അന്ന് വിനായകന്‍ ഇന്ന് ഇന്ദ്രന്‍സ്

സമൂഹത്തിന്റെ കണ്ണാടിയാണു സിനിമ. നമുക്ക് ചുറ്റും കാണുന്ന ജീവിതങ്ങളാണ് സിനിമയില്‍ കഥാപാത്രങ്ങളായി എത്തുന്നത്. സിനിമയുടെ വാണിജ്യ സമവാക്യങ്ങള്‍ കലര്‍ന്നും കലര്‍പ്പില്ലാതെയും പല തരത്തില്‍ പല മുഖത്തില്‍ അവര്‍ നമ്മെ പ്രതിനിധീകരിക്കുന്നു. സിനിമ എത്രമാത്രം സത്യസന്ധതയോടെ മനുഷ്യ ജീവിതത്തോടു സിനിമാറ്റിക് ഭംഗിയോടെ ചേര്‍ന്നു നില്‍ക്കുന്നുവോ അത്രമാത്രം ആഴത്തില്‍ ആ ചിത്രവും ചില കഥാപാത്രങ്ങളും കഥാപാത്രങ്ങള്‍ നെഞ്ചിനകത്തേയ്ക്കു ചേക്കേറും. 

ലോകം മുഴുവന്‍ അവരെ കാണണമെന്നും നല്ല വാക്കുകളും അംഗീകാരങ്ങളും ആ കഥാപാത്രങ്ങള്‍ക്കു ജീവന്‍ നല്‍കിയവരെ തേടിയെത്തണമെന്നു നമ്മള്‍ ആശിക്കും. അവര്‍ക്കായി ആള്‍ക്കൂട്ടം ആര്‍പ്പുവിളിക്കും.  ആ സിനിമയോടും കഥാപാത്രങ്ങളോടും കാലത്തിനും മനുഷ്യര്‍ക്കും എന്നും സ്‌നേഹവും ആദരവുമേയുള്ളൂവെങ്കിലും അധികാര കേന്ദ്രങ്ങള്‍ നല്‍കുന്ന അംഗീകാരങ്ങളുടെ കാര്യത്തില്‍ അതുണ്ടാകാറില്ല. രാഷ്ട്രീയ-സാമൂഹ്യ നിലപാടുകളും പക്ഷാപാതങ്ങളും അധികാരത്തിന്റെ കടന്നുകയറ്റവും അതിനെ അതിവികൃതമായി സ്വാധീനിക്കും. 

കലാകാരനു വേണ്ടിയുള്ള കാണികളുടെ ആര്‍പ്പുവിളി അപ്രസക്തമായിപ്പോകും. അവിടെയാണു കഴിഞ്ഞ തവണത്തേയും ഇത്തവണത്തേയും സംസ്ഥാന പുരസ്‌കാരങ്ങള്‍ പ്രസക്തമാകുന്നത്. പോയ വര്‍ഷം ഏറ്റവുമധികം പ്രേക്ഷകര്‍ ആഗ്രഹിച്ച വിനായകനു തന്നെ പുരസ്‌കാരം കിട്ടി. ഇത്തവണ കുറേ കാലമായുള്ള മലയാളിയുടെ ആഗ്രഹ സാഫല്യമെന്നോണം ഇന്ദ്രന്‍സിനു പുരസ്‌കാരം കിട്ടി.

കഴിഞ്ഞ തവണ വിനായകന്‍, ഇത്തവണ ഇന്ദ്രന്‍സ്. പ്രേക്ഷകരുടെ മനസ്സ് ആഗ്രഹിച്ച പോലെ അവാര്‍ഡ് നിര്‍ണയം നടത്തിയ ജൂറിക്ക് അഭിനന്ദന പ്രവാഹമാണ്. തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിലെ അഭിനയത്തിന് ഫഹദ് ഫാസിലിന് മികച്ച നടനാകാന്‍ കഴിഞ്ഞില്ലെന്ന ചെറിയ സങ്കടമുണ്ടെങ്കിലും ഇന്ദ്രന്‍സിന് കാലങ്ങള്‍ക്കു മുന്‍പേ കിട്ടേണ്ടതാണീ പുരസ്‌കാരമെന്നതില്‍ തര്‍ക്കമില്ല. സമൂഹ മാധ്യമങ്ങളിലെ അഭിപ്രായ പ്രകടനങ്ങള്‍ അതാണ് വ്യക്തമാക്കുന്നത്. 

സിനിമകളില്‍ ഇന്ദ്രന്‍സിന് വേര്‍തിരിവില്ല. പുതിയകാല സിനിമയില്‍ നിന്ന് ചെറിയ അവഗണന നേരിട്ടപ്പോള്‍...ഓ നമ്മളൊക്കെ പഴയ ആളുകളല്ലേ എന്നു പറഞ്ഞ് മാറി നില്‍ക്കാന്‍ ശ്രമിച്ചു. നടന് ഇനിയുമേറെയാണ് എന്നു കണ്ട് സന്ധികളോട് യോജിപ്പില്ലാത്ത സംവിധായകര്‍ വിളിച്ചപ്പോള്‍ ഓടിച്ചെന്നു. വി.സി. അഭിലാഷിന്‌റെ ആളൊരുക്കത്തിലൂടെ മികച്ച നടനായപ്പോള്‍ ആ ആത്മാര്‍ഥതയ്ക്കും സിനിമയോടുള്ള ഇഷ്ടത്തിനുമാണ് കാലം കാത്തുവച്ചൊരു സമ്മാനം നല്‍കിയത്. 

അഭിലാഷും ഇന്ദ്രൻസും

വിനായകനും ഇന്ദ്രന്‍സും പല തരത്തിലും സാമ്യമുള്ളവരാണ്. നടന്‍ സുന്ദരനായിരിക്കണമെന്ന പതിവ് ചിന്താഗതികളെ തിരുത്തിയെഴുതിയ പ്രതിഭകള്‍. പ്രധാന നടന്റെ ഗ്ലാമറിനെ അഭിനയത്തികവു കൊണ്ട് കീഴടക്കുകയാണ് ഇരുവരും ചെയ്തത്. ഇന്ദ്രന്‍സ് ജീവിതത്തിന്റെ പാതിയിലാണ്, സിനിമയില്‍ വസ്ത്രാലങ്കാര വിദഗ്ധനായി എത്തിയ ശേഷമാണ് അഭിനേതാവാകുന്നത്. അവാര്‍ഡ് സിനിമകള്‍ എന്നു പറഞ്ഞ് ബഹുഭൂരിപക്ഷം പ്രേക്ഷകര്‍ മാറ്റി നിര്‍ത്തുന്ന, കലാമൂല്യമുള്ള സിനിമകളില്‍ പ്രധാന അഭിനേതാവായി എത്തിയതോടെയാണ് കോമഡികള്‍ മാത്രം വഴങ്ങുകയും നായകന്റെ അടിമയും തല്ലുകൊള്ളിയുമായ സഹായിയുമായി മാത്രം നില്‍ക്കേണ്ട വ്യക്തിയല്ല ഇന്ദ്രന്‍സ് എന്നു നമുക്ക് ബോധ്യമായത്. 

കോമഡി താരമായപ്പോഴും മനസ്സിലെന്നും ചിരി പടര്‍ത്തുന്ന, നിത്യഹരിതമായ കുറേ വേഷങ്ങളാണ് അദ്ദേഹം ആടിത്തീര്‍ത്തത്. ചെറിയ വേഷങ്ങളില്‍ തുടങ്ങി പതിയെ പതിയെ മുഖ്യധാര മലയാള സിനിമയുടെ ഭാഗമായി മാറുകയായിരുന്നു ഇന്ദ്രന്‍സ്. കര്‍ട്ടനു പിന്നിലൊരു നിഴലായി നിന്ന് പതിയെ പതിയെ വേദിയിലെ ഒറ്റ ബള്‍ബിനു കീഴിലെത്തി ഒറ്റ മൈക്കിനു മുന്നില്‍ നിന്ന് അഭിനയിച്ച് സംസാരിച്ച് പ്രേക്ഷകരെ കീഴടക്കിയ നാടക നടനെ പോലെ. അവരെ ചിരിയിപ്പിച്ചും കരയിപ്പിച്ചും നിന്ന നാടക നടനെ പോലെ. അവാര്‍ഡുകള്‍ ഇന്ദ്രന്‍സിന് കിട്ടാതെ പോയപ്പോള്‍ അവര്‍ കരഞ്ഞതും പരിഭവിച്ചതും അത്രമാത്രം പച്ചയായ നടനാണ് ഇന്ദ്രന്‍സ് എന്നുള്ളതുകൊണ്ടാണ്. സാധാരണക്കാര്‍ക്കിടയില്‍ നിന്നു നടന്നു കയറി സിനിമയുടെ ഭാഗധേയമായി പരിഭവങ്ങളില്ലാതെ സാധാരണക്കാരനായ മനുഷ്യന് അവര്‍ നിറഞ്ഞ കയ്യടി നല്‍കിയത് അതുകൊണ്ടാണ്.

സിനിമയിലെ താരങ്ങള്‍ക്ക് ഉടുപ്പും ചെരുപ്പുമൊക്കെ തുന്നിക്കൊടുത്താണ് ഇന്ദ്രന്‍സ് സിനിമയിലെത്തുന്നത്. താന്‍ ഉടുപ്പു തുന്നിക്കൊടുത്തവര്‍ക്കൊപ്പം മികച്ച വേഷങ്ങള്‍ പിന്നീട് ഇന്ദ്രന്‍സ് ചെയ്തു. മുഖത്തേയ്ക്ക് ഉടുപ്പു വലിച്ചെറിഞ്ഞവരും ഒപ്പം അഭിനയിക്കാനാകില്ലെന്ന് പറഞ്ഞ് അവഗണിച്ചവരും ഏറെ. എന്നിട്ടും ഇന്ദ്രന്‍സിനെ തേടി സിനിമയെത്തി. ഇതാ ഇവിടെ..ആളൊരുക്കം വരെ. വിസി അഭിലാഷിനെ പോലെ തീര്‍ത്തുമൊരു തുടക്കക്കാരന്‍ ഇന്ദ്രൻസിനെ തേടിയെത്തിയത് തന്റെ കയ്യിലൊതുങ്ങുന്നൊരാളാണ് എന്ന തോന്നലില്ല. ആ കഥാപാത്രത്തിന് ചേരുന്നയാള്‍ ഇന്ദ്രന്‍സിനപ്പുറം മറ്റൊരാളില്ലെന്ന ബോധ്യത്തിലാണ്. അത് ശരിയാണെന്ന് തെളിയുകയും ചെയ്തു. 

വിനായകനും അതുപോലെ തന്നെ. എറണാകുളത്തിന്റെ വലിയ കെട്ടിടങ്ങളുടെ നിഴല്‍ വിഴുങ്ങിയ ചതുപ്പു നിറഞ്ഞൊരു നാട്ടില്‍ ജനിച്ചു വളര്‍ന്ന വിനായകന്‍. വ്യവസ്ഥിതകളോട് ഒട്ടുമേ സൗമ്യതയില്ലാതെ തുറന്നടിച്ചു സംസാരിക്കുന്ന വിനായകന്‍. കാമറയ്ക്കു മുന്‍പില്‍ അഭിനയിക്കാറില്ല. ജീവിതത്തില്‍ തീര്‍ത്തുമില്ല. രാജീവ് രവിയുടെ കമ്മട്ടിപ്പാടത്തിലെ ഗംഗയായി മാറിയപ്പോള്‍ താരപരിവേഷങ്ങളെ പിന്നിലാക്കിയാണ് വിനായകന്‍ അഭിനയിച്ചത്. ഇന്ദ്രന്‍സിന്റേതു പോലെ ടൈപ്പ് കാസ്റ്റ് ചെയ്യപ്പെടുമായിരുന്ന നടനാണ് വിനായകനും. 

ക്വട്ടേഷന്‍ കഥാപാത്രമായോ കോമഡിയായോ ഒതുങ്ങേണ്ടൊരാള്‍. പക്ഷേ രാജീവ് രവിയെ പോലെ നല്ല സംവിധായകര്‍ വിനായകനേയും വീണ്ടെടുത്തു. പോയവര്‍ഷം സംസ്ഥാന പുരസ്‌കാര സമയമായപ്പോള്‍ ഇത്തവണത്തേതു പോലെ ആശങ്കയുണ്ടായിരുന്നു. വിനായകന് കിട്ടുമോയെന്ന കാര്യത്തില്‍. നായക നടന്‍ അല്ലല്ലോ വിനായകന്‍. പക്ഷേ നടനെ വെല്ലുന്ന അഭിനയത്തികവ് എങ്ങനെ കാണാതിരിക്കും. അവാര്‍ഡ് പ്രഖ്യാപനമറിഞ്ഞ് വീട്ടിലെത്തിയ മാധ്യമപ്രവര്‍ത്തകര്‍ ക്ലീഷേ ഫോട്ടോയ്ക്കു വേണ്ടി അമ്മയ്‌ക്കൊരുമ്മയും ലഡുവും നല്‍കുന്നതായി കാണിക്കാന്‍ പറഞ്ഞു...അഭിനയിക്കാന്‍ പറയരുതെന്ന് മുഖത്തു നോക്കി പറയാനും തനിക്കു പറയാനുള്ളതു മാത്രം പറഞ്ഞ് രംഗം വിടാനും വിനായകന്‍ തന്‌റേടം കാട്ടി. ജീവിതം പഠിപ്പിച്ച തന്‌റേടം. 

ജീവിത സാഹചര്യങ്ങളാണ് ഇവരെ വാര്‍ത്തെടുത്തത്. അങ്ങനെയാണ് അവരിലെ പ്രതിഭയ്ക്കു മൂര്‍ച്ച കൂടിയത്. എല്ലാവരേയും സ്‌നേഹിക്കാന്‍ പഠിക്കൂ...അനീതികളോട് കലഹിക്കൂ....എന്നത് രണ്ടു പേരും രണ്ടു തരത്തിലുള്ള വര്‍ത്തമാനത്തിലൂടെ നമ്മോടു പറയുന്നു. നടനു വേണ്ട ഭംഗിയെന്നു നമ്മള്‍ ധരിച്ചു വച്ചിരിക്കുന്നതൊന്നും ഇല്ലാത്ത രണ്ടു പേര്‍ക്ക് ജനമനസ്സുകള്‍ ആഗ്രഹിച്ച പോലെ പുരസ്‌കാരം നല്‍കപ്പെടുമ്പോള്‍ അവിടെ ജയിക്കുന്നത് യഥാര്‍ഥ കലാകാരന്‍മാരും കലയും കൂടിയാണ്...

കയ്യടിക്കടാ...എന്ന് കാലം നമ്മോടു പറയുകയാണ് അപ്പോള്‍...