പൊതുവേദിയിൽ പിഷാരടിയുടെ തല മൊട്ടയടിച്ച് ജയറാം

കഥാപാത്രങ്ങൾക്ക് വേണ്ടി ഏതറ്റംവരെയും ത്യാഗം ചെയ്യുന്ന താരങ്ങളെ നമ്മൾ കണ്ടിട്ടുണ്ട്. ചിലർ ശരീരഭാരം കുറക്കും, വണ്ണം വർധിപ്പിക്കും, മുടി വളർത്തും, മൊട്ടയടിക്കും. എന്നാൽ ഇവിടെ നായകനൊപ്പം സിനിമയുടെ സംവിധായകനും അതുപോലെ തന്നെ ചെയ്തു. 

രമേശ് പിഷാരടി ആദ്യമായി സംവിധാനം ചെയുന്ന മലയാള സിനിമയാണ് പഞ്ചവർണ്ണതത്ത. ചിത്രത്തിൽ ജയറാമും കുഞ്ചാക്കോ ബോബനുമാണ് പ്രധാനവേഷങ്ങളിൽ എത്തുന്നത്. എന്നാൽ സാധാരണ രൂപത്തിൽ നിന്നും വ്യത്യസ്തമായി മൊട്ടയടിച്ച കുടവയറൻ ജയറാമിനെയാണ് പിഷാരടി ഈ സിനിമയിൽ അവതരിപ്പിക്കുന്നത്. കഥാപാത്രത്തിന് വേണ്ടി മൊട്ടയടിക്കാൻ നിർബന്ധിച്ചപ്പോൾ ആദ്യം ജയറാം ഒന്ന് പരിഭ്രമിച്ചു. പക്ഷെ പിന്നീട് തനിക്ക്  കൂട്ടായി പിഷാരടിയും തല മൊട്ടയടിക്കാം എന്ന് വാക്ക് കൊടുത്തിരുന്നു. അതോടെ ജയറാമും സമ്മതിച്ചു.  

സമാധാനിപ്പിക്കാൻ പറഞ്ഞ ആ വാക്കിൽ ജയറാം മൊട്ടയടിച്ച്  വന്നപ്പോൾ, ജയറാം കണ്ടത് മൊട്ടയടിക്കുക പോയിട്ടു മുടി ഒന്ന് മുറിച്ചിട്ട് പോലുമില്ലാത്ത പിഷാരടിയെയാണ്. പിന്നീട് ഷൂട്ടിങ് തീരുന്നത് വരെ ഈ വിഷയത്തെപറ്റി  ഒരക്ഷരം പോലും ജയറാമിനോട് പിഷാരടി മിണ്ടിയിട്ട് പോലുമില്ല.    

എന്നാൽ കഴിഞ്ഞ ദിവസം നടന്ന ഒരു അവാർഡ്ദാന ചടങ്ങിൽ പിഷാരടിയെ ജയറാം കയ്യോടെ പിടിച്ചു. തനിക്ക്  പണി കൊടുത്ത പിഷുവിനു ജയറാം ആ വേദിയിൽ വെച്ച് തന്നെ മുട്ടൻ പണി തിരിച്ച്  കൊടുത്തു. തന്നെ പറ്റിച്ച പിഷാരടിയെ ജനങ്ങളുടെ മുമ്പിൽ വെച്ച്  മൊട്ടയടിപ്പിക്കുയായിരുന്നു  ജയറാം. പിന്നീട് ചടങ്ങിലുടനീളം മൊട്ടയടിച്ച ലുക്കിലാണ് പിഷാരടി പ്രത്യക്ഷപ്പെട്ടത്.