കടാക്ഷിക്കാതെ സിനിമ; ആശ്രയം മിമിക്രി

കൊച്ചി ∙ ഒപ്പമുണ്ടായിരുന്നവരെല്ലാം സിനിമയുടെ വാതിൽ കടന്നു താരങ്ങളായി മാറിയപ്പോഴും അബിയെ ആ ഭാഗ്യം തുണച്ചില്ല. കേരളത്തിൽ ദൂരദർശൻ കേന്ദ്രത്തിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് അബി അവതരിപ്പിച്ച മിമിക്രി കണ്ടിട്ടാണു ബാലചന്ദ്രമേനോൻ ‘നയം വ്യക്തമാക്കുന്നു’ എന്ന സിനിമയിൽ അവസരം നൽകിയത്. സിനിമയിൽ ഇടക്കിടെ വന്നു പോകുമ്പോഴും അവിടെ പച്ചപിടിക്കാൻ പോന്ന മികച്ച അവസരങ്ങളൊന്നും കിട്ടിയിയിരുന്നില്ല. അതിലുള്ള നിരാശ അദ്ദേഹം മറച്ചുവച്ചതുമില്ല.

‘‘എനിക്ക് ആരും അർഹിക്കുന്ന പരിഗണന തന്നിട്ടില്ല. ബന്ധങ്ങൾ ഉണ്ടാക്കുന്നതിൽ ഞാൻ പിന്നിലാണ്. മദ്യപിക്കാത്തതിനാൽ അത്തരത്തിലുള്ള സിനിമാ സദസ്സുകളിലൊന്നും പോകാത്തതും തിരിച്ചടിയായി. എനിക്കെതിരെ ഉയർന്ന പാരകൾ തടുക്കാനും ആരുമുണ്ടായില്ല. കഴിവുള്ളവർ വലിയ ആളുകളുടെ ശത്രുവും കഴിവില്ലാത്തവർ അവരുടെ മിത്രങ്ങളുമായപ്പോൾ കഴിവില്ലാത്തവർക്ക് അവസരം കിട്ടുന്നു. അവർ ഫീൽഡ് നിറയുന്നു’’- അബി പറഞ്ഞിതിങ്ങനെ. 

വല്ലപ്പോഴും ലഭിക്കുന്ന സിനിമകളെക്കാൾ മിമിക്രി വേദികളും ടെലിവിഷൻ ഷോകളുമായിരുന്നു അബിക്ക് ആശ്രയം. ഇടക്ക് സാമ്പത്തിക ബാധ്യത മൂലം നിർത്തിയ സാഗർ ട്രൂപ്പ് നാലു വർഷം മുൻപ് പുനരുജ്ജീവിപ്പിച്ചിരുന്നു. പക്ഷേ, സിനിമയിൽ തനിക്കു കിട്ടാതെ പോയത് മകനിലൂടെ നേടിയ നിർവൃതിയുമായാണ് അബിയുടെ അകാലത്തിലെ മടക്കം. 

മകൻ ഷെയ്ൻ നിഗം വിരലിലെണ്ണാവുന്ന ചിത്രങ്ങൾ കൊണ്ടു തന്നെ ശ്രദ്ധേയ താരമായി വളർന്നു. സഹസംവിധായകനായിരുന്ന സൗബിൻ ഷാഹിറാണ് ഷെയ്നിനെ സംവിധായകൻ രാജീവ് രവിക്കു പരിചയപ്പെടുത്തുന്നത്. അന്നയും റസൂലിലും ചെയ്ത വേഷം ശ്രദ്ധിക്കപ്പെട്ടതോടെ ഷെയ്നിന്റെ രാശിയും തെളിഞ്ഞു. 

മകനു കൊടുത്ത ഉപദേശത്തെക്കുറിച്ച് ഒരിക്കൽ അബി പറഞ്ഞതിങ്ങനെ. ‘‘കാണുന്ന ചിരിച്ച മുഖങ്ങളൊന്നും യഥാർഥ മുഖങ്ങളല്ല. അതൊക്കെ പോളിഷാണ്. ഏറ്റവും സ്നേഹിക്കുന്നവർ എന്നു കരുതുന്നവരാവും ഏറ്റവും ഉപദ്രവിക്കുക. നീ അഭിനയിക്കരുത്, ജീവിക്കുക’’- സ്വന്തം അനുഭവങ്ങളുടെ ചൂളയിലെ നോവായിരുന്നു ആ ഉപദേശമെന്ന് അബിയെ അടുത്തറിയുന്നവർ സാക്ഷ്യപ്പെടുത്തുന്നു.