അബിക്ക് വേണ്ടി നാട്ടുകാരുടെ തല്ല് വാങ്ങിക്കൂട്ടിയ ജയസൂര്യ

ഒപ്പം പ്രവര്‍ത്തിച്ച മിമിക്രി താരങ്ങളോടൊന്നും തോന്നാത്ത ആത്മബന്ധമായിരുന്നു അബിക്ക് ജയസൂര്യയോട്. ഇരുവരും ഒന്നിച്ചെത്തിയ മഴവിൽ മനോരമയിലെ സിനിമാ ചിരിമാ എന്ന പരിപാടിയിൽ അബി ഇക്കാര്യം പറഞ്ഞിരുന്നു. ‌‌

ആ സംഭവത്തെക്കുറിച്ച് അബിയുടെ വാക്കുകൾ–

ജയസൂര്യ സിനിമയില്‍ എത്തുന്നതിന് മുമ്പുള്ള കാലമാണ്. ചെറിയ രീതിയില്‍ മിമിക്രി ഒക്കെ അവതരിപ്പിച്ച് വരുന്ന സമയം. ആ സമയത്തായിരുന്നു സ്റ്റാര്‍ട്ട് ക്യാമറ ആക്​ഷന്‍ എന്ന പരിപാടിയുമായി ജയസൂര്യയുടെ നാടായ തൃപ്പൂണിത്തുറയില്‍ എത്തുന്നത്.

അവതരിപ്പിച്ച വേദികളിലെല്ലാം സ്റ്റാര്‍ട്ട് ക്യാമറ ആക്​ഷന്‍ മികച്ച അഭിപ്രായം നേടിയിരുന്നു. എന്നാല്‍ പരിപാടി മോശമായിരുന്നു എന്നാണ് സംഘാടകര്‍ പറഞ്ഞത്. പൈസ കുറയ്ക്കാനോ മറ്റോ അവര്‍ കണ്ടെത്തിയ കാരണമായിരുന്നു ഇത്.

പരിപാടി മോശമായിരുന്നോ എന്ന് ജനങ്ങളോട് ചോദിക്ക് അവര്‍ പറയട്ടെ എന്നായിരുന്നു ഞങ്ങളുടെ നിലപാട്. ജനങ്ങളുടെ പ്രതിനിധിയായി ഏറ്റവും മുന്നില്‍ നെഞ്ചും വിരിച്ച് ഞെളിഞ്ഞ് നില്‍ക്കുകയാണ് ജയസൂര്യ. അന്ന് ചെറിയ രീതിയിലൊക്കെ ജയസൂര്യ മിമിക്ര ചെയ്യുന്നുണ്ട്. ഞങ്ങൾക്കൊപ്പം വരണമെന്ന് ആഗ്രഹവും അദ്ദേഹത്തിനുണ്ട്. അഭിപ്രായം ചോദിച്ചതും അടിപൊളി ഗംഭീരം എന്നെല്ലാം പറയുകയും ചെയ്തു.

പരിപാടിയെക്കുറിച്ച് ജനങ്ങളുടെ പ്രതിനിധി എന്ന നിലയില്‍ ജയസൂര്യ നല്ല അഭിപ്രായം പറഞ്ഞതോടെ സംഘാടകര്‍ എന്നെ വിട്ട് ജയസൂര്യയ്ക്ക് നേരെ തിരിഞ്ഞു. ജയനെ തള്ളിതാഴെ ഇട്ടു. എനിക്ക് വേണ്ടി സ്വന്തം നാട്ടില്‍ നിന്ന് ജയസൂര്യ അടി വാങ്ങിക്കൂട്ടി. എനിക്കായി ബലിയാടായ വ്യക്തിയാണ് അതുകൊണ്ട് തന്നെ ഒരിക്കലും മറക്കാന്‍ പറ്റില്ല. 

മിമിക്രിയില്‍ നിന്നും സിനിമയിലെത്തി തിരിക്കുകളിലായപ്പോഴും ജയസൂര്യയെ കിട്ടാതെയായി. പക്ഷേ ഇടയ്ക്കൊക്കെ വിളിക്കുകയും ചെയ്യുമായിരുന്നു. അങ്ങനെ ഒരുദിവസം. ഞാൻ ആകെ വിഷമിച്ച് ഇരിക്കുകയാണ്.

ഞാന്‍ നിര്‍മിച്ച ഒരു കാസറ്റ് പ്രോഗ്രാം മുന്നോട്ട് കൊണ്ടുപോകാന്‍ യാതൊരു നിര്‍വാഹവുമില്ല. ആരെ വിളിച്ചാൽ സഹായിക്കും എന്ന് ആലോചിച്ചു. കുറച്ച് പേരെ വിളിച്ചു. പ്രതികരണം ഒന്നും ഉണ്ടായില്ല.

ആ കാസറ്റ് പുറത്തിറക്കാന്‍ സഹായിച്ചത് ജയസൂര്യയായിരുന്നു. ജീവിതത്തിലെ വലിയൊരു പ്രതിസന്ധിയിൽ നിന്ന് കരകയറ്റാൻ സഹായിച്ചത് ജയനായിരുന്നു.

അബി എന്നാല്‍ ജയസൂര്യക്കും വാക്കുകള്‍ക്ക് അതീതമാണ്. 'മലയാളത്തിലെ ആദ്യത്തെ അക്ഷരം തുടങ്ങുന്നത് അ-യില്‍ നിന്നാണ്. മിമിക്രിയിലെ(അനുകരണം) ആദ്യ അക്ഷരം തുടങ്ങുന്നതും അ-യില്‍ നിന്ന് തന്നെ, 'അബി'’.–ജയസൂര്യ പറയുന്നു.