ലാൽ ജോസിനെതിരെ ആഷിക്ക് അബു

പ്രശസ്ത സംവിധായകൻ ലാൽ ജോസിനെതിരെ നിർമാതാവും സംവിധായകനുമായ ആഷിക്ക് അബു. ദിലീപ് നായകനായ രാമലീല എന്ന ചിത്രത്തിന് ലഭിച്ച ജനപ്രീതി ജനകീയ കോടതിയുടെ വിജയമാണെന്ന രീതിയിലുള്ള ലാല്‍ജോസിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് ആണ് ആഷിക്കിനെ ചൊടിപ്പിച്ചത്.

രാമലീല റിലീസ് ചെയ്ത സമയത്ത് തിയറ്റർ തകർക്കണമെന്ന് ആഹ്വാനം ചെയ്യുന്ന അതേ അമിതാവേശവും പക്വത ഇല്ലായ്മയുമാണ് ലാൽ ജോസിന്റെ അഭിപ്രായ പ്രകടനത്തിലും കാണാനാകുന്നതെന്ന് ആഷിക്ക് അബു പറയുന്നു. 

‘ദിലീപേട്ടനുമായുള്ള ബന്ധംവച്ചാകാം അദ്ദേഹം അങ്ങനെയൊരു പോസ്റ്റ് ഫെയ്സ്ബുക്കിൽ ചെയ്തത്. എന്നാൽ ഇത് സിനിമയല്ല യാഥാർത്ഥ്യമാണ്. അതുകൊണ്ടാണ് അത് വലിയ ചർച്ചയുമായാത്. ഒന്നും ആലോചിക്കാതെ അമിതാവേശത്തിൽ എടുത്തൊരു തീരുമാനമായിപ്പോയി ഇത്. ഒരിക്കലും ചെയ്യാൻ പാടില്ലാത്തൊരു കാര്യമാണ് ലാലുചേട്ടൻ ചെയ്തത്. –ആഷിക്ക് അബു പറഞ്ഞു.

‘ദിലീപിന്റെ വിജയമാണ് ഈ സിനിമയ്ക്ക് നേട്ടമായതെന്ന് ചിന്തിക്കുന്ന ഒരുകൂട്ടം വിഭാഗമുണ്ട്. അവർ വസ്തുതകളെ കാണാൻ തയ്യാറാകുന്നില്ല. എന്താണ് ഇവിടെ നടന്നത് എന്നതിന്റെ ഗൗരവമാണ് ഈ ആഘോഷങ്ങൾ ഇല്ലാതാക്കുന്നത്. ഇത്തരം വികാരപ്രകടനങ്ങൾ കെടുത്തി കളയുന്നത് ആ കേസിന്റെ പ്രാധാന്യത്തെയാണ്. ഈ സംഭവത്തിൽ ഇരയായ നടിക്കെതിരെ എടുക്കുന്ന നിലപാട് കൂടിയാണ് ഇത്തരം അഭിപ്രായങ്ങൾ. 

കുരുന്നുകളോട് പോലും ഇത്തരം ചിന്തകൾ വച്ച് പുലർത്തുന്ന ആളുകളുടെ മനോഭാവം തന്നെയാണ് ഈ ആൾക്കൂട്ടങ്ങളും കാണിക്കുന്നത്. അതിൽ വളരെ വേദന തോന്നുന്നു. ഈ കേസിന്റെ ഗൗരവം മുഴുവൻ നഷ്ടപ്പെടുകയും സിനിമാതിരക്കഥ പോലെ മുന്നോട്ട് പോകുകയും ചെയ്യുന്നു.  ‘എന്നാൽ ഈ വികാരങ്ങളൊന്നും കോടതിയെ സ്വാധീനിക്കില്ലെന്ന് തീർച്ച. മലയാളസിനിമ നല്ല കാലഘട്ടത്തിലൂടെ കടന്നുപോകുകയാണ്. ദയവ് ചെയ്ത മലയാളസിനിമയെ ഈ ക്രിമിനൽ കേസിൽ നിന്നും മാറ്റിനിർത്തണം.–ആഷിക്ക് അബു പറഞ്ഞു.

അതേസമയം ആഷിക്കിന്റെ പ്രസ്താവനയ്ക്കെതിരെ വിമർശനവുമായി നിരവധി ആളുകൾ രംഗത്തെത്തി. ചിത്രം വിജയിച്ചുകാണുന്നതിന്റെ അസൂയമൂലമാണ് ആഷിക്ക് ഇങ്ങനെ പ്രതികരിക്കുന്നതെന്നായിരുന്നു പ്രധാനവിമർശനം. രാമലീല പരാജയമാകുമെന്ന പ്രതീക്ഷ അസ്തമിച്ചതോടെ ഇത്തരം പ്രതികരണങ്ങളിലൂടെ സിനിമയെ തകർക്കാനുള്ള ചിലരുടെ ശ്രമങ്ങളാണ് ഇതെന്നും ഇക്കൂട്ടർ പറയുന്നു.

രാമലീലയുടെ ആദ്യദിനത്തെ റിപ്പോർട്ടിന് ശേഷമാണ് ലാൽ ജോസ് ഫെയ്സ്ബുക്കിൽ സിനിമയെ പിന്തുണച്ച് പോസ്റ്റ് ചെയ്യുന്നത്. സകലകണക്കുകൂട്ടലുകളും തെറ്റിച്ച് രാമലീല വൻ വിജയത്തിൽ മുന്നേറുന്നുവെന്നായിരുന്നു പോസ്റ്റിൽ പറയുന്നത്.