റിച്ചി വിമർശനം; രൂപേഷിനെതിരെ വിലക്കിന് നീക്കം

നിവിന്‍ പോളി ചിത്രം റിച്ചിക്കെതിരെ തുറന്ന വിമര്‍ശനവുമായി രംഗത്തെത്തിയ സംവിധായകനും നടനുമായ രൂപേഷ് പീതാംബരനെതിരെ വിലക്കിന് പ്രൊ‍ഡ്യൂസേഴ്സ് അസോസിയേഷനില്‍ ആലോചന. സിനിമയുടെ റിലീസ് ദിവസം തന്നെ സമൂഹ മാധ്യമങ്ങളില്‍ ചിത്രത്തെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ പോസ്റ്റുകളിട്ടതിനെതിരെ ചിത്രത്തിന്റെ നിര്‍മാതാക്കള്‍‍ പരാതി നല്‍കിയതിന് പിന്നാലെയാണ് സംഘടനയില്‍ തിരക്കിട്ട കൂടിയാലോചനകള്‍ സജീവമായത്. രൂപേഷിന്റെ കുറിപ്പ് മാധ്യമങ്ങള്‍ ആഘോഷിക്കുകയാണെന്നും ഇത്തരം പ്രവണത സിനിമാ വ്യവസായത്തിന് തന്നെ ഭീഷണിയാണെന്നും നിര്‍മാതാക്കളില്‍ ഒരാളായ ആനന്ദ് പയ്യന്നൂര്‍ നല്‍കിയ പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. വിവിധ ഓണ്‍ലൈന്‍‌ മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകള്‍ സഹിതമാണ് രൂപേഷിനെതിരെ കടുത്ത നടപടി ആവശ്യപ്പെട്ടുള്ള പരാതി. 

സമൂഹമാധ്യമങ്ങളില്‍ ആര്‍ക്കും അഭിപ്രായ സ്വാതന്ത്ര്യമുണ്ടെങ്കിലും സിനിമാരംഗത്തുനിന്നു തന്നെയുള്ള ഒരാള്‍ ഇത്തരം പരാമര്‍ശങ്ങള്‍ നടത്തുന്നത് അങ്ങേയറ്റം ഗൗരവുമുള്ളതാണെന്ന് നിര്‍മാതാക്കളുടെ സംഘടന വിലയിരുത്തുന്നു. മലയാളി നിര്‍മാതാക്കളാണ് സിനിമയുടെ പിന്നില്‍. ആനന്ദ് പയ്യന്നൂരും വിനോദ് ഷൊര്‍ണൂരുമാണ് ചിത്രം നിര്‍മിച്ചത്. കഷ്ടപ്പെട്ട് സിനിമ നിര്‍മിച്ച തങ്ങളെയും യുവതാരമായ നിവിന്‍ പോളിയെയും തകര്‍ക്കുന്നതാണ് രൂപേഷിന്‍റെ നടപടിയെന്നും ഇത് തുടര്‍ന്നാല്‍ മലയാള സിനിമയ്ക്ക് തന്നെ ഭീഷണിയാണന്നും പരാതിയില്‍ ആരോപിക്കുന്നു.  

അഭിപ്രായത്തെ പ്രതികൂലിച്ച് നിവിന്‍ പോളിയുടെ ആരാധകര്‍ രംഗത്തെത്തിയതോടെ രൂപേഷ് മാപ്പുറഞ്ഞിരുന്നുവെങ്കിലും പുതിയ സംഭവവികാസത്തോടെ വിവാദം വളരുകയാണ്. രക്ഷിത് ഷെട്ടി സംവിധാനം ചെയ്ത 'ഉളിദവരു കണ്ടന്തേ' എന്ന കന്നഡ സിനിമയുടെ റീമേയ്ക്കായിരുന്നു റിച്ചി.  'ഉളിദവരു കണ്ടന്തേ സംവിധാനം ചെയ്യാൻ രക്ഷിത് എടുത്ത പരിശ്രമങ്ങൾ സുഹൃത്തെന്ന നിലയിൽ നേരിട്ടുകണ്ടിട്ടുള്ളതാണ്. സംവിധായകന്റെ മാസ്റ്റർപീസായ സിനിമയെ ഇറക്കി പീസാക്കി കളഞ്ഞു.' ഇങ്ങനെയായിരുന്നു റിച്ചിയെ പരാമര്‍ശിക്കാതെ രൂപേഷ് പീതാംബരന്റെ ആദ്യ പോസ്റ്റ്. പിന്നീട് നിവിന്‍ പോളിയെ സംബോധന ചെയ്ത് ഫാന്‍സിനെ നിലയ്ക്ക് നിര്‍ത്തണം എന്നൊരു പോസ്റ്റും രൂപേഷ് കുറിച്ചു. 

എന്നാല്‍ ഫാൻസിന്റെ വക വിമര്‍ശനങ്ങള്‍ ശക്തമായപ്പോള്‍ രൂപേഷ് മാപ്പു പറഞ്ഞു. അഭിനേതാവ്, സംവിധായകൻ എന്നതിലുപരി താൻ ഒരു സിനിമാപ്രേമിയാണെന്നും അതുകൊണ്ടാണ് റിച്ചിയെ വിമർശിച്ചതെന്നും രൂപേഷ് പറയുന്നു. സിനിമാമേഖലയിൽ ജോലി ചെയ്യുന്ന ആൾ ആണെന്ന കാര്യം മറന്നുകൊണ്ടുള്ള പ്രതികരണം പലരെയും വേദനിപ്പിച്ചു. ഇതിന് താൻ മാപ്പ് ചോദിക്കുന്നുവെന്ന് രൂപേഷ് കുറിച്ചു. താന്‍ കാരണം ഉണ്ടായ വേദനയ്ക്ക് ക്ഷമ ചോദിക്കുന്നുവെന്നും രൂപേഷ് ഫെയ്സ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കിയിരുന്നു.  എന്നാല്‍ മാപ്പുകൊണ്ട് സിനിമയ്ക്കും നിര്‍മാതാക്കള്‍ക്കുമുണ്ടാക്കിയ നഷ്ടം നികത്താനാകില്ലെന്ന വിലയിരുത്തിലിലാണ് പ്രൊഡ്യൂസേഴ്സ് അസോസിയേഷനിലെ ഭൂരിഭാഗം അംഗങ്ങളും. രൂപേഷിനെതിരെ നടപടി ആവശ്യപ്പെട്ട് നിര്‍മാതാക്കള്‍ ഫെഫ്കയെ സമീപിക്കുമെന്നും സൂചനയുണ്ട്.