദ്ദേഹം തന്നെയാണ് അഭിനയിക്കുന്നതും! അണിയറപ്രവർത്തകർ പറയുന്നത് വിശ്വസിക്കാമെങ്കിൽ മലയാളികൾക്ക് വിഷു വിരുന്നായി ഏപ്രിൽ 14ന് സച്ചിൻ തിയേറ്ററുകളിലെത്തും.

ബോളിവുഡ് സൂപ്പർസ്റ്റാറുകളും 2017ൽ ചുമ്മാതിരിക്കുകയല്ല: ഷാറൂഖ് ഖാന്റെ ‘റായീസ്’ വരുന്ന 25നെത്തും. അന്നുതന്നെ ഹൃത്വിക് റോഷന്റെ ‘കാബിലും’. ഷാറൂഖിനും അനുഷ്കയ്ക്കുമൊപ്പം ഹിറ്റ് സംവിധായകൻ ഇംതിയാസ് അലി ചേരുന്ന ‘ദ് റിങ്’ ഓഗസ്റ്റിൽ പ്രതീക്ഷിക്കാം. സൽമാന്റെ ട്യൂബ് ലൈറ്റ്, ടൈഗർ ജിന്ദാ ഹേ, ആമിറിന്റെ സീക്രട്ട് സൂപ്പർസ്റ്റാർ, അക്ഷയ്കുമാറിന്റെ ജോളി എൽഎൽ.ബി 2, വിശാൽ ഭരദ്വാജിന്റെ ഷാഹിദ്-സെയ്ഫ് അലിഖാൻ-കങ്കണ ചിത്രം റംഗൂൺ, സഞ്ജയ് ലീല ബൻസാലിയുടെ രൺവീർസിങ്-ദീപിക ചിത്രം പദ്മാവതി, അനുരാഗ് ബസുവിന്റെ രൺവീർ കപൂർ ചിത്രം ജഗ ജാസൂസ്...500 കോടിയും കടന്ന് ഇനിയിപ്പോൾ എത്ര കോടി കലക്‌ഷനിലേക്കായിരിക്കും 2017 ബോളിവുഡിനെ നയിക്കുന്നത്?

കോളിവുഡ്

400 കോടിയുടെ ഇന്ത്യൻ അദ്ഭുതം!

കട്ടപ്പ എന്തിനാണ് ബാഹുബലിയെ കൊന്നതെന്നു മാത്രമല്ല മഹാറാണി ദേവസേനയെ എന്തിനാണ് ഭല്ലവ ദേവൻ ചങ്ങലയ്ക്കിട്ടതെന്നതിന് ഉൾപ്പെടെ ഉത്തരം കിട്ടും ഈ വർഷം. അതും മലയാളം, തെലുങ്ക്, തമിഴ്, ഹിന്ദി തുടങ്ങിയ ഭാഷകളിൽ. ഈ വർഷത്തെ സിനിമാസംഭവമാകുക എസ്.എസ്.രാജമൗലിയുടെ ‘ബാഹുബലി: ദ് കൺക്ലൂഷനാ’യിരിക്കും. ഏപ്രിൽ 28നാണ് ചിത്രത്തിന്റെ റിലീസ് നിശ്ചയിച്ചിരിക്കുന്നത്. പക്ഷേ ആ തീയതി നീട്ടേണ്ടി വരുമെന്ന വാർത്തകളും ഇപ്പോൾ കേൾക്കുന്നു.

തമിഴിൽ 2017ന് ഒരൊറ്റ ഞെട്ടലേ ഉണ്ടാകൂ, സ്റ്റൈൽ മന്നൻ രജനീകാന്തിന്റെ ശങ്കർ ചിത്രം ‘യെന്തിരൻ 2.0’ റിലീസ് തീയതി നിശ്ചയിച്ചിരിക്കുന്നത് ഒക്ടോബർ 19നാണ്. ഇന്ത്യയിൽ ഇന്നേവരെ ഇറങ്ങിയതിൽ ഏറ്റവും മുടക്കുമുതലുള്ള ചിത്രം- 400 കോടി രൂപ. ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലെത്തുന്ന ചിത്രത്തിലെ വില്ലൻ ബോളിവുഡ് താരം അക്ഷയ്കുമാർ. നായിക എമി ജാക്സൻ, സംഗീതം എ.ആർ.റഹ്മാൻ. മെഗാഹിറ്റിന്റെ അലയൊലികൾ ഇപ്പോഴേ കേട്ടുതുടങ്ങിക്കഴിഞ്ഞിരിക്കുന്നു.

വിജയ്‌യുടെ ‘ഭൈരവ’ വരുന്ന 12ന് തിയേറ്ററുകളിലെത്തും. പിന്നെയുള്ളത് ആറ്റ്ലിക്കൊപ്പമുള്ള ചിത്രമാണ്. ജ്യോതികയും സാമന്തയും കാജൽ അഗർവാളുമാണ് ചിത്രത്തിലെ നായികമാർ. സംഗീതം എ.ആർ.റഹ്മാനും. സൂര്യയുടെ ‘സിങ്കം 3’ അലറിക്കുതിച്ചെത്താനൊരുങ്ങുകയാണ്. സംവിധായകൻ ശിവയുമായി ചേർന്ന് ‘തല’ അജിത്തിന്റെ ചിത്രം, വിജയ് ചന്ദറുമൊത്ത് വിക്രമിന്റെ സിനിമ, വെട്രി മാരന്റെ ധനുഷ് ചിത്രം വടചെന്നൈ, സൗന്ദര്യ രജനീകാന്തിന്റെ സംവിധാനത്തിൽ ധനുഷിന്റെ വേലയില്ലാ പട്ടതാരി2 (വിഐപി) എന്നിവയും 2017ന്റെ സമ്മാനങ്ങളാണ്. കജോൾ അഭിനയിക്കാനെത്തുന്നുവെന്ന പ്രത്യേകതയുണ്ട് വിഐപി 2വിന്.

ഹോളിവുഡ്

കടൽ കടന്ന് ദീപികയും പ്രിയങ്കയും...

ബോളിവുഡ് നായികമാർ കടൽ കടന്നു ഹോളിവുഡിന്റെ ഹൃദയം കീഴടക്കുമോ? 2017 വേണം ഇതിനുത്തരം നൽകാൻ. വിൻ ഡീസലിന്റെ ‘ട്രിപ്പ്ൾ എക്സ്: റിട്ടേൺ ഓഫ് സാൻഡർ കേജി’ൽ നായികയായെത്തുന്നത് ദീപിക പദുക്കോണാണ്. മേയിൽ ഇറങ്ങുന്ന ‘ബേവാച്ചി’ലാകട്ടെ പ്രിയങ്ക ചോപ്രയുമുണ്ട്. ഹോളിവുഡിൽ സിനിമാതുടർച്ചകളുടെ വർഷം കൂടിയാണിത്- സ്പൈഡർമാൻ സീരീസിലെ പുതിയ ചിത്രം ‘സ്പൈഡർമാൻ: ഹോംകമിങ്ങിൽ’ നായകൻ പുതിയ കക്ഷി- ടോം ഹൊളാണ്ട്. കൂട്ടിന് ഇത്തവണ ‘അയൺമാൻ’ റോബർട് ഡൗണി ജൂനിയറുമുണ്ട്.

‘ആൺ അമാനുഷരെ’ കണ്ടു മടുത്തവർക്കായി ഈ വർഷം ‘വണ്ടർ വുമണെ’ത്തുന്നുണ്ട്. ഒന്നാം ലോകമഹായുദ്ധത്തിൽ ഇടപെടേണ്ടി വരുന്ന ആമസോണിലെ ഡയാന രാജകുമാരിയായി ചിത്രത്തിൽ ഗാൽ ഗദോത്ത് വേഷമിടുന്നു. കോമിക്കുകളിലെ ഏറ്റവും ധീരയായ വനിതയ്ക്കൊപ്പം മൊബൈലുകളിൽ നിന്നൊരു താരം ചിരിപ്പിക്കാനുമെത്തുന്നുണ്ട്. ഇതാദ്യമായി ഇമോജികൾ അഭിനേതാക്കളാകുന്ന ആനിമേഷൻ ചിത്രം ‘ദി ഇമോജി’ ഓഗസ്റ്റിൽ തിയേറ്ററിൽ കാണാം. ക്രിസ്റ്റർ നൊലാന്റെ രണ്ടാംലോകമഹായുദ്ധകഥ പറയുന്ന ചിത്രം ‘ഡൺകിർകും’ 2017ന്റെ വമ്പൻ പ്രതീക്ഷയാണ്.