‘ഒരേ ടവർ ലൊക്കേഷനിലാണെങ്കിൽ പ്രതിയാകുമോ’; ഇര ട്രെയിലർ

ഉണ്ണി മുകുന്ദൻ, ഗോകുൽ സുരേഷ് എന്നിവരെ നായകകഥാപാത്രങ്ങളാക്കി നവാഗതനായ സൈജു എസ് സംവിധാനം ചെയ്യുന്ന ‘ഇര’ ട്രെയിലർ പുറത്തിറങ്ങി. ആക്​ഷൻ ത്രില്ലറായി അണിയിച്ചൊരുക്കുന്ന സിനിമയുടെ ട്രെയിലറും പ്രേക്ഷകരിൽ ആകാംക്ഷ ജനിപ്പിക്കും.

സസ്പെൻസ് ത്രില്ലറായ ചിത്രത്തിൽ സമൂഹത്തിൽ കോളിളക്കം സൃഷ്ടിച്ച വലിയ സംഭവവികാസങ്ങളും കോർത്തിണക്കുന്നുണ്ട്. സിനിമയുടേതായി പുറത്തിറങ്ങിയ ട്രെയിലറിലും ഇത്തരം ചില സംഭാഷണങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. വരും ദിവസങ്ങളിൽ സിനിമാരംഗത്തും സാമൂഹ്യരംഗത്തും ഈ ചിത്രം ചർച്ചയാകുമെന്ന് ഉറപ്പ്. 

ഈ സിനിമയിൽ മലയാളത്തിന്റെ സൂപ്പര്‍താരത്തിന്റെ ജീവിതമാണ് പ്രമേയമാകുന്നതെന്നാണ് പിന്നണിയിൽ നിന്നുള്ള വിവരങ്ങൾ. ചെയ്യാത്തകുറ്റത്തിന് പൊലീസ് കുറ്റവാളിയാക്കിയ ഒരു യുവാവ്‌ തന്റെ നിരപരാധിത്വം തെളിയിക്കാൻ നടത്തുന്ന പോരാട്ടത്തിന്റെ കഥയാണ് ‘ഇര’ പറയുന്നത്. തന്റേടിയായ സ്ത്രീയുടെ പ്രതികാരവും ചിത്രം ചർച്ച ചെയ്യുന്നു. 

സൂപ്പർഹിറ്റുകളുടെ സൃഷ്ടാക്കളായ വൈശാഖും ഉദയകൃഷ്ണയും നിർമിക്കുന്ന ആദ്യ ചിത്രമാണ് ഇര. വൈശാഖിന്റെ അസോഷ്യേറ്റ് ആയിരുന്നു സൈജു എസ്. ചിത്രത്തിന് തിരക്കഥ എഴുതുന്നത് നവീൻ ജോൺ. 

മിയ, ലെന, നിരഞ്ജന നീരജ, മറീന, അലൻസിയർ, ശങ്കർ രാമകൃഷ്ണൻ, കൈലാസ്‌ തുടങ്ങി മുപ്പതോളം താരങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നു. 

സംഗീതം ഗോപിസുന്ദർ, ഛായാഗ്രഹണം സുധീർ സുരേന്ദ്രൻ. ചിത്രസംയോജനം ജോൺകുട്ടി. രചന ഹരി നാരായണൻ. ലൈൻ പ്രൊഡ്യൂസർ വ്യാസൻ ഇടവനക്കാട്.