നീരാളിയിൽ മോഹൻലാലിന് നായികയില്ല

അജോയ് വര്‍മ്മ സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ ചിത്രം നീരാളിയില്‍ നായികയായി മീര ജാസ്മിനെത്തുന്നു എന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നാൽ സിനിമയുടെ അണിയറപ്രവർത്തകർ വാർത്ത നിഷേധിച്ചു. സിനിമയിൽ രണ്ട് പ്രധാന സ്ത്രീകഥാപാത്രങ്ങളാണുള്ളത്. നദിയാ മൊയ്തുവും പാർവതി നായരുമാണ് ഈ വേഷത്തിലെത്തുക. എന്നാൽ ഇവർ രണ്ടുപേരും മോഹൻലാലിന്റെ നായികയല്ല.

കിച്ച സുദീപ് ആണ് വില്ലനായി എത്തുക. നാസർ, സുരാജ് വെഞ്ഞാറമൂട്, ദിലീഷ് പോത്തൻ എന്നിവരാണ് മറ്റുതാരങ്ങൾ. നവാഗതനായ സാജു തോമസ് തിരക്കഥയെഴുതുന്ന നീരാളി ഒരു സ്‌റ്റൈലൈസ്ഡ് ത്രില്ലറാണ്.

ആദ്യ ഷെഡ്യൂളില്‍ 15 ദിവസത്തെ ഡേറ്റാണ് മോഹന്‍ലാല്‍ ഈ പ്രൊജക്ടിന് നല്‍കിയിരിക്കുന്നത്. മുംബൈയില്‍ നീരാളിയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. സന്തോഷ് തുണ്ടിയിലാണ് ക്യാമറ.

ദസ്തോല, എസ് ആർ കെ എന്നീ ഹിന്ദി ചിത്രങ്ങളുടെ സംവിധായകനായ അജോയ് വർമയുടെ ആദ്യ മലയാളചിത്രമാണിത്. മൈ വൈഫ്സ് മർഡർ ഉൾപ്പെടെയുള്ള ഹിന്ദി ചിത്രങ്ങളുടെ എഡിറ്ററായിരുന്ന അജോയ് തന്നെയായിരിക്കും ഇൗ ചിത്രത്തിന്റെയും എഡിറ്റർ.

സംവിധായകനു പുറമേ പ്രധാന അണിയറ പ്രവർത്തകരും ബോളിവുഡിൽനിന്നുള്ളവരാണെന്നതാണ് ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത. റുസ്തം, റൗഡി റാത്തോർ, ക്രിഷ്, ജയ് ഹോ തുടങ്ങിയ വമ്പൻ ചിത്രങ്ങൾക്കു ക്യാമറ നിർവഹിച്ച സന്തോഷ് തുണ്ടിയിലാണ് ക്യാമറാമാൻ.

മോഹൻലാൽ വ്യത്യസ്ത ഗെറ്റപ്പിലെത്തുന്ന ചിത്രത്തിന്റെ മെയ്ക്കപ്പ് സൈ്റ്റലിസ്റ്റ് സെറീന ടെക്സീറ (3 ഇഡിയറ്റ്സ്, രംഗ്ദേ ബസന്തി, ധൂം). ഗോൽമാൽ എഗൈൻ, സിംഗം റിട്ടേൺസ്, ദിൽവാലെ തുടങ്ങിയ സിനിമകളിലെ ആക്​ഷൻ മാസ്റ്റർ സുനിൽ റോഡ്രിഗസ് ആക്ഷൻ കൈകാര്യം ചെയ്യും. സൗണ്ട് ഡിസൈനിങ് അരുൺ നമ്പ്യാർ (രാഞ്ചന, ഫിൽമിസ്ഥാൻ). വിഎഫ്എക്സ്- ആഫ്റ്റർ (ലക്നൗ സെൻട്രൽ, സർക്കാർ 3). ടോയ്ലറ്റ് ഏക് പ്രേം കഥ, സത്യഗ്രഹ, ഫോഴ്സ് 2 തുടങ്ങിയ ചിത്രങ്ങളിൽ പ്രവർത്തിച്ച ഉദയ് പ്രകാശ് സിങ്ങാണ് ആർട്ട് ഡയറക്ടർ. കോസ്റ്റ്യം ഹിമാൻഷി നിജാവൻ. ലൈൻ പ്രൊഡ്യൂസർ പീപ്പ്ലി ലൈവ്, റയീസ് തുടങ്ങിയ ചിത്രങ്ങളിൽ പ്രവർത്തിച്ച വിനോദ് ഉണ്ണിത്താൻ. ചീഫ് അസോസിയേറ്റ് ദിനിൽ ബാബു. സുഭാഷ് ഗയുടെ വിസിൽ വുഡ് ഫിലിം സ്കൂൾ പ്രൊഡക്റ്റ്സുകളായ സ്വാതി മിത്തൽ, പ്രേക്ഷ അഗർവാൾ എന്നിവരാണ് അസിസ്റ്റന്റ്്സ്.

മുംബൈ, പുണെ, സത്താറ, മംഗോളിയ, തായ്‌ലൻഡ് എന്നിവിടങ്ങളിലായാണ് ചിത്രീകരണം. മൂൺഷോട്ട് എന്റർടൈൻമെന്റിന്റെ ബാനറിൽ സന്തോഷ് ടി. കുരുവിള നിർമിക്കുന്ന രണ്ടാമത്തെ ചിത്രമാണിത്.