ദിലീപ് കേസിൽ പ്രധാനമന്ത്രിക്ക് നൽകിയ പരാതിയിൽ വഴിത്തിരിവ്

തിരുവനന്തപുരം∙ ദിലീപിനെതിരെ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടി സലിം ഇന്ത്യ പ്രധാനമന്ത്രിക്ക് നൽകിയ പരാതിയിൽ പുതിയ വഴിത്തിരിവ്‍. സലിം ഇന്ത്യ പുറത്തിറക്കിയ പത്രക്കുറിപ്പിലാണ് ഇത് സംബന്ധിച്ച വിവരങ്ങൾ വെളിപ്പെടുത്തിയത്. പത്രക്കുറിപ്പിലെ പ്രസക്തഭാഗങ്ങൾ താഴെ.

ദിലീപിനെതിരെ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും നടനെ ജയിലിലാക്കി അന്വേഷണസംഘം കൃത്രിമ തെളിവുണ്ടാക്കിയെന്നും ചൂണ്ടിക്കാട്ടി ഫെഫ്ക അംഗവും ചലച്ചിത്ര പ്രവര്‍ത്തകനുമായ സലിം ഇന്ത്യ പ്രധാനമന്ത്രിക്ക് ഫാക്സ് സന്ദേശം അയച്ചിരുന്നു. സലിം ഇന്ത്യയുടെ പരാതിയിൽ ആവശ്യമായ നടപടികൾക്കായി ആഭ്യന്തരവകുപ്പ് സെക്രട്ടറി സുബ്രതോ ബിശ്വാസ് , സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റയ്ക്ക് കൈമാറി. 

ദിലീപ് വിഷയത്തിൽ അന്വേഷണം നടത്തണമെന്ന് അഭ്യർഥിച്ച് സെപ്റ്റംബർ 15 ന് സലിം ഇന്ത്യ പ്രധാനമന്ത്രിക്കു നൽകിയ പരാതിയിൽ ഉചിതമായ നടപടി സ്വീകരിക്കാൻ ആവശ്യപ്പെട്ടുകൊണ്ട് ഒക്ടോബർ 6ാം തീയതിയാണ് പ്രധാനമന്ത്രിയുടെ ഓഫീസിലെ സെക്ഷൻ ഓഫീസർ കുമാർ ഷൈലേന്ദ്ര ഒപ്പിട്ട കത്തും കേരള സംസ്ഥാന ചീഫ് സെക്രട്ടറിക്ക് അയച്ചത്. ഇതിന്റെ പകർപ്പ് പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്ന് പരാതിക്കാരനു ലഭിച്ചിരുന്നു.

ചീഫ് സെക്രട്ടറിക്ക് ലഭിച്ച അപേക്ഷയുടേയും ഉള്ളടക്കങ്ങളുടെയും അസ്സൽ അടിയന്തിര നടപടി സ്വീകരിക്കുന്നതിനായി പൊതുഭരണ (ചീഫ് സെക്രട്ടറിയുടെ പരാതി സെൽ) വകുപ്പിൽ നിന്ന് ഒക്ടോബർ 10ന് കേരള സംസ്ഥാന ആഭ്യന്തര സെക്രട്ടറിക്കു കൈമാറിയിരുന്നു.

പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്നും ചീഫ് സെക്രട്ടറി മുഖാന്തിരം ആഭ്യന്തര സെക്രട്ടറിക്കു ലഭിച്ച പരാതി ആഭ്യന്തരം നമ്പർ മേലെഴുത്ത് പ്രകാരം ആവശ്യമായ നടപടികൾക്കായി സംസ്ഥാന പൊലീസ് മേധാവിക്കു കൈമാറിയിട്ടുണ്ടെന്ന വിവരം ആഭ്യന്തര വകുപ്പ് സെക്രട്ടറി (അഡീഷണൽ ചീഫ് സെക്രട്ടറി)ക്കു വേണ്ടി ആഭ്യന്തര വകുപ്പ് പരാതിക്കാരനെ അറിയിച്ചു

താൻ പ്രധാനമന്ത്രിക്കു നൽകിയ പരാതിയിൽ ആഭ്യന്തര വകുപ്പ് എന്തു നടപടിയെടുത്തു എന്നാരാഞ്ഞുകൊണ്ട് ഒക്ടോബർ 23ന് ആഭ്യന്തര സെക്രട്ടറിക്ക് നൽകിയ കത്തിന് ആഭ്യന്തര വരുപ്പ് അണ്ടർ സെക്രട്ടറി സലിം ഇന്ത്യയ്ക്കു നൽകിയ മറുപടിയിലാണ് പരാതി ആവശ്യമായ നടപടികൾക്കായി ഡിജിപിക്ക് കൈമാറിയ വിവരം അറിയിച്ചിട്ടുള്ളത്.

കസ്റ്റഡിയിൽ വാങ്ങിയശേഷം പൾസർ സുനിയെ ചോദ്യം ചെയ്യാനായി ആലുവ പൊലീസ് ക്ലബ്ബിൽ കൊണ്ടുവന്നപ്പോൾ അവിടെ കാവലുണ്ടായിരുന്ന ഒരു പൊലീസുകാരനോട് സുനി ഫോൺ വാങ്ങി ‘ദിലീപേട്ടാ കുടുങ്ങി’ എന്ന ശബ്ദ സന്ദേശം അയയ്ക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. കുറ്റകൃത്യത്തിൽ ദിലീപിന് പങ്കുണ്ടെന്നു തെളിയിക്കാൻ ആലുവയിലെ പൊലീസുകാരനും അന്വേഷണസംഘം സാക്ഷിയാക്കിയിട്ടുണ്ട്. പൾസർ സുനിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ദിലീപിനെ അറസ്റ്റുചെയ്തത്. പിന്നീട് ഒരു പൊലീസുകാരനെ ദിലീപിനെതിരെ സാക്ഷിയാക്കി പൊലീസ് അന്വേഷണത്തിൽ ഒരു സാധാരണ പൗരന് സംശയം തോന്നത്തക്കതായി പലതുമുണ്ട്. പ്രഥമ വിവരറിപ്പോർ‌ട്ടിൽ, ആക്രമിക്കപ്പെട്ട നടിയുടെ മൊഴിയിൽ ദിലീപിനെതിരെ ഒരു സൂചനപോലും ഇല്ലാതിരിക്കെയാണ് കുപ്രസിദ്ധനായ ഒന്നാം പ്രതിയുടെ വെളിപ്പെടുത്തലിനെ അടിസ്ഥാനമാക്കി ദിലീപ് ജയിലിൽ കഴിയുന്നത്.

ആലുവയിലെ കോൺസ്റ്റബിളിന്റെ വെളിപ്പെടുത്തൽ സംഭവത്തിന്റെ നിജസ്ഥിതിയെക്കാൾ ദുരൂഹത വർധിപ്പിക്കുന്നതാണ്. മാന്യമായി ജീവിക്കാനുള്ള ദിലീപ് (ഗോപാലകൃഷ്ണൻ) എന്ന പൗരന്റെ എല്ലാ അവകാശങ്ങളും നിഷേധിക്കപ്പട്ടിരിക്കുന്നു. മേൽ സാഹചര്യങ്ങളെല്ലാം വ്യക്തമായും സൂക്ഷ്മമായും വിശകലനത്തിന് വിധേയമാക്കുമ്പോൾ എന്തെങ്കിലും ഗൂഢാലോചന നടന്നിട്ടുണ്ടെങ്കിൽ അത് ദിലീപിനെതിരെയാണോ എന്ന് ന്യായമായും സംശയിക്കത്തക്ക സാഹചര്യമാണ് നിലനിൽക്കുന്നത്. ഈ സാഹചര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ദിലീപിന്റെ കാര്യത്തിൽ അടിയന്തിരമായി ഇടപെടണമെന്ന് അപേക്ഷിക്കുന്നു. കൂടുതൽ സുതാര്യമായ അന്വേഷണവും അന്വേഷണ സംവിധാനത്തിന്മേൽ ഒരു ഫെഡറൽ ഭരണകൂടത്തിനുള്ള സ്വതന്ത്രമായ നിരീക്ഷണാധികാരങ്ങളും ഇടപെടൽ സംവിധാനങ്ങളും ഉപയോഗപ്പെടുത്തി എല്ലാം നീതിപൂർവ്വം തന്നെയാണ് നടക്കുന്നത് എന്ന് ഉറപ്പുവരുത്തുന്നതിന് ആവശ്യമായ നടപടികൾ കൈക്കൊള്ളണമെന്ന് വണക്കമായി അപേക്ഷിക്കുന്നു. ഇതായിരുന്നു സലിം ഇന്ത്യ പ്രധാനമന്ത്രിക്ക് അയച്ച സന്ദേശത്തിലെ പ്രസക്തഭാഗങ്ങൾ.

ഇതേ ആവശ്യങ്ങൾ ഉന്നയിച്ച് സലിം ഇന്ത്യ സംസ്ഥാന മനുഷ്യാവകാശ കമ്മീഷനു നൽകിയ പരാതി കമ്മീഷന്റെ പരിഗണനയിലാണ്.

ദിലീപിനെതിരെയുള്ള അന്വേഷണം വൈകിപ്പിക്കുന്നത് അദ്ദേഹത്തെ തടങ്കലിൽ പാർപ്പിക്കുന്തിനുവേണ്ടിയാണെന്ന പരാതിയിൽ കമ്മീഷൻ നേരത്തേ ആലുവ റൂറൽ എസ്പിയിൽ നിന്നും വിശദീകരണം ആവശ്യപ്പെട്ടിരുന്നു. അന്വേഷണ പുരോഗതി അറിയിക്കാനും കമ്മീഷൻ നിർദേശിച്ചിരുന്നു. എന്നാൽ റിപ്പോർട്ട് ലഭിച്ചില്ല. റിപ്പോർട്ട് സമർപ്പിക്കാൻ ആലുവ റൂറൽ എസ് പി ക്ക് കമ്മീഷൻ വീണ്ടും നിർദ്ദേശം നൽകിയിട്ടുണ്ട്. കേസ് നവംബർ 17 ന് പരിഗണിക്കും.

ദിലീപ് സംസ്ഥാന പൊലീസ് മേധാവിക്ക് എതിരേ ആഭ്യന്തര സെക്രട്ടറിക്ക് പരാതി നൽകിയ മാറിയ സാഹചര്യത്തിൽ താൻ പ്രധാനമന്ത്രിക്ക് നൽകിയ പരാതിയിൽ സംസ്ഥാന പൊലീസ് മേധാവി എന്തു നടപടിയെടുക്കുമെന്ന കാര്യത്തിൽ തനിക്ക് ഒരു നിശ്ചയവുമില്ലെങ്കിലും ദിലീപിനെതിരെ നടന്ന ഗൂഢാലോചന പുറത്തു വരുമെന്ന ശുഭപ്രതീക്ഷയാണ് തനിക്കുള്ളതെന്ന് സലിം പറഞ്ഞു. നീതി ലഭിച്ചില്ലെങ്കിൽ പ്രധാനമന്ത്രിയെ നേരിട്ടുകണ്ട് കാര്യങ്ങൾ അവതരിപ്പിക്കും. അതിനുശേഷം എല്ലാ വിവരങ്ങളും കാണിച്ച് ഹൈക്കോടതിയെ സമീപിക്കും. പ്രധാനമന്ത്രിയെ കാണാൻ അപ്പോയിൻമെന്റിനായി സലിം ഇന്ത്യ പ്രധാനമന്ത്രിയുടെ ഓഫീസിൽ നൽകിയ അപേക്ഷ ഇപ്പോൾ കേരള ഹോം സെക്രട്ടറിയുടെ പരിഗണനയിലാണ്.