അത് അവരുടെ ഒരു നമ്പർ ആയിരുന്നു: നിവിൻ പോളി

ചെന്നൈ നഗരത്തിലൂടെ രാത്രിയിൽ യാത്ര ചെയ്യുകയാണ് നിവിൻ പോളി. അൽഫോൻസ് പുത്രന്റെ ‘നേരം’ റിലീസ്  ചെയ്ത സമയം. പുതിയ സംവിധായകൻ, പുതിയ നായകൻ....ഒരു ചെറിയ സിനിമയെ ഈ നഗരം അത്രയൊന്നും മൈൻഡ് ചെയ്തിട്ടുണ്ടാകില്ല എന്ന ധാരണയിലായിരുന്നു നിവിൻ. എന്നാൽ വടപളനി അടുക്കുമ്പോൾ നിവിൻപോളി  ഒന്നു ഞെട്ടി. ഫ്ലൈഓവറിന്റെ സൈഡിൽ സിനിമയുടെ വലിയ പോസ്റ്ററുകൾ. വണ്ടി മുന്നോട്ടു പോകുന്തോറും അമ്പരപ്പു കൂടി വന്നു. ചെന്നൈ നഗരം മുഴുവൻ വലിയ പോസ്റ്ററുകൾ. റെഡ് ജയന്റ് മൂവീസാണ് വിതരണക്കാർ. ഒരു വലിയ സിനിമയെ മാർക്കറ്റ് ചെയ്യുന്നതുപോലെ അവർ സിനിമാനഗരത്തെ കയ്യിലെടുത്തു.  

നാലുവർഷത്തിനുശേഷം നിവിൻപോളി വീണ്ടും സിനിമാനഗരത്തിലെത്തുമ്പോൾ മാറ്റങ്ങളേറെ.

നേരത്തിലെ മാത്യുവിൽ നിന്ന് റിച്ചിയിലേക്കുള്ള വളർച്ച ഒരു മൾട്ടിസ്റ്റാർ പോസ്റ്ററിൽ നിന്ന് കൂറ്റൻകട്ടൗട്ടിലേക്കുള്ളതു മാത്രമല്ല. തമിഴകത്തിന്റെ ഹൃദയത്തിൽ താരാരാധനയുടെ തായ്‍വേരുകൾ പടർത്താനും നിവിന് കഴിഞ്ഞിരിക്കുന്നു.  ഗൗതംരാമചന്ദ്രൻ സംവിധാനം ചെയ്ത നിവിൻപോളിയുടെ ‘റിച്ചി’  ഇന്നു തിയറ്ററുകളിലെത്തുമ്പോൾ തമിഴകത്തെക്കുറിച്ച് നിവിൻ..

∙റിച്ചിയുടെ പ്രമോഷൻ അഭിമുഖത്തിൽ നിവിൻപോളിയെ  ദുൽഖർ സൽമാനെന്നു പരിചയപ്പെടുത്തുന്ന ടെലിവിഷൻ ആങ്കറുടെ വിഡിയോ വൈറലാണല്ലോ ?

അത് അവരുടെ ഒരു നമ്പർ. എന്നെയും പ്രേക്ഷകരെയും ഒന്നു ഞെട്ടിക്കാനാകണം. ഞാൻ സത്യത്തിൽ ഇവരെന്താണ് കാണിക്കുന്നതെന്ന് കൗതുകത്തോടെ നോക്കിയിരിക്കുകയായിരുന്നു. അഭിമുഖം മുഴുവൻ കാണുമ്പോൾ ആശയക്കുഴപ്പം മാറും.

∙തമിഴ് സിനിമയോടുള്ള ആരാധന ? 

എന്റെ മനസ്സിൽ ശക്തമായുള്ള തമിഴ് സിനിമ മണിരത്നം സാറിന്റെ ദളപതിയാണ്. രജനീകാന്ത്–മമ്മുക്ക തുടങ്ങി വലിയ താരങ്ങൾ അഭിനയിച്ച  വലിയ സ്കെയിലിലുള്ള സിനിമ. എല്ലാ രീതിയിലും ആഘോഷിക്കപ്പെട്ട സിനിമയാണ് ദളപതി. തമിഴ് സിനിമയോടുള്ള ആരാധന കൂടുന്നത് ദളപതിയിലൂടെയാണ്.

∙ പ്രേമം മലയാളത്തിലായിരുന്നിട്ടും തമിഴിൽ വലിയ അംഗീകാരം നേടിത്തന്നില്ലേ ?

തീർച്ചയായും.പ്രേമം അവിടെ 200 ദിവസം  ഓടി. അത് നേടിത്തന്ന അംഗീകാരം ചെറുതല്ല. പ്രേമം കണ്ടിട്ട് എന്നെ മണിരത്നംസാർ വിളിച്ചു. വിജയും വിക്രമും സൂര്യയും വിജയ്സേതുപതിയും ധനുഷുമെല്ലാം വിളിച്ചു. മണിസാറുമായി ഒരു പ്രോജക്ടിന്റെ ഡിസ്കഷൻ പലവട്ടം നടന്നതാണ്. കായംകുളം കൊച്ചുണ്ണിക്ക് കൂടുതൽ സമയം നീക്കിവച്ചതിനാലാണ് ആ പ്രോജക്ട് നടക്കാതെ പോയത്. ഒരു വടക്കൻ സെൽഫിയിൽ ഞാൻ സംവിധായകൻ ഗൗതം മേനോനെ കാണാൻ പോകുന്ന ഒരു സീനുണ്ട്. പ്രേമം കഴിഞ്ഞ് ഗൗതംമേനോനും വിളിച്ചു. ഒരു പ്രോജക്ടിന്റെ ചർച്ചകളും നടത്തിയിരുന്നു.

∙റിച്ചിയിൽ എത്തിയത് ?

സംവിധായകൻ ഗൗതം രാമചന്ദ്രൻ വേറൊരു കഥയുമായാണ് ആദ്യം വന്നത്. പിന്നീടാണ്  കന്നഡയിൽ 2014 ൽ സൂപ്പർ ഹിറ്റായി ഓടിയ ‘ ഉലിദവരു കണ്ടന്തെ ’ സിനിമയുടെ ഡിവിഡി തരുന്നത്. ഇത്തരമൊരു സിനിമ ചെയ്യുമ്പോൾ സീൻവൈസ് കോപ്പി ചെയ്യാതെ നമ്മുടേതായ ഒരു സിനിമയാക്കി മാറ്റുന്ന കാര്യം ചർച്ച ചെയ്തു. അങ്ങനെയാണ് റിച്ചിയിലേക്കു നീങ്ങിയത്. കന്നഡ സിനിമ എഴുതിയ രക്ഷിത് ഷെട്ടി തന്നെയായിരുന്നു നായകനും സംവിധായകനും.  റിച്ചി സ്റ്റൈലിഷ് ആയ നായകനാണ്. ചില പ്രത്യേക ശീലങ്ങളുള്ളയാൾ. ആരും പറഞ്ഞാൽ കേൾക്കാത്തയാൾ. അങ്ങനെ ഒരുപാടു പ്രത്യേകതകൾ. കോഹിനൂർ എന്ന മലയാള ചിത്രത്തിലും കന്നഡയിലെ യു ടേൺ എന്ന ചിത്രത്തിലും വേഷം ചെയ്ത ശ്രദ്ധയാണ് നായിക.