ഗ്രാഫിക്സ് ചെലവ്: പുലിയെ നീരാളി വിഴുങ്ങും?

ഈ വർഷം ആദ്യം ഇറങ്ങാൻ ഒരുങ്ങുന്ന മോഹൻലാൽ ചിത്രം നീരാളി മലയാള സിനിമയിലെ ഏറ്റവും ചെലവേറിയ കമ്പ്യൂട്ടർ ഗ്രാഫിക്സ് ചിത്രമായിരിക്കുമെന്ന് വിവരം. ഒരു മലയാള സിനിമയുടെ സാധാരണ നിർമാണ ചെലവാണ് നീരാളിയുടെ ഗ്രാഫിക്സിനു വേണ്ടി മാത്രം ചെലവഴിക്കുന്നത്. 

നിലവിൽ പുലി മുരുകനാണ് മലയാളത്തിൽ ഏറ്റവും അധികം പണമിറക്കി ഗ്രാഫിക്സ് ചെയ്തു റിലീസ് ചെയ്ത മലയാള ചിത്രം എന്നാണ് കണക്കാക്കുന്നത്. എന്നാൽ നീരാളി ഇക്കാര്യത്തിൽ പുലിമുരുകനെ കടത്തി വെട്ടുമെന്നാണ് റിപ്പോർട്ട്. ഹോളിവുഡ് ചിത്രങ്ങളോടു കിടപിടിക്കുന്ന ഗ്രാഫിക്സ് സാങ്കേതിക വിദ്യയാണ് ചിത്രത്തിൽ ഉപയോഗിക്കുന്നതെന്ന് തിരക്കഥാകൃത്ത് സാജു തോമസ് പറഞ്ഞു. 

ഇന്ത്യയിലെ മുൻനിര ഗ്രാഫിക്സ് കമ്പനികളിലൊന്നായ ആഫ്റ്റർ ആണ് അണിയറയിലുള്ളത്. നീരാളി ഒരു അഡ്വഞ്ചർ ത്രില്ലറാണെന്ന് സംവിധായകൻ അജോയ് വർമ നേരത്തെ വ്യക്തമാക്കിയിരുന്നെങ്കിലും മറ്റു വിവരങ്ങൾ പുറത്തു വിട്ടിട്ടില്ല. ഇതിനകം സിനിമയുടെ ചിത്രീകരണം പൂർത്തിയായെങ്കിലും നിശ്ചല ചിത്രങ്ങളോ ദൃശ്യങ്ങളോ ഇതുവരെ പുറത്തു വിട്ടിട്ടില്ല. വിഎഫ്എക്സിന്റെ അതിപ്രാധാന്യം പരിഗണിച്ചാണ് കാമറ ഉൾപ്പടെയുള്ള സാങ്കേതിക പ്രവർത്തികൾ ബോളിവുഡിൽ നിന്നുള്ളവരെ ഏൽപിച്ചത് എന്നാണ് വിവരം. മുംബൈ തായ്‌ലൻഡ് എന്നിവിടങ്ങളിലാണ് ചിത്രീകരണം പൂർത്തിയാക്കിയത്. 

മൂൺഷോട് എന്റർടെയിൻമെന്റിന്റെ ബാനറിൽ സന്തോഷ് ടി. കുരുവിള നിർമിക്കുന്ന നീരാളിയുടെ റിലീസ് തീയതി പ്രഖ്യാപിച്ചിട്ടില്ല.