ഞാൻ ചെയ്ത പൊലീസ് കഥാപാത്രങ്ങളിൽ ഏറ്റവും മികച്ചതാകും നരഗസൂരനിലേത്; ഇന്ദ്രജിത്ത്

ധ്രുവങ്ങൾ പതിനാറ് എന്ന ആദ്യ ചിത്രം കൊണ്ട് സിനിമാപ്രേക്ഷകരെ ഞെട്ടിച്ച 22 കാരനായ കാര്‍ത്തിക് നരേന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മലയാളി താരം ഇന്ദ്രജിത്ത് ആണ് നായകവേഷത്തിലെത്തുന്നത്. അരവിന്ദ് സാമിക്കൊപ്പം നായകാപ്രാധാന്യമുള്ള വേഷത്തിലാണ് ഇന്ദ്രജിത്ത് എത്തുക.

നരഗസൂരൻ എന്ന് പേരിട്ടിരിക്കുന്ന സിനിമയുടെ ചിത്രീകരണം അതിന്റെ അവസാനഘട്ടത്തിലാണ്. ഇതിൽ ഇന്ദ്രജിത്തിന്റെ ഭാഗം അദ്ദേഹം കഴിഞ്ഞ ദിവസം പൂർത്തിയാക്കി. കാര്‍ത്തിക് നരേനും അദ്ദേഹത്തിന്റെ ചെറുപ്പക്കാരായ ടീമിനൊപ്പവും പ്രവർത്തിക്കാൻ സാധിച്ചത് ഒരുപാട് സന്തോഷം നൽകിയെന്ന് ഇന്ദ്രജിത്ത് പറഞ്ഞു.

ഇങ്ങനെയൊരു ടീമിനൊപ്പമായതിനാൽ ഭാഷ ഒരു തടസ്സമായില്ലെന്നും ഇന്ദ്രജിത്ത് പറഞ്ഞു. ‘വർഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം ഞാൻ അഭിനയിക്കുന്ന രണ്ടാമത്തെ തമിഴ് ചിത്രമാണ് നരഗസൂരൻ. മികച്ച തിരക്കഥയിൽ ഒരുങ്ങുന്ന ഈ സിനിമയിൽ ലക്ഷ്മണ്‍ എന്ന പൊലീസ് കഥാപാത്രത്തെയാണ് ഞാൻ അവതരിപ്പിക്കുന്നത്. ഇന്നുവരെ ഞാൻ ചെയ്തിട്ടുള്ള പൊലീസ് കഥാപാത്രങ്ങളിൽ ഏറ്റവും മികച്ചത്.’–ഇന്ദ്രജിത്ത് പറഞ്ഞു.

‘പുതിയ ഭാഷയിലാണ് ഈ സിനിമ എഴുതിയിരിക്കുന്നതും അത് അവതരിപ്പിച്ചിരിക്കുന്നതും. അരവിന്ദ് സാമി, സുന്ദീപ് കിഷൻ, ശ്രീയ സരൺ, ആത്മിക എന്നീ സഹതാരങ്ങൾക്കൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞതിലും അതിയായ സന്തോഷം. ഒരു ടീം എന്ന നിലയിൽ ഞങ്ങളുടെ കഴിവിന്റെ പരമാധവി ചെയ്തിട്ടുണ്ട്. നഗരസൂരൻ നിങ്ങൾ ഇഷ്ടപ്പെടും.’– ഇന്ദ്രജിത്ത് പറഞ്ഞു.

2009ൽ പുറത്തിറങ്ങിയ സർവം എന്ന ചിത്രത്തിന് ശേഷം ഇന്ദ്രജിത്ത് അഭിനിക്കുന്ന തമിഴ് സിനിമ കൂടിയാണിത്. മലയാളത്തിൽ യുവതാരനിരയിൽ ശ്രദ്ധേയനായ ഇന്ദ്രജിത്തിന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച സ്റ്റൈലിഷ് വേഷമായിരിക്കും ഈ ചിത്രത്തിലേത്.

‘2016ലെ ഏറ്റവും മികച്ച തമിഴ് ക്രൈം ത്രില്ലർ’ എന്നാണു കാർത്തികിന്റെ ആദ്യ ചിത്രമായ ധ്രുവങ്ങൾ പതിനാറെക്കുറിച്ച് സമൂഹമാധ്യമങ്ങളിൽ വന്ന പ്രശംസ. സാൾട് ആൻഡ് പെപ്പർ ലുക്കിലെത്തിയ റഹ്മാന്റെ അഭിനയപ്രകടനവും ചിത്രത്തെ വേറിട്ട് നിർത്തി. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ പുറത്തിറങ്ങിയ ലോ ബഡ്ജറ്റ് ചിത്രങ്ങളിൽ ഏറ്റവമുധികം ലാഭമുണ്ടാക്കിയ സിനിമകൂടിയാണ് ധ്രുവങ്ങൾ പതിനാറ്.