എന്റെ ജീവിതത്തിലും അതു സംഭവിച്ചു; അരുണ്‍ ഗോപി

അരുൺഗോപി എന്ന നവാഗതസംവിധായകനെ സംബന്ധിച്ച് ഒരിക്കലും മറക്കാനാവാത്ത ദിവസമാണ്. അഞ്ചുവർഷത്തെ പരിശ്രമഫലമായ രാമലീല എന്ന സിനിമ തീയറ്ററുകളിലേക്ക് എത്തി. അതും പ്രതിസന്ധികളുടെയും ഭീഷണികളുടെയും നടുവിലാണ് സിനിമറിലീസ് ചെയ്തത്. നായകൻ ദിലീപ് ആകട്ടെ ജയിലിലും. സിനിമ. അനിശ്ചിതത്വങ്ങൾക്ക് നടുവിലും സിനിമ പ്രേക്ഷകർ സ്വീകരിച്ചു എന്ന നല്ലവാർത്തയാണ് വരുന്നത്. മലയാളത്തിൽ ഇതുവരെ ഒരു സംവിധായകനും കടന്നുപോകാത്ത അത്ര കലുഷിതമായ അന്തരീക്ഷത്തിലാണ് അരുൺഗോപി സംവിധാനം ചെയ്ത ദിലീപ് ചിത്രം രാമലീല ഇറങ്ങുന്നത്. സിനിമറിലീസ് ചെയ്ത ദിവസത്തെ മാനസികാവസ്ഥയെക്കുറിച്ച് അരുൺഗോപി സംസാരിക്കുന്നു.

‘സിനിമ നല്ലതാണെന്ന് എല്ലാവരും പറയുന്നത് കേൾക്കുമ്പോൾ സന്തോഷം തോന്നുന്നുണ്ട്. എല്ലാവരും വന്ന് കൈതരുന്നു നല്ലതാണെന്ന് പറയുന്നു.  സന്തോഷം മാത്രം. എന്റെ ഒരു മാനസികാവസ്ഥ പറഞ്ഞറിയിക്കാൻ സാധിക്കില്ല. വലിയൊരു ഭാരം ഹൃദയത്തിലുണ്ടായിരുന്നു, അത് കുറഞ്ഞു. സിനിമ ഇറങ്ങുമോയെന്ന് സംശയമില്ലായിരുന്നു. ടോമിച്ചൻമുളകുപാടം എന്ന നിർമാതാവിൽ അത്രയധികം വിശ്വസാമുണ്ടായിരുന്നു. എന്റെ ഒപ്പം നിന്ന എല്ലാവരോടും നന്ദിപറയാനാണ് ഈ അവസരം ഉപയോഗിക്കുന്നത്. 

പണ്ട് സിനിമ നല്ലതായതിന്റെ സന്തോഷത്തിൽ സംവിധായകരെ എടുത്തുപൊക്കുന്നതൊക്കെ കണ്ടിട്ടുണ്ട്. ഇന്ന് എന്റെ ജീവിതത്തിലും അങ്ങനെയൊരു കാര്യം നടന്നതിൽ അതിയായ സന്തോഷമുണ്ട്. ഇത്രനാളും അനുഭവിച്ച ഒരുവലിയപിരിമുറുകത്തിൽ നിന്നുമുള്ള മോചനമായിരുന്നു ഈ ദിവസം. ആത്യന്തികമായി സിനിമതന്നെയാണ് വലുത് എന്ന് തിരിച്ചറിഞ്ഞ നിമിഷമാണ്.- അരുൺ ഗോപി വ്യക്തമാക്കി.