ജയിലിലായിട്ട് 69 ദിവസം; ദിലീപ് നൽകുന്ന അഞ്ചാമത്തെ ജാമ്യാപേക്ഷ

നടിയെ ആക്രമിക്കാൻ ക്വട്ടേഷൻ നൽകിയ കേസിൽ റിമാൻഡിൽ കഴിയുന്ന നടൻ ദിലീപ് ഹൈക്കോടതിയിൽ ജാമ്യാപേക്ഷ സമർപ്പിച്ചു. ഹർജി കോടതി ഇന്നുതന്നെ പരിഗണിക്കുമെന്നാണ് വിവരം. 

ഉച്ചയ്ക്ക് 1.45 നാകും ഹര്‍ജി ഹൈക്കോടതിയുടെ പരിഗണനയ്ക്ക് വരുക. ജസ്റ്റിസ് സുനില്‍ തോമസിന്റെ ബഞ്ചാകും ഹര്‍ജി പരിഗണിക്കുക. 35 പേജുകളുള്ള ജാമ്യഹര്‍ജിയാണ് സമര്‍പ്പിച്ചിരിക്കുന്നത്. സോപാധിക ജാമ്യം അനുവദിക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം.

ഹൈക്കോടതിയിൽ ഇതു മൂന്നാം തവണയാണ് ദിലീപ് ജാമ്യാപേക്ഷയുമായി എത്തുന്നത്. മുമ്പ് രണ്ടു തവണയും ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. 

മുതിര്‍ന്ന അഭിഭാഷകനായ ബി. രാമന്‍പിള്ള തന്നെയാണു ദിലിപീനായി ഹാജരാകുന്നത്. അന്വേഷണം അവസാന ഘട്ടത്തിലാണെന്നും അതിനാല്‍ ജാമ്യം അനുവദിക്കണമെന്നുമാണു പ്രധാന വാദം. 

കഴിഞ്ഞ ജൂലൈ പത്തിനാണ് നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെ പോലീസ് അറസ്റ്റ് ചെയ്യുന്നത്. നിയമപ്രകാരം 90 ദിവസം തടവില്‍ കഴിഞ്ഞാല്‍ അദ്ദേഹത്തിന് സ്വാഭാവിക ജാമ്യത്തിന് സാധ്യതയുണ്ട്. അങ്കമാലി കോടതി ജാമ്യം നിഷേധിച്ചതിന് തൊട്ടടുത്ത ദിവസം ദിലീപ് നൽകുന്ന അഞ്ചാമത്തെ ജാമ്യാപേക്ഷയാണിത്.

തിങ്കളാഴ്ച അങ്കമാലി മജിസ്ട്രേട്ട് കോടതി ദിലീപിന്‍റെ ജാമ്യാപേക്ഷ തള്ളിയിരുന്നു. സോപാധിക ജാമ്യം ലഭിക്കാനുള്ള സാഹചര്യമായിട്ടില്ലെന്നു വിലയിരുത്തിയാണ് ജാമ്യാപേക്ഷ മജിസ്ട്രേറ്റ് കോടതി തള്ളിയത്. പ്രതിക്കെതിരെ അതീവ ഗുരുതരമായ കുറ്റമാണ് ആരോപിച്ചിരിക്കുന്നത്. ഈ സാഹചര്യത്തിൽ ജാമ്യം അനുവദിക്കാനാവില്ലെന്നു മജിസ്ട്രേട്ട് കോടതി ചൂണ്ടിക്കാട്ടി. 

നടിയുടെ അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്താൻ ഗൂഢാലോചന നടത്തിയെന്ന കുറ്റം മാത്രമാണു തനിക്കെതിരെ ചുമത്തിയിട്ടുള്ളത്. 10 വർഷത്തിൽ താഴെ മാത്രം ശിക്ഷ കിട്ടാവുന്ന കേസിൽ 65 ദിവസമായി ജുഡീഷ്യൽ കസ്റ്റഡിൽ കഴിയുന്ന തനിക്കു ജാമ്യം അനുവദിക്കണമെന്നാണു ജാമ്യാപേക്ഷയിൽ ദിലീപ് ആവശ്യപ്പെട്ടത്. ഈ വാദം കോടതി അംഗീകരിച്ചില്ല.