മെസ്സിക്കൊപ്പം സലിം കുമാർ; ആ രംഗത്തിന്റെ ഗ്രാഫിക്സിന് 5 ലക്ഷം

ബാർസിലോനയുടെ ജഴ്സിയിൽ സലിംകുമാറിന്റെ മാരക ഗോൾ. സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന ഒരു ഫുട്ബോൾ കളിയുടെ വിഡിയോയുടെ തലക്കെട്ടാണിത്. ഗോളടിക്കാൻ മെസ്സിക്കും ലൂയി സ്വാരസിനും തന്ത്രങ്ങൾ പറഞ്ഞുകൊടുക്കുന്ന സലിംകുമാർ. ഒടുവിൽ സൂപ്പർ താരങ്ങൾക്ക് പിഴയ്ക്കുമ്പോൾ സലിംകുമാർ തന്നെ ബാർസയുടെ ഗോൾ നേടുന്നു.

ജയറാം നായകനായ ‘ ദൈവമേ കൈ തൊഴാം കെ. കുമാറാകണം ’ എന്ന സിനിമയുടെ സംവിധായകൻ കൂടിയായ സലിംകുമാറാണ് മലയാളിയുടെ ഫുട്ബോൾ പ്രണയത്തെ സ്വന്തം നാട്ടുപശ്ചാത്തലത്തിലേക്ക് കൊണ്ടുവന്ന് കാണികളുടെ കയ്യടി നേടിയത്. അഞ്ചു ലക്ഷം രൂപയുടെ ഗ്രാഫിക്സ് കൊണ്ട് നേടിയ കയ്യടി കാണുമ്പോൾ സലിം കുമാറിന്റെ കരിമണ്ണൂർ ഗോപി നിവർന്നു നിന്നു പറയുന്നു– ഇതൊക്കെ എന്ത് ?

സിനിമയിൽ ഇങ്ങനെയൊരു സീൻ ആലോചിച്ചതിനു പിന്നിലെ കാരണങ്ങളെക്കുറിച്ചു സലിംകുമാർ പറയുന്നു: ഞാൻ ആദ്യം ടെലിവിഷനിൽ ലോകകപ്പ്  കാണുന്നത് 1986 ലാണ്. പൂയപ്പിള്ളി വായനശാലയിലെ ബ്ലാക്ക് ആൻഡ് വൈറ്റ് ടിവിയിലായിരുന്നു ആ കാഴ്ച. അർധരാത്രി വായനശാലയിൽ ബഹളം കൂടി വന്നു.   അന്ന് ചെല്ലപ്പൻ മാഷാണ് അവിടെ പഞ്ചായത്ത് അംഗം. മാഷ് രാത്രിയിൽ കാവലിനു വന്നു. ഞങ്ങളെ താക്കീതു ചെയ്തു.  

ഇതിനിടെ കളി കാണാനിരുന്ന ചെല്ലപ്പൻമാഷ് വലിയ ഫുട്ബോൾ ഫാനായി. പുള്ളിക്കാരൻ ഞങ്ങളെക്കാൾ വലിയ കയ്യടി. ആരവം വീണ്ടും. പ്രതിഷേധിക്കാൻ വന്നവരോട് ചെല്ലപ്പൻ മാഷ് പറഞ്ഞു– ഇത് ലോക ഫുട്ബോളാണ്. രാത്രി കിടന്നുറങ്ങാതെ ഇതൊക്കെ വന്ന്  കാണണം. ഇതിന്റെ ആവേശത്തിൽ പങ്കു  ചേരണം!! ചെല്ലപ്പൻ മാഷിനെ വരെ മാറ്റിമറിച്ച ആ ഫുട്ബോളില്ലാതെ എനിക്കെന്തു സിനിമ? – സലിംകുമാർ ചോദിക്കുന്നു.