‘ആ നടൻ വാങ്ങുന്ന കാശിന്റെ ഏഴിലൊന്നാണ് ഞങ്ങളുടെ ആകെ ബജറ്റ്’

വിഷു റിലീസുകൾക്ക് ശേഷം വീണ്ടും തിയറ്ററുകൾ നിറയാനൊരുങ്ങുകയാണ്. ഏപ്രിൽ 27ന് അഞ്ച് മലയാളസിനിമകളാണ് റിലീസിനെത്തുന്നത്. മമ്മൂട്ടിയുടെ അങ്കിൾ, അൽഫോൻസ് പുത്രൻ നിർമിക്കുന്ന തൊബാമ, വിനീത് ശ്രീനിവാസന്റെ അരവിന്ദന്റെ അതിഥികൾ എന്നിവയാണ് ഏപ്രിൽ 27ന് റിലീസിനെത്തുന്ന ചിത്രങ്ങൾ.

ഉണ്ണി മുകുന്ദന്റെ ചാണക്യതന്ത്രം, സുരാജ്–റിമ ടീമിന്റെ ആഭാസം എന്നിവയുടെ റിലീസ് തിയതി മാറ്റിവച്ചു. ഹോളിവുഡില്‍ നിന്നും ബ്രഹ്മാണ്ഡസിനിമയായ അവഞ്ചേർസ് ഇൻഫിനിറ്റി വാര്‍ നാളെ റിലീസിനുണ്ട്. കേരളത്തിലും നിരവധി സിനിമാപ്രേമികളാണ് ഈ ചിത്രത്തിനായി കാത്തിരിക്കുന്നത്. 

അവഞ്ചേർസ് സിനിമയിലെപ്പോലെ സൂപ്പർഹീറോസ് ഉള്ള സിനിമയല്ല തൊബാമയെന്നും അതിൽ സാധാരണ ഹീറോസ് ഉണ്ടെന്നും തൊബാമയുടെ നിർമാതാവായ അൽഫോൻസ് പുത്രൻ ഫെയ്സ്ബുക്കിൽ കുറിച്ചു.

അൽഫോൻസിന്റെ കുറിപ്പ് വായിക്കാം–‘നാളെ അവഞ്ചേർസ് എന്ന സിനിമയും ഇറങ്ങുന്നുണ്ട് . അതിൽ അഭിനയിക്കുന്ന റോബർട്ട് ഡൗണി ജൂനിയർ വാങ്ങുന്ന പ്രതിഫലത്തിന്റെ ഏഴിൽ ഒന്ന് മാത്രമാണ് ഞങ്ങളുടെ സിനിമയുടെ മുഴുവൻ ബജറ്റ്. തൊബാമയിൽ സൂപ്പർ ഹീറോസ് ഇല്ല.. പക്ഷെ സാധാരണ ഹീറോസ് ഉണ്ട്... നല്ല ചങ്കോറപ്പൊള്ള നടന്മാരുണ്ട്. 

കഥാപാത്രങ്ങൾക്കു വേണ്ടി നല്ലോണം പണിയെടുത്ത ഒരുപാട് ആൾക്കാര് ഈ സിനിമയിൽ ഉണ്ട്. പിന്നെ പുതുമ. അത് പ്രതീക്ഷിക്കരുത്.’