‘ദിലീപിന്റെ നിർബന്ധത്തില്‍ അഭിനയിച്ചു, കഥാപാത്രം സൂപ്പർഹിറ്റ്’

നിരവധി കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ച നടനാണ് ഹരിശ്രീ അശോകന്‍.  തുടക്കകാലത്ത് അഭിനയിക്കുമ്പോൾ മമ്മൂക്കയും മോഹന്‍ലാലും നല്‍കിയ പ്രചോദനം മറക്കാനാകില്ലെന്ന് ഹരിശ്രീ അശോകൻ അഭിമുഖത്തിൽ പറയുകയുണ്ടായി. ദിലീപിന്റെ നിര്‍ബന്ധ പ്രകാരം അഭിനയിച്ച ഭിക്ഷക്കാരന്റെ വേഷം തന്റെ സിനിമാ ജീവിതത്തില്‍ വഴിത്തിരിവുണ്ടാക്കിയെന്നും ഹരിശ്രീ അശോകന്‍ പറഞ്ഞു.

ഹരിശ്രീ അശോകന്റെ വാക്കുകള്‍:

പിജി വിശ്വംബരന്‍ സംവിധാനം ചെയ്ത ചിത്രമാണ് പാര്‍വതിക്ക് പരിണയം. ആ സമയം ഞാന്‍ കൊക്കരക്കോ എന്ന ചിത്രത്തില്‍ അഭിനയിക്കുകയാണ്. ദിലീപിന്റെ നിര്‍ബന്ധ പ്രകാരമാണ് വിശ്വംബരന്‍ സാറിന്റെ സിനിമയില്‍ അഭിനയിക്കുന്നത്. കൊക്കരക്കോയില്‍ മുഴുനീള കഥാപാത്രമായിരുന്നു. അതുകൊണ്ട് ഈ സിനിമയില്‍ എനിക്ക് വലിയ താല്‍പര്യമുണ്ടായിരുന്നില്ല. ഒരു ഭിക്ഷക്കാരന്റെ റോളായിരുന്നു. മൂന്ന് സീനാണ് എനിക്കുണ്ടായത്. പാവപ്പെട്ട ഭിക്ഷക്കാരന് എന്തെങ്കിലും തരണേ എന്ന ഡയലോഗായിരുന്നു പറയേണ്ടത്. ഞാന്‍ ഹമ്മ ഹമ്മ സോങിനെ ചേര്‍ത്ത് ഡയലോഗ് അവതരിപ്പിച്ചു. പൊട്ടിച്ചിരിയായിരുന്നു അവിടെയുണ്ടായത്. ആ സീന്‍ എന്റെ സിനിമാ ജീവിതത്തിലെ പ്രധാന വഴിത്തിരിവായിരുന്നു.

ദിലീപ് എന്റെ സുഹൃത്ത് എന്ന് പറയാനാകില്ല, എന്റെ അനിയനെപ്പോലെയാണ്. എന്നോട് ഭയങ്കര ആരാധനയായിരുന്നു അവന്. കലാഭവനില്‍ ഉണ്ടായിട്ട് പോലും അവന്‍ ഹരിശ്രീ ട്രൂപ്പിലേക്ക് വരാന്‍ കാരണം ഞാനാണ്. എന്നോടുള്ള ഇഷ്ടം കൊണ്ടാണ് അവന്‍ വന്നത്.

ബാലേട്ടന്‍ എന്ന സിനിമയിലാണ് മോഹന്‍ലാലിനൊപ്പം ഞാന്‍ ആദ്യമായി അഭിനയിക്കുന്നത്. ഒരു ലോട്ടറി ടിക്കറ്റ് കടയിലാണ് ഷൂട്ട്. നല്ല നീളന്‍ ഡയലോഗ് പഠിച്ചുവെച്ചിരുന്നു. എന്നാല്‍ ഞാന്‍ തെറ്റിച്ചുകൊണ്ടിരുന്നു. ചിത്രത്തിന്റെ സംവിധായകന്‍ വിഎം വിനുവേട്ടന്‍ എന്താ പറ്റിയെന്ന് ചോദിച്ചു. ഞാന്‍ ഒന്നുമില്ലെന്ന് പറഞ്ഞു. നിറയെ ആള്‍ക്കാരാണ് ഷൂട്ട് കാണാനെത്തിയത്. അവരില്‍ പലരും നല്ല കലാകാരന്മാരായിരിക്കും. ‘വിനുവേട്ട, ഇത്രയും ആള്‍ക്കാരില്‍ പലരും എന്റെ ഡയലോഗ് വൃത്തിയായി മനസ്സില്‍ പറയുണ്ടാകും. എന്നേക്കാള്‍ നല്ല അഭിനേതാക്കളായിരിക്കും’. ഞാന്‍ പറഞ്ഞു. ഇതുകേട്ട ലാലേട്ടന്‍ ഇങ്ങനെയൊക്കെ ചിന്തിച്ചാല്‍ നമുക്ക് ഒരിക്കലും അഭിനയിക്കാന്‍ കഴിയില്ലെന്ന് പറഞ്ഞു. എല്ലാം മറന്ന് ഡയലോഗ് പറയാന്‍ ആവശ്യപ്പെട്ടു. ഞാന്‍ കൃത്യമായി തന്നെ ആ രംഗം ചെയ്തു. മമ്മൂക്കയും ഇക്കാര്യം എന്നോട് പറഞ്ഞിട്ടുണ്ട്.