‘തിലകൻ ചേട്ടനോട് 'അമ്മ' മാപ്പു പറയുമോ’; ദിലീപിനും ‘അമ്മ’യ്ക്കുമെതിരെ ആഷിക്ക് അബു

മലയാള സിനിമ നടീ-നടന്മാരുടെ താര സംഘടനയായ അമ്മയിലേയ്ക്ക് നടന്‍ ദിലീപിനെ തിരിച്ചെടുത്തതില്‍ പ്രതിഷേധം ശക്തമാകുന്നു. നടി ആക്രമിക്കപ്പെട്ട കേസിൽ വിചാരണപോലും തുടങ്ങുന്നതിന് മുമ്പ് ദിലീപിനെ തിരിച്ചടുക്കുന്നത് നിയമവ്യവസ്ഥയോടുള്ള വെല്ലുവിളിയാണെന്നായിരുന്നു വുമൻ ഇൻ കലക്ടീവ് അഭിപ്രായപ്പെട്ടത്. ഇപ്പോഴിതാ ഈ വിഷയത്തില്‍ നിലപാട് വ്യക്തമാക്കി ആഷിക്ക് അബുവും.

ആഷിക്കിന്റെ കുറിപ്പ്–ക്രിമിനൽ കേസിൽ പ്രതിയായിരുന്നില്ല, സ്വന്തം അഭിപ്രായം തുറന്നുപറഞ്ഞു എന്ന' കുറ്റത്തിന് 'മരണം വരെ സിനിമത്തമ്പുരാക്കന്മാർ ശത്രുവായി പുറത്തുനിർത്തിയ തിലകൻ ചേട്ടനോട് 'അമ്മ' മാപ്പു പറയുമായിരിക്കും, അല്ലേ ?

താരസംഘടനയായ ‘അമ്മ’യില്‍ നടന്‍ ദിലീപിനെ തിരിച്ചെടുത്ത നടപടിയില്‍ പ്രതിഷേധം ശക്തമായിരുന്നു. നടി ആക്രമിക്കപ്പെട്ട കേസില്‍ പ്രതിയായ ദിലീപ് നിരപരാധിത്വം തെളിയിച്ചിട്ടില്ലെന്ന് വിമര്‍ശനം ഉയര്‍ന്നു. അമ്മയിലെ രണ്ട് ഇടത് എംഎല്‍എമാരുടെ നിലപാടിനെ സംബന്ധിച്ചും പ്രതിഷേധം ഉയരുന്നിരുന്നു.

ഞായറാഴ്ച കൊച്ചിയില്‍ നടന്ന അമ്മ വാര്‍ഷിക ജനറല്‍ബോഡി യോഗത്തിലാണ് ദിലീപിനെ സംഘടനയിലേക്ക് തിരിച്ചെടുക്കുന്ന കാര്യത്തില്‍ തീരുമാനമായത്. ചരിത്രത്തിലാദ്യമായി മാധ്യമങ്ങളെ വിലക്കിയും പത്രസമ്മേളനം ഒഴിവാക്കിയും നടന്ന സമ്മേളനത്തിലാണു തീരുമാനം.