‘നിനക്ക് കുറച്ച് ഉളുപ്പുണ്ടോ’; വിമർശകന് മറുപടിയുമായി അജു

അഭിനയിക്കാത്ത സിനിമയാണെങ്കിൽ പോലും സുഹൃത്തുക്കളുടെ ചിത്രങ്ങൾക്ക് അകമഴിഞ്ഞ പിന്തുണ നൽകുന്ന താരമാണ് അജു വർഗീസ്. തന്റെ ഫെയ്സ്ബുക്ക് പേജിലൂടെ സിനിമയെ പിന്തുണയ്ക്കുന്ന പോസ്റ്റുകളുമായി അജു എത്താറുമുണ്ട്. ഇതുമായി ബന്ധപ്പെട്ട് പല വിമർശനങ്ങളും നടൻ ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട്. ഇപ്പോഴിതാ അങ്ങനെ വിമർശിക്കാൻ വന്നൊരാൾക്ക് തക്കമറുപടിയുമായി അജു എത്തി.

ജയസൂര്യ പ്രധാനവേഷത്തിലെത്തിയ ഞാന്‍ മേരിക്കുട്ടി എന്ന സിനിമ മികച്ച വിജയം നേടി പ്രദര്‍ശനം തുടരുമ്പോള്‍ ചിത്രത്തിലെ ഒരു പുതിയ പോസ്റ്റര്‍ ആരാധകരുമായി അജു പങ്കുവച്ചിരുന്നു. രഞ്ജിത്ത് ശങ്കര്‍ സംവിധാനം ചെയ്ത ഈ ചിത്രത്തില്‍ ആര്‍.ജെ ആല്‍വിന്‍ ഹെന്റി എന്ന കഥാപാത്രത്തെ അജു അവതരിപ്പിച്ചിട്ടുമുണ്ട്..

അജുവിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് വിമര്‍ശകരില്‍ ഒരാള്‍ക്ക് ഇഷ്ടപ്പെട്ടില്ല. ഇതെല്ലാം പ്രമോട്ട് ചെയ്യാന്‍ എന്തുകിട്ടും എന്ന് അയാള്‍ ചോദിച്ചപ്പോള്‍ ഒന്നിന് 10 ലക്ഷം രൂപ കിട്ടുമെന്നും ആരോടും പറയരുതെന്നും അജു തമാശരൂപേണ മറുപടി പറഞ്ഞു. 

അജുവിന്റെ മറുപടിക്ക് താഴെ വളരെ രൂക്ഷമായ ഭാഷയില്‍ മറ്റൊരാള്‍ പ്രതികരിച്ചു. നിനക്ക് കുറച്ച് ഉളുപ്പുണ്ടോ എന്നും ജനങ്ങളുടെ പണമാണ് നിങ്ങളെ വളര്‍ത്തിയതെന്നും എന്ന തരത്തിലായിരുന്നു അയാളുടെ പ്രതികരണം. 

‘അതെ നിങ്ങളുടെ പണം തന്നെയാണ് സിനിമയുടെ വരുമാനം. പക്ഷേ ഒരു സംശയം. ഞാന്‍ താങ്കളോട് എന്തു ചെയ്തു. ഞാന്‍ ഭാഗമായ സിനിമയെ പ്രമോട്ട് ചെയ്തതോ? ശരിക്കും മനസ്സിലാകാത്തത് കൊണ്ട് ചോദിച്ചതാണ്'- അജു മറുപടിയായി പറഞ്ഞു.