അച്ഛനെ സിനിമ തുണച്ചില്ല, മകനെ സിനിമ വാരിപ്പുണർന്നു

ഒരു നായകനു വേണ്ട രൂപഭാവങ്ങളും അഭിനയശേഷിയും അബിക്കുണ്ടായിരുന്നു. ഒപ്പം മിമിക്രി കളിച്ച് നടന്ന പലരും നായകരും സൂപ്പർ സ്റ്റാറുകളുമൊക്കെ ആയിട്ടും അബിയെ മാത്രം സിനിമ തുണച്ചില്ല. ഒാർത്തു വയ്ക്കാൻ ഒരുപാട് കഥാപാത്രങ്ങളൊന്നും തരാനായില്ലെങ്കിലും മലയാള സിനിമയ്ക്ക് ഷെയ്ൻ നിഗം എന്ന  അഭിനയമികവുള്ള തന്റെ മകനെ സമ്മാനിച്ചാണ് അബി മടങ്ങുന്നത്. 

മിമിക്രിയിലൂടെ പ്രശസ്തിയാർജിക്കും മുമ്പാണ് നയം വ്യക്തമാക്കുന്നു എന്ന ബാലചന്ദ്രമേനോൻ – മമ്മൂട്ടി ചിത്രത്തിലൂടെ അബി സിനിമയിലെത്തുന്നത്. അന്നു മിമിക്രി കളിച്ചിരുന്നവർക്ക് സിനിമ എന്നത് കയ്യെത്താ ദൂരത്തായിരുന്നുവെന്ന് ഒാർക്കണം. തുടക്കത്തിലെ രാശി പിന്നീട് അബിയുടെ കരിയറിൽ ഉണ്ടായിട്ടില്ല എന്നതാണ് സത്യം. കാസർകോട് കാദർഭായ്, സൈന്യം, മിമിക്സ് ആക്ഷൻ 500, ജെയിംസ് ബോണ്ട് തുടങ്ങി ഒരു പിടി ചിത്രങ്ങളിൽ അഭിനയിച്ചെങ്കിലും സിനിമ അബിയെ തുണച്ചില്ല. അന്നും മിമിക്രി തന്നെയായിരുന്നു അബിയുടെ കരിയറിനെ മുന്നോട്ട് നയിച്ചത്.

മലയാളിക്ക് അബിയുടെ മുഖവും സംസാരശൈലിയും ചിരപരിചിതമായിരുന്നു. മിമിക്രി കാസറ്റുകളിലൂടെ കേട്ട് കേട്ട് അദ്ദേഹത്തിന്റെ ശബ്ദം മലയാളികൾക്ക് മറക്കാനാവാത്തതായി. ജയറാമും ദിലീപും നാദിർഷയും കോട്ടയം നസീറും തുടങ്ങി പല താരങ്ങളെയും മിമിക്രി സിനിമയിലേക്ക് കൈപിടിച്ചുയർത്തിയപ്പോഴും അബി സ്റ്റേജ് ഷോകളിൽ തന്നെ തുടർന്നു. ഒരു വർഷം ഒരു സിനിമ പോലും ഇല്ലാത്ത അവസ്ഥ. കാസറ്റുകളൊക്കെ പടി കടന്നതോടെ അബിയെയും മലയാളി മറന്നു. ചില സ്റ്റേജ് ഷോകളിലും ഇടയ്ക്കിടെ ടിവിയിൽ വരുന്ന സിനിമകളിലും മാത്രമായി അബി ഒതുങ്ങി. കുറെ വർഷങ്ങൾ അദ്ദേഹം സിനിമയിൽ നിന്ന് മുഴുവനായി വിട്ടു നിന്നു.

സിനിമയിൽ തനിക്ക് നേടാൻ കഴിയാഞ്ഞത് തന്റെ മകൻ നേടുന്നത് അത്ഭുതത്തോടെ നോക്കി നിൽക്കുന്ന ഒരച്ഛനെയാണ് പിന്നീട് മലയാളി കാണുന്നത്. ബാലതാരമായി വന്ന ഷെയ്ൻ അന്നയും റസൂലും എന്ന രാജീവ് രവി ചിത്രത്തിലെ പ്രധാന വേഷത്തോടെയാണ് ശ്രദ്ധിക്കപ്പെടുന്നത്. കൈപിടിച്ച് ആനയിക്കാൻ തനിക്ക് ആവതില്ലാഞ്ഞിട്ടും അഭിനയശേഷി കൊണ്ട് മാത്രം തന്റെ മകൻ ആസ്വാദകപ്രശംസ ഏറ്റു വാങ്ങുന്നത് കണ്ട് അബി സന്തോഷിച്ചു. ഷാജി എൻ കരുണിനെ പോലുള്ള പ്രതിഭാധനരായ ഒരു പിടി സംവിധായകരുടെ ചിത്രങ്ങൾ മകനെ തേടിയെത്തിയപ്പോഴും ആ നേട്ടത്തിൽ അഭിമാനിച്ചു അദ്ദേഹം‌. കഴിഞ്ഞ ദിവസം ഒരു പൊതുപരിപാടിയിൽ തന്റെ മകന് സിനിമയിലെ മികവിനുള്ള അവാർഡ് സമ്മാനിക്കാനുള്ള ഭാഗ്യവും അദ്ദേഹത്തെ തേടിയെത്തി. 

സിനിമയിലെ അഭിനയത്തിനെക്കാൾ കൂടുതൽ മിമിക്രി എന്ന കലാരൂപത്തെ ജനകീയമാക്കുന്നതിൽ പ്രധാനപങ്ക് വഹിച്ച ആളെന്ന് നിലയ്ക്കാവും അബി എന്ന നടൻ ഒാർമിക്കപ്പെടുക. മിമിക്രിയുടെയും സ്റ്റേജ് കോമഡികളുടെയുമൊക്കെ കാലം കഴിഞ്ഞെന്ന് വിലയിരുത്തുമ്പോഴും അബിയെ പോലുള്ളവർ‌ കലാകേരളത്തിനു നൽകിയ സംഭാവനകൾ വിസ്മരിക്കാനാവില്ല.