ഈ.മ.യൗ. റിലീസ് വൈകാൻ കാരണമെന്ത്? സസ്പെൻസ് ബാക്കി

വീണ്ടുമൊരു ലിജോ ജോസ് പെല്ലിശ്ശേരി ബ്രില്ല്യൻസിനായി പ്രേക്ഷകർ കുറച്ചു കൂടി കാത്തിരിക്കണം. ഫസ്റ്റ് ലുക്ക് പോസ്റ്റർ കൊണ്ടും ചിത്രീകരണവേഗം കൊണ്ടും സകലരെയും ഞെട്ടിച്ച ‘ഈ.മ.യൗ’ ഈ വർഷം റിലീസ് ചെയ്യുന്നില്ല. ചിത്രത്തിന്റെ പ്രിവ്യു കഴിഞ്ഞ് റിലീസിനു തൊട്ടുമുൻപാണ് അണിയറക്കാർ ഇങ്ങനെയൊരു തീരുമാനമെടുത്തത്.  18 ദിവസം കൊണ്ടായിരുന്നു ഷൂട്ടിങ്.  

പോസ്റ്ററുകളിൽ ട്വിസ്റ്റും നിഗൂഡതയുമൊക്കെ ഒളിപ്പിച്ച സിനിമയുടെ റിലീസ് കാര്യത്തിലുമിപ്പോൾ അതേ നിഗുഢത ബാക്കി. എല്ലാം തീരുമാനിച്ചു തിയറ്റർ റിലീസിനൊരുങ്ങിയ ചിത്രത്തിന്റെ കാര്യത്തിൽ പെട്ടെന്നു തീരുമാനം വൈകിപ്പിക്കാൻ കാരണമെന്തെന്നതിനു പല ഉത്തരങ്ങളാണിപ്പോൾ. 

ചിത്രത്തിന്റെ ഡിജിറ്റൽ (ഡിഐ) ജോലികൾ ബാക്കിയുള്ളതിനാലാണു റിലീസ് വൈകുന്നതെന്നാണു സൂചന. ഷൂട്ട് ചെയ്ത രംഗങ്ങൾ കംപ്യൂട്ടർ സഹായത്തോടെ മെച്ചപ്പെടുത്തുന്ന പോസ്റ്റ് പ്രൊഡക്‌ഷൻ ജോലിയാണ് ഡിഐ (ഡിജിറ്റൽ ഇന്റർമീഡിയറ്റ്). 

ദൃശ്യങ്ങൾക്കു കൂടുതൽ മിഴിവും തെളിച്ചവും നൽകുന്ന പ്രക്രിയയാണിത്.  രാത്രികാല ദൃശ്യങ്ങൾ ഡിഐ കഴിഞ്ഞപ്പോൾ കൂടുതൽ ഇരുണ്ടത്രേ. ഇതോടെ വീണ്ടും ഡിഐ ചെയ്യേണ്ടി വന്നു.  

ചിത്രം വൈകുന്നതിന്റെ കാരണം കണ്ടുപിടിക്കാൻ പതിവുപോലെ സമൂഹമാധ്യമങ്ങളും രംഗത്തുണ്ട്. സംവിധായകനും നിർമാതാവും തമ്മിൽ തെറ്റിയെന്നു പ്രചരിപ്പിക്കുന്നവർ വരെ കൂട്ടത്തിലുണ്ട്. 

‘ഈ.മ.യൗ. മുൻകൂട്ടി തീരുമാനിച്ച ദിവസം റിലീസ് ചെയ്യാനായിരുന്നു ഉദ്ദേശിച്ചത്. എന്നാൽ ചില മേളകളിൽ സിനിമപ്രദർശിപ്പിക്കുന്നതിനു ക്ഷണം ലഭിച്ചിട്ടുണ്ട്. അതിനു ശേഷം കേരളത്തിൽ റിലീസ് ചെയ്യും’-ലിജോ ജോസ് പറയുന്നു.

ചിത്രത്തിന്റെ പ്രിവ്യു ഷോയ്ക്കു മികച്ച പ്രതികരണമാണു ലഭിച്ചത്.കേരളത്തിനു പുറത്തു കൂടുതൽ തിയറ്ററുകളിൽ റിലീസ് ചെയ്യാനും ആലോചനയുണ്ട്. ചെമ്പൻ വിനോദ്, വിനായകൻ, ദിലീഷ് പോത്തൻ എന്നിവരാണു പ്രധാന വേഷങ്ങളിൽ. രാജേഷ് ജോർജ് കുളങ്ങരയാണു ചിത്രത്തിന്റെ നിർമാതാവ്.