ശ്രീനിവാസന്റെ വീട്ടിലെ കരി ഓയിലും മനോഹരമായ നടക്കാത്ത പ്രസംഗവും

തലശ്ശേരിയിൽ ഞായറാഴ്ച നടന്ന സംസ്ഥാന സിനിമാ അവാർഡ് വിതരണച്ചടങ്ങിനെത്തിയവരിൽ ഏറെപ്പേരും തിരക്കിയതു ശ്രീനിവാസനെയായിരുന്നു.  തലശ്ശേരി–കൂത്തുപറമ്പ് റോഡരികിൽ പാർട്ടി ഗ്രാമത്തിലെ തന്റെ അടച്ചിട്ട വീട്ടിൽ ആരോ കരി ഓയിലൊഴിച്ചതിനെക്കുറിച്ചു ശ്രീനി എന്തു പറയും? അതും മുഖ്യമന്ത്രിയും മഞ്ജു വാരിയരുമൊക്കെയുള്ള വേദിയിൽ.

മുഖ്യമന്ത്രിയുടെ പാർട്ടിക്കാരോടും മഞ്ജുവിന്റെ പുതിയ സംഘടനയോടും ചില അഭിപ്രായ വ്യത്യാസങ്ങൾ ശ്രീനിക്കുണ്ട്. അടുത്തിടെയായി അതു തുറന്നു പറയാറുമുണ്ട്. ദിലീപിനെക്കുറിച്ചു പറഞ്ഞതിനാണോ പാർട്ടിയെക്കുറിച്ചു പറഞ്ഞതിനാണോ കരിയൊഴിച്ചത് എന്നറിവായിട്ടില്ലെങ്കിലും രണ്ടിലൊരു സാധ്യതയാണു പൊതുവെ കൽപ്പിക്കപ്പെടുന്നത്. 

ഏതായാലും മുഖ്യമന്ത്രി പങ്കെടുത്ത ചടങ്ങിലേക്കു ശ്രീനിവാസൻ വന്നില്ല. സ്വന്തം നാട്ടിലായിട്ടു പോലും.  മഞ്ജുവും എത്തിയില്ല. (ചടങ്ങിൽ നിന്നു വിട്ടു നിന്ന സിനിമാക്കാർക്കു മുഖ്യമന്ത്രി പ്രസംഗത്തിൽ കണക്കിനു കൊടുത്തിരുന്നു. പക്ഷേ, മുഖ്യമന്ത്രിയുടെ പ്രസംഗം തന്നെ ഉദ്ദേശിച്ചായിരുന്നില്ലെന്നു ശ്രീനിക്കു സമാധാനിക്കാം. പുരസ്കാരം കിട്ടുന്നവർ മാത്രം പുരസ്കാര വിതരണച്ചടങ്ങിനു  വരുന്ന രീതിയെക്കുറിച്ചാണ്, അഥവാ, പുരസ്കാരം കിട്ടിയില്ലെങ്കിൽ വരാതിരിക്കുന്നവരെക്കുറിച്ചാണ്, മുഖ്യമന്ത്രി പറഞ്ഞത്. ശ്രീനിയാവട്ടെ ഞായറാഴ്ചയിലെ ചടങ്ങിൽ ആദരം ഏറ്റുവാങ്ങുന്നവരുടെ പട്ടികയിൽ പേരുള്ള ആളായിരുന്നു. എന്നിട്ടാണു വരാതിരുന്നത്).

ഞാൻ‌ വേണ്ടെന്നു വച്ച നൂറുകണക്കിനു കഥാപാത്രങ്ങളാണു മലയാള സിനിമയ്ക്ക് എന്റെ സംഭാവന എന്നു പണ്ടു ശ്രീനിവാസൻ തന്നെ പറഞ്ഞതു പോലെ, തലശ്ശേരിയിലെ അവാർ‍ഡ് വിതരണച്ചടങ്ങിൽ നടത്താതെ പോയ ആ പ്രസംഗമാണു മലയാള സിനിമയ്ക്കുള്ളിലെ രാഷ്ട്രീയത്തിനു ശ്രീനിയുടെ സംഭാവന എന്നും പറയാമെന്നു തോന്നുന്നു.