നിവിൻ ഫാൻസിന്റെ തെറിയഭിഷേകം; മാപ്പ് പറഞ്ഞ് രൂപേഷ് പീതാംബരൻ

നിവിൻ പോളിയുടെ പുതിയ സിനിമ റിച്ചിയെ വിമർശിച്ച് കുറിപ്പ് എഴുതിയ രൂപേഷ് പീതാംബരനെതിരെ സമൂഹമാധ്യമങ്ങളിൽ വ‌ലിയ പ്രതിഷേധം ഉയർന്നിരുന്നു. രൂപേഷ് കുറിച്ച കുറിപ്പിന്റെ താഴെ നിവിൻ ഫാൻസിന്റെ അസഭ്യവർഷമായിരുന്നു. ഇത് രൂക്ഷമായതോടെ രൂപേഷ് മാപ്പ് പറയുകയായിരുന്നു.

അഭിനേതാവ്, സംവിധായകൻ എന്നതിലുപരി താൻ ഒരു സിനിമാപ്രേമിയാണെന്നും അതുകൊണ്ടാണ് റിച്ചിയെ വിമർശിച്ചതെന്നും രൂപേഷ് പറയുന്നു. സിനിമാമേഖലയിൽ ജോലി ചെയ്യുന്ന ആൾ ആണെന്ന കാര്യം മറന്നുകൊണ്ടുള്ള പ്രതികരണം പലരെയും വേദനിപ്പിച്ചു. ഇതിന് താൻ മാപ്പ് ചോദിക്കുന്നുവെന്ന് രൂപേഷ് കുറിച്ചു. ഞാൻ കാരണം ഉണ്ടായ വേദനയ്ക്ക് ക്ഷമ ചോദിക്കുന്നുവെന്നും രൂപേഷ് ഫെയ്സ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി. 

രക്ഷിത് ഷെട്ടി സംവിധാനം ചെയ്ത ഉളിദവരു കണ്ടന്തേ എന്ന കന്നഡ സിനിമയുടെ റീമേയ്ക്കായിരുന്നു റിച്ചി.  ഉളിദവരു കണ്ടന്തേ സംവിധാനം ചെയ്യാൻ രക്ഷിത് എടുത്ത പരിശ്രമങ്ങൾ സുഹൃത്തെന്ന നിലയിൽ നേരിട്ടുകണ്ടിട്ടുള്ളതാണ്. സംവിധായകന്റെ മാസ്റ്റർപീസായ സിനിമയെ റിച്ചി ഇറക്കി പീസാക്കി കളഞ്ഞെന്ന് രൂപേഷ് പീതാംബരൻ സമൂഹമാധ്യമത്തിൽ കുറിച്ചിരുന്നു. ഇതാണ് നിവിൻ ഫാൻസിനെ ചൊടിപ്പിച്ചത്.

നടൻ, സംവിധായകൻ, തിരക്കഥാകൃത്ത് എന്നീ നിലകളിൽ പ്രശസ്തനായ രക്ഷിതിനെ വ്യക്തിപരമായി അറിയാമെന്നും ഒരു സുഹൃത്തിന്റെ പരിശ്രമത്തെ പ്രശംസിക്കുക മാത്രമാണ് ചെയ്തതെന്നും രുപേഷ് പറയുന്നു. സിനിമയെ ഇങ്ങനെ പീസാക്കി മാറ്റിയത് വിശ്വസിക്കാൻ പ്രയാസമാണെന്നും രൂപേഷ് വ്യക്തമാക്കി. പ്രതികരണം ഇട്ടപ്പോൾ മുതൽ ഫെയ്സ്ബുക്കിൽ ഫാൻസിന്റെ വക അസഭ്യവർഷമായിരുന്നു. നിവിൻ പോളി ഞാൻ നിങ്ങളെയല്ല വിമർശിച്ചത് സിനിമയെയാണ് പറഞ്ഞതെന്നും ഗതികെട്ട് രൂപേഷ് പോസ്റ്റ് ചെയ്തിരുന്നു. അതിനുശേഷമാണ് ഈ മാപ്പ് പറച്ചിൽ.