മമ്മൂട്ടിയും മോഹൻലാലും കുഞ്ഞാലിമരയ്ക്കാരാകും

ചരിത്രം ഇതിഹാസപുരുഷനെന്ന് വാഴ്ത്തുന്ന കുഞ്ഞാലി മരയ്‌ക്കാരായി സ്‌ക്രീനിൽ ജീവിക്കാൻ രണ്ടു സൂപ്പർ താരങ്ങൾ ഒരുങ്ങുകയാണ്. ചരിത്ര നായകനായ കുഞ്ഞാലി മരയ്‌ക്കാരുടെ ജീവിതകഥ സിനിമയാക്കാൻ സംവിധായകരായ പ്രിയദർശനും സന്തോഷ് ശിവനും ഒരേസമയം ശ്രമം തുടരുന്നു. പ്രിയദർശന്റെ സിനിമയിൽ മോഹൻലാലാണു കുഞ്ഞാലി മരയ്‌ക്കാർ, സന്തോഷ് ശിവന്റെ നായകൻ മമ്മൂട്ടിയും. 

ഇപ്പോഴിതാ രണ്ട് ചിത്രങ്ങളും ഒരുമിച്ച് തന്നെ ഷൂട്ടിങ് തുടങ്ങുന്നുവെന്നാണ് പുതിയ റിപ്പോർട്ട്. ഗായകൻ എം.ജി ശ്രീകുമാര്‍ ആണ് കുഞ്ഞാലിമരയ്ക്കാർ ഉടൻ തുടങ്ങുന്നുവെന്ന് അറിയിച്ച് ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്തത്. പ്രിയദർശന്റെയും മോഹൻലാലിന്റെയും ചിത്രം പങ്കുവച്ചാണ് പ്രോജക്ട് ഉടൻ തുടങ്ങുന്നുവെന്ന് പ്രഖ്യാപിച്ചത്.

ഇപ്പോഴിതാ ഷാജി നടേശനും മമ്മൂട്ടിയുടെ കുഞ്ഞാലിമരയ്ക്കാർ ഉടനുണ്ടെന്ന് അറിയിച്ച് ഫെയ്സ്ബുക്കിൽ കുറിപ്പ് എഴുതി. കുഞ്ഞാലിമരയ്ക്കാർ പ്രിപ്രൊഡക്ഷൻ നടക്കുകയാണെന്നും ഈ വർഷം ജൂലൈയിൽ ഷൂട്ട് തുടങ്ങുമെന്നും അദ്ദേഹം പറഞ്ഞു. ഓഗസ്റ്റ്സിനിമാസ് നിർമിക്കുന്ന ചിത്രത്തിന് ടി.പി. രാജീവനും ശങ്കര്‍ രാമകൃഷ്ണനും ചേര്‍ന്നാണ് തിരക്കഥ ഒരുക്കുന്നത്.

മലയാളസിനിമയിലെ ഏറ്റവും ചിലവേറിയ സിനിമയായിരിക്കും മോഹൻലാലിന്റെ കുഞ്ഞാലി മരയ്ക്കാരെന്നും പ്രിയദർശൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ചിത്രീകരണം ഈ വർഷം ഒക്ടോബറിൽ ആരംഭിക്കുമെന്നും നിർമാതാവ് സന്തോഷ് ടി. കുരുവിള വ്യക്തമാക്കിയിരുന്നു.

മൂണ്‍ഷോട്ട് എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ സന്തോഷ് ടി കുരുവിള നിര്‍മിക്കുന്ന കുഞ്ഞാലി മരയ്ക്കാർ അഞ്ചു ഭാഷകളിലാണ് ഒരുങ്ങുന്നത്. കുഞ്ഞാലി മരയ്ക്കാർ 2 എന്നാണ് സിനിമയുടെ പേര്. 200 കോടിയാണ് ചിത്രത്തിന്റെ ബജറ്റെന്ന് റിപ്പോർട്ട് ഉണ്ട്.