സെബാസ്റ്റ്യൻ പോളിനെതിരെ വിനയന്റെ ഭാര്യ

നടൻ ദിലീപിനെ പിന്തുണച്ച് അഡ്വ സെബാസ്റ്റ്യൻ പോൾ രംഗത്തെത്തിയത് വലിയ ചർച്ചകൾക്ക് വഴിവച്ചിരുന്നു. ദിലീപ് അറസ്റ്റിലായ സമയത്തും പിന്നീട് ജയിലിൽ നിന്ന് പുറത്തിറങ്ങിയ സമയത്തും നടന് പരസ്യപിന്തുണയുമായി സെബാസ്റ്റ്യൻ പോൾ വീണ്ടുമെത്തി. ദിലീപിനെ സഹായിക്കുക എന്ന ഉദ്ദേശ്യം പ്രത്യക്ഷത്തില്‍ തനിക്കില്ലായിരുന്നെന്നും സംവിധായകന്‍ വിനയന്‍റെയും ദീദീ ദാമോദരന്‍റെയും പ്രസ്താവനകള്‍ ആണ് തന്നെ പ്രകോപിപ്പിച്ചതെന്നും മനോരമ ന്യൂസ് നേരേ ചൊവ്വേയിൽ നൽകിയ അഭിമുഖത്തിൽ അദ്ദേഹം വെളിപ്പെടുത്തിയിരുന്നു. ഈ പ്രസ്താവനയിൽ സെബാസ്റ്റ്യൻ പോളിന് മറുപടിയുമായി വിനയന്റെ ഭാര്യ നീനാ വിനയൻ രംഗത്ത്. 

നീനാ വിനയന്റെ കുറിപ്പ് വായിക്കാം–

ബഹുമാന്യനായ അഡ്വക്കേറ്റ് സെബാസ്റ്റ്യൻ പോളിന് ഒരു തുറന്ന കത്ത്...

സർ..

എന്റെ പേര് നീനാവിനയൻ, സംവിധായകൻ വിനയന്റെ ഭാര്യയാണ്. ഇന്നലെ മനോരമചാനലിലെ "നേരെ ചൊവ്വേ" യിൽ താങ്കളുടെ അഭിമുഖം കണ്ടപ്പോഴാണ് ഇങ്ങനെയൊന്ന് പ്രതികരിക്കണമെന്നു തോന്നിയത്. ഒാൺലൈൻ പത്രത്തിൽ താങ്കളുടെഏറെ വിവാദമായ ആ പ്രസ്ഥാവന എഴുതാനുള്ള ഒരുകാരണം വിനയന്റെ വാക്കുകളാണന്ന് താങ്കൾ പറഞ്ഞു കണ്ടു. "സ്വന്തം മകനാണെങ്കിൽ പോലും ജയിലിൽ കിടന്നാൽ പോയി കാണില്ല" എന്നു സംവിധായകൻ വിനയൻ പറഞ്ഞെന്നാണു താങ്കൾ ചൂണ്ടിക്കാട്ടിയത്. 

അങ്ങനെയല്ല വിനയൻ പറഞ്ഞതും, മാധ്യമങ്ങളിൽ വന്നതും എന്നങ്ങയെ ഒാർമ്മിപ്പിച്ചു കൊള്ളട്ടെ. ഇതു പോലൊരു മോശമായ കേസിൽപെട്ട് സ്വന്തം മകനാണ് ജയിലിൽ കിടക്കുന്നതെങ്കിലും പോയി കാണില്ല എന്നാണ് മാധ്യമങ്ങളുടെ ചോദ്യത്തിനുത്തരമായി വിനയൻ പറഞ്ഞത്.

സ്ത്രീത്വത്തെ ഏറ്റവും ക്രൂരമായും മ്ലേഛമായും അവഹേളിക്കുകയും ആക്രമിക്കുകയും ചെയ്യാൻ ഒരു ക്രിമിനലിനു ക്വട്ടേഷൻ കൊടുത്തു എന്ന കേട്ടു കേൾവി പോലുമില്ലാത്ത ആ കേസിന്റെ കാര്യം നിസ്സാരവൽക്കരിച്ചുകൊണ്ടും, നമ്മുടെ നാട്ടിൽ മറ്റു പെൺകുട്ടികൾ ഒന്നും കാണിക്കാത്ത ധൈര്യത്തോടെ താൻ ഇത്ര മോശമായ രീതിയാൽ അപമാനിക്കപ്പെട്ടു എന്ന് പരാതികൊടുക്കാൻ തയ്യാറായ പെൺക്കുട്ടിക്കനുകൂലമായി ഒരു വാക്കുപോലും പറയാതെയും തടവുകാരുടെ അവകാശത്തെപ്പറ്റി ഇന്നലെയും വാതോരാതെ സംസാരിച്ച ബഹുമാന്യനായ സെബാസ്റ്റ്യൻ പോളിനെപ്പറ്റി ഒരു മതിപ്പും ഇപ്പോൾ തോന്നുന്നില്ല എന്നു തുറന്നു പറഞ്ഞുകൊള്ളട്ടെ.. 

ഇൗ തടവു കാരോടൊക്കെ ഇത്തരം കേസുകളിൽ ചെന്നു പെടാതിരക്കാൻ ഒന്നു ശ്രദ്ധിക്കണം എന്നു പറയാൻ പോലും താങ്കൾ തയ്യാറായില്ല എന്നത് ഏറെ വിചിത്രമായി തോന്നുന്നു.