അതിന്റെ പേരില്‍ വലിയ വില കൊടുക്കേണ്ടി വന്നു: റിമ

മലയാള സിനിമയിലെ വനിതാ കൂട്ടായ്മയായ വിമൻ ഇന്‍ സിനിമാ കളക്ടീവിന്റെ ഭാഗമായതോടെ തനിക്കും കൂട്ടായ്മയിലെ മറ്റ് അംഗങ്ങള്‍ക്കും നിരവധി ഭീഷണികള്‍ നേരിടേണ്ടിവന്നിട്ടുണ്ടെന്ന് റിമ കല്ലിങ്കൽ. റിറ്റ്സ് മാസികയ്ക്ക് നൽകിയ അഭിമുഖത്തിലാണ് റിമയുടെ തുറന്നുപറച്ചിൽ.

‘ഇന്ന് സിനിമയിൽ സ്ത്രീകൾ ചെയ്ത കഥാപാത്രങ്ങളെ ആരും തന്നെ ഓർക്കാറില്ല. സിനിമയിൽ 99 ശതമാനവും പുരുഷന്മാരാൽ നിറഞ്ഞ് നിൽക്കുന്നു. മാത്രമല്ല ഒരു സ്ത്രീയുടെ വികാരവും പ്രതികരണവും അതിജീവനുമൊക്കെ പുരുഷന്മ മനസ്സിലാക്കാൻ കഴിയുമെന്ന പ്രതീക്ഷയും വേണ്ട.’–റിമ പറയുന്നു.

‘സിനിമയിലേക്ക് കൂടുതൽ സ്ത്രീകൾ ഇറങ്ങണം. അവരുടെ കഥ പറഞ്ഞ്, സിനിമയിൽ നിലയുറപ്പിക്കാൻ കഴിയണം. അതിന് സിനിമാ ഇൻഡസ്ട്രിയ സുരക്ഷിതമായ ഇടമാണെന്ന ബോധം അവരിൽ വളർത്തേണ്ടതുണ്ട്. അതാണ് വനിതാസംഘടനയുടെ പ്രധാനലക്ഷ്യം.’

‘സ്ത്രീകള്‍ സ്വന്തം അവകാശങ്ങള്‍ക്കു വേണ്ടി സംസാരിക്കുമ്പോള്‍ അതിനെ അംഗീകരിക്കാന്‍ നമ്മുടെ സമൂഹത്തിന് വല്ലാത്ത ബുദ്ധിമുട്ടാണ്. ഞങ്ങളുടെ കൂട്ടുകാരി ആക്രമിക്കപ്പെട്ടപ്പോള്‍ ഒരു നിലപാടെടുക്കുക എന്നതല്ലാതെ മറ്റൊന്നും ഞങ്ങള്‍ക്കു മുമ്പില്‍ ഇല്ലായിരുന്നു. തലയുയയര്‍ത്തി നില്‍ക്കാനും പ്രതികരിക്കാനും, അവള്‍ക്കും, മറ്റ് സ്ത്രീകള്‍ക്കും കൊടുക്കേണ്ടിരുന്ന ഒരു ഉറപ്പായിരുന്നു അത്. അവള്‍ യഥാർത്ഥ പോരാളിയാണ്. ഒരു പെണ്‍കുട്ടി ആക്രമിക്കപ്പെടുന്നതോടെ അവളുടെ ജീവിതം അവസാനിച്ചു എന്നു വിശ്വസിക്കാനാണ് നമ്മളൊക്കെ പഠിച്ചിരിക്കുന്നത്.’ 

‘പക്ഷെ അത് തെറ്റാണ്. ഇതിന്റെ പേരില്‍ വലിയ വില കൊടുക്കേണ്ടി വന്നു. സിനിമാ മേഖലയില്‍ നിന്നു തന്നെ ഒഴിവാക്കി കളയും എന്ന തുറന്ന ഭീഷണികള്‍ വരെ ഞങ്ങള്‍ക്കു ലഭിച്ചു. സമൂഹമാധ്യമങ്ങളിൽ ഞങ്ങള്‍ പരസ്യമായി അധിക്ഷേപിക്കപ്പെട്ടു. പക്ഷെ അതൊന്നും ഞങ്ങളെ തളർത്തില്ല. സ്ത്രീവിരുദ്ധത, പുരുഷാധിപത്യം, കാസ്റ്റിങ് കൗച്ച് തുടങ്ങി നിരവധി പ്രശ്‌നങ്ങള്‍ സിനിമയില്‍ ഉണ്ട്. അതിനെക്കുറിച്ചു സ്ത്രീകള്‍ തുറന്നു പറഞ്ഞു തുടങ്ങി. സമൂഹത്തില്‍ സ്വാധീനം ചെലുത്താന്‍ ശക്തിയുള്ള ഒരു മാധ്യമമാണ് സിനിമ. അപ്പോള്‍ കഥാപാത്രങ്ങളെ സൃഷ്ടിക്കുമ്പോള്‍ നമ്മള്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തണം. എല്ലാ മനുഷ്യരേയും പോലെ സമത്വത്തോടെ തങ്ങളേയും അംഗീകരിക്കണം എന്നു സത്രീകളും തിരിച്ചറിയണം.–റിമ പറഞ്ഞു.

‘സ്ഥിരം നാല് പാട്ട്, നാല് സീന്‍ റോളുകള്‍ ചെയ്യാന്‍ എനിക്ക് താല്‍പര്യമില്ല. വ്യത്യസ്തമായ കഥാപാത്രങ്ങള്‍ ചെയ്യാന്‍ ശ്രമിക്കണം. കഥാപാത്രമല്ല കഥയായിരിക്കണം മികച്ചത്. കോമഡി വേഷങ്ങൾ ചെയ്തപ്പോള്‍ അതൊരു വെല്ലുവിളിയായാണ് കണ്ടിരുന്നത്. പക്ഷെ എല്ലാവരും അത് ആ രീതിയില്‍ എടുത്തില്ല.’–റിമ പറഞ്ഞു.