നടി സാന്ദ്ര തോമസിന് ഇരട്ടക്കുട്ടികൾ

നടിയും നിർമാതാവുമായ സാന്ദ്ര തോമസിന് ഇരട്ടക്കുട്ടികൾ. രണ്ടും പെൺകുട്ടികളാണ്. തങ്ങൾക്ക് രണ്ടു മാലാഖക്കുട്ടികൾ പിറന്നുവെന്നായിരുന്നു സാന്ദ്ര ഫെയ്സ്ബുക്കിൽ കുറിച്ചത്. കാത്‌ലിൻ, കെൻഡാൾ എന്നാണ് കുട്ടികൾക്ക് പേരിട്ടിരിക്കുന്നത്.

നിലമ്പൂർ എടക്കര സ്വദേശി തയ്യിൽ വിൽസൺ ജോൺ തോമസാണ് സാന്ദ്രയുടെ ഭർത്താവ്. വ്യവസായിയായ ഇദ്ദേഹം എറണാകുളത്ത് ഹോസ്പിറ്റൽ മാനേജ്മെന്റ് ബിസിനസ് മേഖലയിലാണു പ്രവർത്തിക്കുന്നത്. പ്രമുഖ സിനിമാ നിര്‍മാണ കമ്പനിയായ ഫ്രൈഡേ ഫിലിം ഹൗസിന്റെ സഹസ്ഥാപകയാണ് സാന്ദ്ര. വിവാഹശേഷം സാന്ദ്ര ഫ്രൈഡേ ഫിലിം ഹൗസിൽനിന്നു വേർപിരിഞ്ഞു.

1991ൽ നെറ്റിപ്പട്ടം, മിമിക്സ് പരേഡ്, ചെപ്പുകിലുക്കണ ചങ്ങാതി തുടങ്ങിയ ചിത്രങ്ങളിലൂടെ ബാലതാരമായി സിനിമയിലെത്തിയ നടി, ഫ്രൈഡേ, കിളി പോയി, ആമേൻ, സക്കറിയയുടെ ഗർഭിണികൾ, ആട് ഒരു ഭീകരജീവിയാണ് തുടങ്ങിയ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.