നടിമാർ മാത്രമല്ല ഈ കൊച്ചിക്കാരിയുമുണ്ട് ആര്യയുടെ മണവാട്ടിയാകാൻ

Arya, Ayesha

തമിഴ് നടൻ ആര്യയുടെ വധുവിനെ കണ്ടെത്തുവാനുള്ള റിയാലിറ്റി ഷോയിൽ രണ്ട് മലയാളിനടിമാര്‍ മത്സരാർത്ഥികളായി എത്തുന്നുവെന്ന് വാർത്ത വന്നിരുന്നു. മലയാളസിനിമയിൽ ചെറിയ വേഷങ്ങളിലൂടെ പരിചിതരായ സീതാ ലക്ഷ്മിയും ദേവ സൂര്യയുമാണ് മത്സരാർത്ഥികൾ. ഇവരെക്കൂടാതെ മറ്റൊരു മലയാളി സുന്ദരി കൂടി ആര്യയുടെ മണവാട്ടിയാകാൻ മത്സരത്തിലുണ്ട്.

ബഹറിനിൽ ജോലി ചെയ്യുന്ന ആയിഷ ലാൽ ആണ് പരിപാടിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട മറ്റൊരു മലയാളിപെൺകുട്ടി. കൊച്ചിയാണ് സ്വദേശമെങ്കിലും കുടുംബത്തോടൊപ്പം ബഹറിനിലാണ് ആയിഷ. അവിടെ ബാങ്കിങ് സെക്ടറിലാണ് ജോലി ചെയ്യുന്നത്, അല്ലാതെ ബിസിനസ്സും ചെയ്യുന്നുണ്ട്.

‘പ്ലാൻ ചെയ്ത് വന്നതല്ല, ഇപ്പോൾ 29 വയസ്സായി. വിവാഹം കഴിക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നു. മാട്രിമോണിയല്‍ സൈറ്റില്‍ വരനെ തേടിക്കൊണ്ടിരിക്കുമ്പോൾ ഈ പരിപാടിയിലേക്കുള്ള പരസ്യം കാണുന്നത്. അങ്ങനെ ഇവിടെ എത്തി.’–ആയിഷ പറയുന്നു.

ജിഷോക്ക് സ്പോർട്സ് വാച്ച് ആണ് ആയിഷ സമ്മാനമായി ആര്യയ്ക്ക് നൽകിയത്. തനിക്ക് ഏറ്റവും പ്രിയപ്പെട്ട വാച്ച് ആണ് ആയിഷ നൽകിയതെന്നും ആ ഇഷ്ടം അറിയാതെ തന്നെ തനിക്ക് നല്‍കിയതിൽ സന്തോഷമുണ്ടെന്നും ആര്യ പറഞ്ഞു.

ആര്യയുടെ വധുവിനെ കണ്ടെത്താനുള്ള റിയാലിറ്റി ഷോയിൽ ഇന്ത്യയെമ്പാടുമുള്ള 16 പെൺകുട്ടികളാണ് പങ്കെടുക്കുന്നത്. ലക്ഷകണക്കിന് പെൺകുട്ടികളിൽ നിന്ന് തിരഞ്ഞെടുത്തവരാണ് ഈ പതിനാറ്പേർ. മത്സരാര്‍ഥികളെ പരിചയപ്പെടുത്തുന്ന ആദ്യ എപ്പിസോഡില്‍ ആര്യ തന്നെയാണ് 16 പേരെയും പരിചയപ്പെടുത്തിയത്.

തുടർന്നുള്ള എപ്പിസോഡുകളിൽ ഇവർക്കായി നിരവധി മത്സരങ്ങളും ഉണ്ടാകും. നടി സംഗീതയാണ് ആര്യയ്ക്കൊപ്പം പരിപാടിയുടെ മറ്റൊരു അവതാരക.

കാസർകോട് തൃക്കരിപ്പൂര്‍ സ്വദേശിയായ ആര്യ ജനിച്ചതും വളര്‍ന്നതും ചെന്നൈയിലാണ്. ജംഷാദ് സീതിരകത്ത് എന്നാണ് അദ്ദേഹത്തിന്റെ യഥാര്‍ത്ഥ പേര്.