ഞാൻ ചെയ്തതിൽ ഏറ്റവും മികച്ച സിനിമയാണ് ഒടിയൻ: പീറ്റർ ഹെയ്ൻ

ഇന്ത്യയിലെ ഏറ്റവും വിലപിടിപ്പുള്ള ആക്​ഷൻ കൊറിയോഗ്രാഫര്‍ ആണ് പീറ്റർ ഹെയ്ൻ. ശങ്കർ, രാജമൗലി തുടങ്ങിയവരുടെ വലിയ സിനിമകളിൽ മാത്രം കണ്ടുകൊണ്ടിരുന്ന പീറ്റർ പുലിമുരുകനിലൂടെ മലയാളസിനിമയുടെ സ്ഥിരസാനിധ്യമായി മാറി. അന്യൻ, ബാഹുബലി, പുലിമുരുകൻ പോലുള്ള സിനിമകളിൽ പ്രവർത്തിച്ചെങ്കിലും അദ്ദേഹത്തിന്റെ ജീവിതത്തിലെ ഏറ്റവും മികച്ച സിനിമയായി കണക്കാക്കുന്നത് ഒടിയനെയാണ്. ആദി സിനിമയുടെ നൂറാം വിജയാഘോഷചടങ്ങിൽ പങ്കെടുക്കുമ്പോഴാണ് പീറ്റർ ഹെയ്ൻ ഇക്കാര്യം വെളിപ്പെടുത്തിയത്. 

‘എന്റെ എല്ലാ സിനിമകളിലും ആത്മാർത്ഥമായും കഷ്ടപ്പെട്ടുമാണ് പ്രവർത്തിക്കുന്നത്. അത് നിങ്ങൾക്ക് തരുന്നൊരു ഉറപ്പാണ്. സംവിധായകർക്ക് വേണ്ടിയും താരങ്ങൾക്ക് വേണ്ടിയും എന്റെ ഹൃദയംകൊണ്ടാണ് ഞാൻ ജോലി ചെയ്യുന്നത്. എന്നാല്‍ ആ സിനിമകളിൽ നിന്നെല്ലാം പീറ്റർ െഹയ്നെന്ന വ്യക്തി ചെയ്ത ഏറ്റവും മികച്ച വർക്ക് ആയിരിക്കും ഒടിയൻ. ഇതിന്റെ അവസാനഫലം എന്തെന്ന് എനിക്ക് അറിയില്ല. എന്നാൽ എന്റെ കഴിവിന്റെ പരമാവധി ഒടിയന് വേണ്ടി ഉപയോഗിച്ചിട്ടുണ്ട്.

മോഹൻലാലോ അതോ ഒടിയൻ തന്നെയോ; ശ്വാസമടക്കിപ്പിടിച്ച് അണിയറപ്രവർത്തകർ

ഹോളിവുഡിലെ റസിഡന്റ് ഈവിൾ സിനിമയുടെ അവസാനഭാഗത്തിനായി അണിയറപ്രവർത്തകർ പീറ്റർ ഹെയ്നെ സമീപിച്ചിരുന്നു. ഇന്ത്യയിൽ നിന്നും ക്വാളിറ്റി ആക്​ഷന്‍ ഉണ്ടാകുന്നില്ലെന്നായിരുന്നു അവര്‍ പീറ്റർ ഹെയ്നോട് പറഞ്ഞത്. ഇവരുടെ ആ ആരോപണത്തിനുള്ള മറുപടിയാകും മോഹൻലാലിന്റെ ഒടിയനെന്ന് അദ്ദേഹം പറഞ്ഞു.

മറ്റു സിനിമകളേക്കാൾ ഏറ്റവും കൂടുതല്‍ സമയം നീക്കിവെച്ചത് ഒടിയന് വേണ്ടിയായിരുന്നു. ത്രില്ലിങും വ്യത്യസ്തവുമായ ആക്​ഷൻ സ്വീക്വൻസുകളാണ് ഒടിയനിലേത്. പുലിമുരുകനിൽ അദ്ദേഹത്തിന്റെ ചുരുക്കം ചില വിദ്യകൾ മാത്രമാണ് കണ്ടിരിക്കുന്നത്. അതിന്റെ പൂര്‍ണത ഒടിയനിലാകും കാണാൻ കഴിയുക. എന്തായാലും പീറ്റർ ഹെയ്നും ഒടിയൻ മാണിക്യനും ഒന്നിക്കുമ്പോഴുണ്ടാകുന്ന ആക്​ഷൻ മാജിക്ക് വെള്ളിത്തിരയിൽ കാണാനുള്ള ആകാംക്ഷയിലാണ് പ്രേക്ഷകർ.

വി.എ ശ്രീകുമാർ സംവിധാനം ചെയ്യുന്ന ചിത്രത്തിന് തിരക്കഥ എഴുതുന്നത് ദേശീയ അവാർഡ് ജേതാവ് ഹരികൃഷ്ണൻ ആണ്. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ചിത്രം നിർമിക്കുന്നു.