ഈ സിനിമയ്ക്ക് അങ്ങനെയൊരു ഗതി വരരുത്; വിനീത് ശ്രീനിവാസൻ‍

ആസിഫ് അലി, മുരളി ഗോപി എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി അരുൺകുമാർ അരവിന്ദ് സംവിധാനം ചെയ്ത കാറ്റ് സിനിമയ്ക്ക് മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽ നിന്നും ലഭിക്കുന്നത്. ചിത്രത്തെ പ്രശംസിച്ച് ജയറാം അടക്കമുള്ളവർ രംഗത്തെത്തിയിരുന്നു. മികച്ച അഭിപ്രായമുള്ള ഈ ചിത്രം അർഹിച്ച വിജയം നേടണമെന്ന് അഭിപ്രായപ്പെട്ട് വിനീത് ശ്രീനിവാസൻ‍.

മലയാള സിനിമയില്‍ ഈ കാലഘട്ടത്തിലെ തന്റെ പ്രിയ അഞ്ച് സംവിധായകരില്‍ ഒരാളാണ് അരുൺകുമാർ അരവിന്ദ് എന്നും അതുകൊണ്ടാണ് കാറ്റ് തനിക്ക് പ്രിയപ്പെട്ടതാവുന്നതെന്നും വിനീത് പറയുന്നു.

വിനീതിന്റെ കുറിപ്പ് വായിക്കാം–

കാറ്റ് സിനിമയെക്കുറിച്ച് മികച്ച അഭിപ്രായമാണ് കേട്ടുകൊണ്ടിരിക്കുന്നത്. ഈ അടുത്ത കാലത്ത് ലെഫ്റ്റ് റെറ്റ് ലെഫ്റ്റ് എന്നീ ചിത്രങ്ങള്‍ ഒരുക്കിയ അരുണ്‍കുമാര്‍ അരവിന്ദിന്റെ ചിത്രമായതിനാല്‍ ആദ്യദിവസം തന്നെ കാറ്റ് കാണാന്‍ ആഗ്രഹിച്ചിരുന്നു. എന്നാല്‍ കേരളത്തില്‍ അല്ലാത്തതിനാല്‍ സാധിച്ചില്ല. അടുത്തിടെയായി ഇറങ്ങുന്ന മികച്ച ചില സിനിമകൾ തിയറ്ററുകളില്‍ ശ്രദ്ധിക്കപ്പെടാതിരിക്കുകയും പീന്നീട് ഡിവിഡിയോ, ടോറന്റിലോ വന്നതിന് ശേഷം ഇറങ്ങിയ ശേഷം സിനിമയെ വാനോളം പുകഴ്ത്തുകയും ചെയ്യാറുണ്ട്. ഈ ചിത്രത്തിന് അങ്ങനെയൊരു ഗതി വരരുതെന്ന് ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നു. എല്ലാത്തരത്തിലുള്ള സിനിമകളും ആസ്വദിക്കുന്നവരാണ് മലയാളികൾ‍. ഈ ചിത്രത്തിനായി നിങ്ങള്‍ക്ക് സമയം ചെലവഴിക്കാന്‍ സാധിക്കുമെങ്കില്‍ ഉടന്‍ ചെയ്യുക. ഞാന്‍ ഈ സിനിമയുടെ ഭാഗമല്ല. പക്ഷേ, മലയാള സിനിമയില്‍ ഈ കാലഘട്ടത്തിലെ എന്റെ പ്രിയ അഞ്ച് സംവിധായകരില്‍ ഒരാളാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്.