നിങ്ങൾ ഉദ്ദേശിക്കുന്ന ആളല്ല ഇത്തിക്കരപക്കി: സഞ്ജയ്

കായംകുളം കൊച്ചുണ്ണിയിലെ മോഹന്‍ലാലിന്റെ ഇത്തിക്കരപക്കിയുടെ വേഷത്തെ വിമർശിച്ചും നിരവധി ആളുകൾ രംഗത്തെത്തിയിരുന്നു. ഗ്ലാഡിയേറ്ററിലെ റസ്സൽ ക്രോയുടെ വേഷവുമായി സാമ്യമുണ്ടെന്നും കോപ്പിയടിയാണെന്നും ചർച്ച ഉണ്ടായി. ഇപ്പോഴിതാ ഇതിന് മറുപടിയുമായി കായംകുളം കൊച്ചുണ്ണിയുടെ തിരക്കഥാകൃത്തുക്കളിലൊരാളായ സഞ്ജയ്.

‘ഇത്തിക്കരപക്കിക്കായുള്ള വലിയ ഗവേഷണത്തിന് ശേഷം ചെയ്ത 25 സ്കെച്ചുകളിൽ നിന്നാണ് ഈ േവഷം സംവിധാകൻ തിരഞ്ഞെടുത്തത്. ഞങ്ങൾ തിരക്കഥ പറയുമ്പോൾ തന്നെ ഇത്തിക്കരപക്കിയുടെ ലുക്ക് എങ്ങനെയാണെന്ന് റോഷൻ മനസ്സിൽ ഓർത്തെടുക്കുകയായിരുന്നു. ഇതുപോലൊരു ലുക്ക് തന്നെയാണ് ഞങ്ങളെല്ലാം ആഗ്രഹിച്ചത്. കാരണം ഇത്തിക്കരപക്കി സാഹസികനായ യാത്രികനും കള്ളനുമാണ്’.–സഞ്ജയ് പറഞ്ഞു. 

‘ഇത്തിക്കരപക്കിയുടെ കാലഘട്ടത്തിൽ കച്ചവടത്തിനായി അറബികളും ബ്രിട്ടീഷുകാരും പോർച്ചുഗീസുകാരും എത്തിയിരുന്നു. ഈ സംസ്കാരമെല്ലാം കൂടിച്ചേർന്നതാണ് ആ ലുക്ക്. പക്കി എന്നാൽ ചിത്രശലഭമെന്നാണ്, ചിത്രശലഭത്തെപ്പോലെ ദ്രുതഗതിയിൽ ചലിക്കുന്ന കളളനാണ് ഇത്തിക്കപക്കി. അതുകൊണ്ട് അദ്ദേഹത്തിന്റെ വേഷവിധാനങ്ങളും അത് കാണാനാകണം. മാത്രമല്ല പുറത്തുനിന്നുവരുന്ന കച്ചവടക്കാരെയും അദ്ദേഹം കൊള്ളയടിക്കാറുണ്ട്.’–സഞ്ജയ് പറഞ്ഞു.

‘ഇത്തിക്കരപക്കിക്ക് എങ്ങനെ ഈ വസ്ത്രം വന്നുവെന്നും സിനിമയിൽ പറയുന്നുണ്ട്. അദ്ദേഹം വിദഗ്ധനായ കളളൻ മാത്രമല്ല ഒരുപാട് യാത്ര ചെയ്ത് അനുഭവസമ്പത്തുള്ള വിദേശസുഹൃത്തുക്കളുള്ള വ്യക്തി കൂടിയാണ്.’–സഞ്ജയ് കൂട്ടിച്ചേർത്തു.