ഇത്രയും വേദന സഹിച്ചാണ് മോഹൻലാൽ മാണിക്യനായത്: ശ്രീകുമാർ മേനോൻ

മലയാളസിനിമ ആകാംക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് ഒടിയൻ. ചിത്രം പ്രഖ്യാപിക്കപ്പെട്ടത് മുതൽ സിനിമയുമായി ബന്ധപ്പെട്ട് ഉയർന്നു കേൾക്കുന്ന വാർത്തകളും കഥകളും അനവധിയാണ്. ഒടിയനാകാൻ മോഹൻലാൽ ഭാരം കുറച്ചതും മറ്റും ആരാധകർ ആവേശത്തോടെയാണ് സ്വീകരിച്ചത്.

ഒടിയന്റെ പൂർണതയ്ക്കായി മോഹൻലാലിന്റെ പ്രയത്നം എത്രത്തോളമായിരുന്നെന്നും ചിത്രത്തിന്റെ സംവിധായകൻ ശ്രീകുമാർ മേനോൻ തന്നെ പറയുകയാണ്. അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്–

ഒടിയൻ എന്നത് ലാലേട്ടന്റെ സിനിമാ ജീവിതത്തിലെ തന്നെ ഏറ്റവും മികച്ച വേഷമായി മാറും എന്നതിൽ സംശയമില്ല. മൂന്ന് കാലഘട്ടങ്ങളിലൂടെയാണ് സിനിമ കടന്നു പോകുന്നത്. 30 കാരനായ യുവാവായും മധ്യവയസ്കനായും, അറുപതുകാരനായും ലാൽ ഇതിൽ എത്തുന്നുണ്ട്. അതുകൊണ്ടുതന്നെ ശരീര ഭാരം കുറച്ച് മീശ വടിച്ച് പുതിയൊരു ലുക്കിൽ മോഹൻലാൽ എത്തണം. എന്നാൽ അത്തരമൊരു പരിവർത്തനത്തിന് ശരീരം അദ്ദേഹത്തെ അനുവദിക്കുന്നുണ്ടോ എന്ന് അറിയണമായിരുന്നു. അതിനായി വിശദമായ ചെക്കപ്പിനാണ് ലാലിനെ വിധേയനാക്കിയത്.

അതിന് ശേഷം ഫ്രാൻസിൽ നിന്നെത്തിയ 22 അംഗ സംഘമാണ് ലാലിനെ പരിശീലിപ്പിച്ചത്. അതിൽ പല വിഭാഗങ്ങളിൽ വിദഗ്ധരായ ആളുകളുണ്ടായിരുന്നു. പരിശീലനം തുടങ്ങി കഴിഞ്ഞാൽ ഇടയ്ക്ക് വച്ച് നിർത്താനാകില്ലെന്ന് ലാലേട്ടനോട് പറഞ്ഞിരുന്നു. കാരണം അത്രയും വേദന നിറഞ്ഞ അവസ്ഥയിലൂടെയാകും അത് കടന്ന് പോകുക. രാവിലെയും ഉച്ചയ്ക്കും വൈകിട്ടുമായി ഒന്നര മണിക്കൂർ വീതം നീളുന്ന കഠിന വ്യായാമമായിരുന്നു ആദ്യം നൽകിയത്. ഇതിൽ റോപ്പ് ക്ളൈമ്പിംഗ്, വെയ്റ്റ് ലിഫ്റ്റിംഗ്, ഓട്ടം, നീന്തൽ, ഹർഡിൽസ് എന്നിവയടങ്ങുന്നതായിരുന്നു അവ. 

പിന്നീട് മണ്ണു കൊണ്ട് ശരീരം മുഴുവൻ മൂടും. രാജസ്ഥാനിൽ നിന്നെത്തിച്ച പ്രത്യേക ക്ളേയാണ് ഇതിനായി ഉപയോഗിച്ചത്. അതിന് ശേഷം 14 ഡിഗ്രി തണുപ്പുള്ള ചേംബറിലേക്കും അവിടെ നിന്നും 30 ഡിഗ്രി താപനിലയുള്ള ചേംബറിലേക്കും ലാലേട്ടനെ മാറ്റും. പിന്നീട് 96,000 ലിറ്റർ ഓക്സിജൻ അടങ്ങുന്ന മറ്റൊരു ചേംബറിൽ എത്തിച്ച് ശരീരം പൂർവ സ്ഥിതിയിലെത്തിക്കും.

50 മുതൽ 60 കിലോ വരെ ഭാരമുള്ള പാക്കാണ് ലാലിന്റെ ശരീരത്തിൽ ഇട്ടിരുന്നതെന്ന് സംവിധായകൻ പറഞ്ഞു. പലപ്പോഴും വെട്ടിപ്പൊളിച്ചാണ് ഇത് നീക്കം ചെയ്യുക. ഇതിന്റെയെല്ലാം ഫലം സിനിമയിൽ കാണാൻ കഴിയുമെന്ന് തന്നെയാണ് എന്റെ പ്രതീക്ഷ. 

ഇതൊരു കൊമേർസ്യൽ മാസ് എന്റർടെയ്നറാണ്. നാല് പാട്ടും അഞ്ച് ആക്​ഷനും ലാലേട്ടന്റെ പഞ്ച് ഡയലോഗും അഭിനയപ്രകടനങ്ങളുമുള്ള സിനിമ. ഹരിയേട്ടന്റെ അതിമനോഹരമായ തിരക്കഥയാണ് സിനിമയുടെ മറ്റൊരു ശക്തി.

ഇവിടെ മനുഷ്യൻ മൃഗമായി മാറുകയാണ്. പുലി ആയും കാള ആയും മാൻ ആയും എല്ലാം വേഷം മാറാൻ കഴിയുന്ന മാന്ത്രിക ശക്തിയുള്ള ഒടിയൻ മാണിക്യൻ ആയാണ് മോഹൻലാൽ ഈ ചിത്രത്തിൽ എത്തുക. നാലു കാലിൽ ഓടുകയും വലിയ മരങ്ങളിൽ ചാടി കയറുകയും വന്യ മൃഗങ്ങളെ പോലെ ശത്രുക്കളെ ആക്രമിക്കാനും കരുത്തുള്ള ആളാണ് ഒടിയൻ മാണിക്യൻ. ആ കഥാപാത്രത്തിന് വേണ്ടി മോഹൻലാൽ നടത്തിയ മേക്കോവർ ഇന്ത്യൻ സിനിമയുടെ ശ്രദ്ധ പിടിച്ചു പറ്റിയ ഒന്നാണ്. ഈ ചിത്രത്തിൽ മോഹൻലാലിന് വേണ്ടി പീറ്റർ ഹെയ്‌ൻ ഒരുക്കിയ ആക്​ഷൻ രംഗങ്ങൾ അക്ഷരാർഥത്തിൽ പ്രേക്ഷകരെ ഞെട്ടിക്കുകയും വിസ്മയിപ്പിക്കും.

അത്ര ഗംഭീരമായി ആണ് മോഹൻലാൽ ഇതിലെ സംഘട്ടന രംഗങ്ങൾ ചെയ്തിട്ടുള്ളത്. അഞ്ചു മാസ്സ് സംഘട്ടന രംഗങ്ങൾ ഉള്ള ഈ ചിത്രത്തിൽ വി എഫ് എക്‌സിനു വലിയ പ്രാധാന്യം ഉണ്ട്. കുട്ടികൾക്ക് ഏറെ ഇഷ്ട്ടപെടുന്ന , അവരെ ഏറെ ആകർഷിക്കുന്ന ഒരു സൂപ്പർ ഹീറോ ആയിരിക്കും ഈ ചിത്രത്തിലെ ഒടിയൻ മാണിക്യൻ എന്നും സംവിധായകൻ പറഞ്ഞു.

രണ്ടാമൂഴത്തിൽ ഒരു യോദ്ധാവിന്റെ ശരീരമാണ്ആവശ്യപ്പെടുന്നത്. അതുകൊണ്ട് രണ്ടാമൂഴത്തിൽനമ്മൾ കാണാൻ പോകുന്നത് മറ്റൊരു രൂപത്തിലുള്ള മോഹൻലാലിനെയാണ്. രണ്ടാമൂഴം ഇമോഷനൽ ത്രില്ലറാണ്. ചിലപ്പോൾ ഈ സിനിമയിലൂടെ മോഹൻലാൽ ഓസ്കർ കൊണ്ടുവന്നേക്കാം.