നാദിര്‍ഷ ഭയക്കുന്നത് എ‌ന്തിന്?

നാദിര്‍ഷായുടെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞില്ല. മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് 13-ാം തീയതിയിലേക്ക് മാറ്റി. അടുത്ത നീക്കം അന്വേഷണ സംഘത്തിന്റേതാണ്. പൊലീസ് നാദിര്‍ഷായെ അറസ്റ്റ് ചെയ്യുമോ·? ദിലീപിനുശേഷം, നടിയെ ആക്രമിച്ച കേസില്‍ സംഭവിക്കാന്‍ പോകുന്ന വലിയ അറസ്റ്റ് അതാകുമോ·? ഈ മാസം തന്നെ വീണ്ടും ജാമ്യാപേക്ഷയുമായി ദിലീപ് ഹൈക്കോടതിയില്‍ വീണ്ടും എത്തുന്നതിന് മുന്‍പായി കേസ് ദൃഢപ്പെടുത്താന്‍ എന്താണ് പൊലീസിന്റെ നീക്കം? 

ഈ ചോദ്യങ്ങളെല്ലാം പലര്‍ക്കും നടന്‍ ദീലീപിനും സംവിധായകന്‍ നാദിര്‍ഷായ്ക്കും എന്ത് സംഭവിക്കുമെന്നതിലുള്ള ഉല്‍ക്കണ്ഠ കൊണ്ട്. എന്നാല്‍ മറുവശത്ത് ആക്രമിക്കപ്പെട്ട നടിക്ക് നീതികിട്ടണം എന്ന ആഗ്രഹം കൊണ്ടുകൂടിയാകണം ഈ ചോദ്യങ്ങള്‍. തെറ്റു െചയ്തില്ലെങ്കില്‍ നാദിര്‍ഷ ഒന്നിനെയും ഭയപ്പെടേണ്ടതില്ല. പൊലീസില്‍ നിന്ന് കിട്ടില്ലെന്ന് അദ്ദേഹം സംശയിക്കുന്ന നീതി കോടതിയില്‍ നിന്ന് കിട്ടുമെന്ന ആത്മവിശ്വാസം വേണം. തെറ്റ് ചെയ്തില്ലെങ്കില്‍ നാദിര്‍ഷാ പറയണം, എന്റെ കൂടി സഹപ്രവര്‍ത്തകയായ നടിക്ക് നീതികിട്ടാന്‍ ഞാന്‍ ഏത് അന്വേഷണവുമായി സഹകരിക്കും. ഏത് ചോദ്യത്തിനും മറുപടി പറയും. അത് പറയാനുള്ള തന്റേടം വേണം.

നടിയെ ആക്രമിച്ച കേസില്‍ ഉള്‍പ്പെട്ടതാരായാലും അവരെ കാത്തിരിക്കുന്നത് നീതി നടപ്പാക്കലിന്റെ കടുത്ത നടപടികളാണ്. നിയമത്തേയും നീതിയേയും നാദിര്‍ഷാ ഭയക്കുന്നുണ്ടെങ്കില്‍ അതിന്റെ കാരണം ആത്മവിശ്വാസം ഇല്ലായ്മ മാത്രം.