ഒരു കലാകാരനോടും ഇങ്ങനെ ചെയ്യരുത്; മുകേഷ്

നടന്‍ ശ്രീനിവാസന്റെ വീട്ടില്‍ കരിഓയില്‍ ഒഴിച്ചതിനെതിരെ നടനും എംഎല്‍എയുമായ മുകേഷ്. ഒരു കലാകാരനോടും ഇങ്ങനെ ചെയ്യരുതെന്നും കലാകാരന്‍ സമൂഹത്തിന് വേണ്ടി ജീവിക്കുന്നവനാണെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂരില്‍ നടന്ന സംസ്ഥാന ചലച്ചിത്ര പുരസ്‌കാര വിതരണ ചടങ്ങിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

മികച്ച റോളുകള്‍ ലഭിക്കുമെന്ന് പറഞ്ഞ് നിരവധി ക്രീമുകള്‍ വെളുക്കാനായി ഉപയോഗിച്ച ആളാണ് ശ്രീനിവാസന്‍. അദ്ദേഹത്തിന്റെ കലാജീവിതത്തെ കരി ഓയില്‍ ഒഴിച്ച് വികൃതമാക്കരുതെന്നും മുകേഷ് പറഞ്ഞു. ചലച്ചിത്ര പുരസ്‌കാര വേദിയില്‍ ആദരിക്കപ്പെടേണ്ടവരുടെ പട്ടികയില്‍ ശ്രീനിവാസന്റെ പേര് ഉണ്ടായിരുന്നെങ്കിലും ഇന്നലെ ചടങ്ങില്‍ നിന്നും അദ്ദേഹം വിട്ടുനിന്നിരുന്നു.

അതേസമയം തന്റെ വീടിനുനേരെ അജ്ഞാതര്‍ കരിഓയില്‍ പ്രയോഗം നടത്തിയതില്‍ പൊലീസിന് പരാതി നല്‍കാനില്ലെന്ന് ശ്രീനിവാസന് പ്രതികരിച്ചു‍. കരിഓയില്‍ ഒഴിച്ചത് ആരായാലും അവര്‍ പെയിന്റിംഗ് ജോലി അറിയാവുന്നവരാണെന്നും മുഴുവനായി ചെയ്തിരുന്നെങ്കില്‍ ഒരു വര്‍ഷത്തെ പെയിന്റിംഗ് ജോലി ലാഭമായേനെ എന്നും സ്വതസിദ്ധമായ ശൈലിയില്‍ ശ്രീനിവാസന്‍ പ്രതികരിച്ചു.

‘ഒഴിക്കുമ്പോള്‍ മുഴുവനായി ചെയ്തുകൂടേ എന്നാണ് അത് ചെയ്തവരോട് ചോദിക്കാനുള്ളത്. ഞാനിപ്പോള്‍ എറണാകുളത്താണ് ഉള്ളത്. വിവരം അറിയിച്ചവരോട് അത് തുടയ്‌ക്കേണ്ടെന്ന് പറഞ്ഞിട്ടുണ്ട്. കരിഓയില്‍ ഒഴിച്ചതില്‍ ആരെയെങ്കിലും സംശയമുണ്ടെങ്കില്‍ അവരോട് മുഴുവനായി അടിയ്ക്കാന്‍ പറയണമെന്ന് വീട് നോക്കുന്നവരോട് പറഞ്ഞിട്ടുണ്ട്.–ശ്രീനിവാസന്‍ പറഞ്ഞു.