കാത്തിരിപ്പ് വേണ്ട, പൂമരം അടുത്തവർഷം

ജയറാമിന്റെ മകൻ കാളിദാസ് മലയാളത്തില്‍ നായകനായി എത്തുന്ന പൂമരം റിലീസും കാത്ത് പ്രേക്ഷകർ ഇരിക്കാൻ തുടങ്ങിയിട്ട് ഒരുവർഷമായി. ചിത്രീകരണത്തിനിടെ പുറത്തിറങ്ങിയ ഒരുപാട്ട് കൊണ്ടും ചിത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു. 1983, ആക്ഷന്‍ ഹീറോ ബിജു എന്നീ ചിത്രങ്ങൾക്ക് ശേഷം എബ്രിഡ് ഷൈൻ സംവിധാനം ചെയ്യുന്ന ചിത്രമെന്ന നിലയിലും പൂമരത്തെ കാത്ത് ആകാംക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്.  

ഡിസംബറിൽ ക്രിസ്മസ് റിലീസ് ആയി പൂമരം തിയറ്റുകളിലെത്തുമെന്ന് ജയറാം ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. എന്നാൽ സിനിമ അടുത്തവർഷം മാത്രമേ തിയറ്ററുകളിലെത്തു. ചിത്രീകരണം പൂർത്തിയായ സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾ പൂർത്തിയായി വരുകയാണ്. ക്രിസ്മസ് റിലീസ് ആയി ചിത്രം റിലീസിനെത്തില്ല എന്നുതന്നെയാണ് അടുത്തവൃത്തങ്ങൾ വ്യക്തമാക്കിയത്.

2016 സെപ്തംബറിലാണ് സിനിമയുടെ ചിത്രീകരണം തുടങ്ങിയത്. വിവിധ ഷെഡ്യൂളുകളിലായി മഹാരാജാസിലും പരിസരങ്ങളിലുമായാണ് പൂമരം ചിത്രീകരിച്ചത്. വിദേശത്തും ചിത്രീകരണം ഉണ്ടായിരുന്നു. എന്നാൽ ചിത്രീകരണം തുടങ്ങി ഒരു വര്‍ഷം പിന്നിട്ടപ്പോഴേക്കും ട്രോളന്മാരും ചിത്രം ഏറ്റെടുത്തു. സിനിമയുടെ റിലീസ് വൈകുന്നതായിരുന്നു ട്രോളന്മാർ വിഷയമാക്കിയത്.