താരങ്ങള്‍ ചാനല്‍ ബഹിഷ്‌കരിക്കണമെന്ന് ഫിലിം ചേംബര്‍; എതിർപ്പുമായി ‘അമ്മ’

ഫയൽ ചിത്രം

ചാനലുകളുടെ അവാര്‍ഡ് നിശയില്‍ താരങ്ങൾ പങ്കെടുക്കരുതെന്ന് ആവശ്യപ്പെട്ട് ഫിലിം ചേംബർ വിളിച്ചു ചേർത്ത യോഗം തീരുമാനമാകാതെ പിരിഞ്ഞു. വിതരണക്കാര്‍ക്കും, നിര്‍മാതാക്കള്‍ക്കും വേണ്ടത്ര പ്രധാന്യം ലഭിക്കാത്തതിനാല്‍ ഇനി മുതല്‍ ടെലിവിഷന്‍ അവാര്‍ഡ് നിശകളില്‍ താരങ്ങള്‍ പങ്കെടുക്കരുതെന്ന് ഫിലിംചേംബര്‍ ആവശ്യപ്പെട്ടിരുന്നു‍. 

ഇത് സംബന്ധിച്ച് തിങ്കളാഴ്ച കൊച്ചിയില്‍ താരസംഘടനയായ അമ്മയുടെ ഭാരവാഹികളുമായി  ചേംബര്‍ ഭാരവാഹികള്‍ നടത്തിയ ചര്‍ച്ചയാണ് അലസി പിരിഞ്ഞത്.  നിര്‍ദേശം അംഗീകരിക്കാനാകില്ലെന്ന് താരങ്ങളുടെ സംഘടനയായ 'അമ്മ'യുടെ പ്രതിനിധികള്‍ നിലപാടെടുത്തതോടെ വിശദമായ ചര്‍ച്ചയ്ക്ക് ശേഷം തീരുമാനമെടുക്കാമെന്ന ധാരണയില്‍ യോഗം പിരിഞ്ഞു.

അടുത്ത മൂന്ന് വര്‍ഷത്തേക്ക് ചാനലുകള്‍ നടത്തുന്ന താരനിശകളില്‍ അമ്മ അംഗങ്ങള്‍ പങ്കെടുക്കരുതെന്നായിരുന്നു ഫിലിം ചേംബര്‍ ആവശ്യപ്പെട്ടത് എന്നാല്‍, ഈ ആവശ്യം അമ്മ പ്രതിനിധികളായെത്തിയ ഇന്നസെന്റ്, ഗണേശ്കുമാര്‍, ഇടവേള ബാബു തുടങ്ങിയവര്‍ എതിര്‍ക്കുകയായിരുന്നു. ഇന്നസെന്റും ഗണേശ്കുമാറും നിലപാടറിയിച്ച ശേഷം ചര്‍ച്ച പൂര്‍ത്തിയാകുന്നതിന് മുമ്പുതന്നെ മടങ്ങിയെന്നും റിപ്പോർട്ട് ഉണ്ട്.