ദിലീപിനെ പുറത്താക്കിയത് എന്റെ തീരുമാനമല്ല: വഴിത്തിരിവാകുന്ന വെളിപ്പെടുത്തലുമായി പൃഥ്വിരാജ്

‘അമ്മ’യിൽ ഉടലെടുത്തിരിക്കുന്ന വിവാദങ്ങളെ സംബന്ധിച്ച് തുറന്നുപറച്ചിലുമായി നടൻ പൃഥ്വിരാജ്. അമ്മയിൽ നിന്ന് രാജിവെച്ച നടിമാർക്ക് പൂർണപിന്തുണ അറിയിച്ച പൃഥ്വി തന്റെ സമ്മർദം മൂലമല്ല ദിലീപിനെ അമ്മയിൽ നിന്ന് പുറത്താക്കിയതെന്നും ‘ദ് വീക്ക്’ന് നൽകിയ അഭിമുഖത്തിൽ അറിയിച്ചു.

പൃഥ്വിയുടെ അഭിമുഖത്തിന്റെ പ്രസക്തഭാഗങ്ങൾ

രമ്യയെയും ഗീതുവിനെയും ഭാവനയെയും റിമയെയും പൂർണമായും മനസ്സിലാക്കിയ ആളാണ് ഞാൻ. അവർ എന്തുകൊണ്ടാണ് രാജിവെച്ചതെന്നും അറിയാം. അവരുടെ ധൈര്യത്തെയും തീരുമാനത്തെയും ഞാൻ അഭിനന്ദിക്കുന്നു. ഞാൻ അവർക്കൊപ്പമാണ്. അവരെ വിമർ‌ശിക്കുന്ന പലരും ഉണ്ടാകും. എന്നാൽ തെറ്റും ശരിയും എന്നത് അവരവരുടെ കാഴ്ചപ്പാട് മാത്രമാണ്.

എന്തെങ്കിലും പറയാനുണ്ടെങ്കിൽ മിണ്ടാതിരിക്കുന്ന സ്വഭാവം എനിക്കില്ല, പറയേണ്ട ഇടങ്ങളിൽ പറയേണ്ട സമയത്ത് പറയേണ്ടത് ഞാൻ പറഞ്ഞിരിക്കും. ഷൂട്ടിങ് തിരക്കുകൾ മൂലമാണ് അമ്മയുടെ മീറ്റിങിൽ പങ്കെടുക്കാതിരുന്നത്. എന്റെ സമ്മർദം മൂലമല്ല ദിലീപിനെ പുറത്താക്കിയത്, ആ ക്രെഡിറ്റും എനിക്ക് വേണ്ട. ദിലീപിനെ പുറത്താക്കാനെടുത്ത തീരുമാനം അമ്മയുടെ എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങൾ ഒരുമിച്ചെടുത്തതാണ്.

മലയാളസിനിമയിൽ അത്ഭുതങ്ങൾ സൃഷ്ടിക്കാൻ കഴിവുള്ള സംഘടനയാണ് അമ്മ. ഞാൻ അമ്മയുടെ അംഗമാണെങ്കിലും അതിന്റെ പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുക്കാൻ സാധിച്ചിട്ടില്ല. ഒരുപാട് നടന്മാരെയും നടിമാരെയും അമ്മ സഹായിച്ചിട്ടുണ്ട്. 

ഇതുവരെ ദിലീപിനൊപ്പം അഭിനയിക്കാൻ എന്നെയാരും ക്ഷണിച്ചിട്ടില്ല, ഇനി അങ്ങനെയൊരു അവസരം ഉണ്ടായാൽ ആലോചിച്ച് തീരുമാനിക്കും.

എന്റെ ജീവിതത്തിൽ തന്നെ ഏറ്റവും സങ്കടകരമായ സംഭവമാണ് അത്. ഇപ്പോഴും ആ വേദനയില്‍ നിന്ന് മുക്തനായിട്ടില്ല. എന്റെ അടുത്തസുഹൃത്താണ് ആക്രമിക്കപ്പെട്ടത്. അവരുടെ ധൈര്യത്തെ ഞാൻ ബഹുമാനിക്കുന്നു.

അഭിമുഖത്തിന്റെ പൂർണരൂപം വായിക്കാം