പശു സിനിമയിൽ വേണ്ട: സലിം കുമാറിനോട് സെൻസർ ബോർഡ്

മലയാളികളുടെ പ്രിയതാരം സലിംകുമാർ സംവിധാനം ചെയ്ത ദൈവമേ കൈതൊഴാം K കുമാറാകണം എന്ന ചിത്രത്തിന് സെൻസർ ബോർഡിന്റെ കട്ട്. ചിത്രത്തിലുണ്ടായിരുന്ന‌ പശുവിന്റെ ഒരു രംഗം ഒഴിവാക്കണമെന്നായിരുന്നു സെൻസർ നിർദ്ദേശം. ആരെയും ഒരു രീതിയിലും കളിയാക്കാത്ത ജാതിയോ രാഷ്ട്രീയമോ ഒന്നുമില്ലാത്ത ഒരു സീനിനാണ് കത്രികവച്ചതെന്ന് സലിംകുമാർ പറയുന്നു. 

 പശു ഇപ്പോൾ നമ്മുടെ കയ്യിൽ നിന്നു പോയ അവസ്ഥയാണ്. പശുവിനെക്കുറിച്ച് ഒന്നും മിണ്ടാൻ കഴിയില്ല. പശുവിനെ ഉപയോഗിച്ചാൽ വർഗീയത വരുമെന്നാണ് പറയുന്നത്. അത് എങ്ങനെയാണെന്ന് അറിയില്ല. സെൻസർ ബോർ‌‍ഡിന്റെ തീരുമാനത്തിനെതിരെ കോടതിയിൽ പോയാൽ പിന്നെ ഇപ്പോൾ റിലീസിങ് നടക്കില്ല. അതുകൊണ്ട് ആ ഭാഗം ഒഴിവാക്കി. ചിത്രത്തിലെ നല്ലൊരു സീനായിരുന്നു അത്. ഒന്നിനെയും വിമർശിക്കാൻ പോലും അവകാശമില്ല എന്ന അവസ്ഥയിലേക്കു കാര്യങ്ങൾ മാറിക്കൊണ്ടിരിക്കുന്നു.  സലിംകുമാർ പറയുന്നു.

ഇങ്ങനെ പോകുകയാണെങ്കിൽ നാളെ ഇവിടെ ജീവിക്കണമെങ്കിൽ ആരോടെങ്കിലുമൊക്കെ അനുവാദം ചോദിക്കേണ്ടി വരുന്ന അവസ്ഥയുമുണ്ടാകാം. ഞാൻ ജനിച്ചപ്പോൾ മുതൽ വീട്ടിൽ പശുക്കളുണ്ട്. ഇപ്പോഴും അഞ്ചു പശുക്കളുണ്ട്. അങ്ങനെയുള്ള എനിക്കാണ് പശുവിനെ ഇപ്പോൾ എഡിറ്റ ്ചെയ്തു മാറ്റേണ്ട ഗതികേട് വന്നിരിക്കുന്നത് – സലിംകുമാർ പറഞ്ഞു.