Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആ 105 സ്ത്രീകളും ദിലീപിനെ പിന്തുണച്ചു, അന്ന് ‘അമ്മ’യില്‍ നടന്നത്; സിദ്ദിഖ് വെളിപ്പെടുത്തുന്നു

സിദ്ദിഖ് അഭിമുഖം

അമ്മ ജനറൽ ബോഡി മീറ്റിങ്ങിൽ യഥാർ‌ത്ഥത്തിൽ നടന്നതെന്തെന്ന് വിശദീകരിച്ച് സംഘടനയുടെ സെക്രട്ടറി സിദ്ദിഖ്. മനോരമ ന്യൂസിന്റെ നേരെ ചൊവ്വേ പരിപാടിയിലായിരുന്നു സിദ്ദിഖിന്റെ പ്രതികരണം. 

സിദ്ദിഖിന്റെ വാക്കുകൾ–

അന്ന് ഇങ്ങനെയൊരു സംഭവം നടക്കുന്നു, തുടർന്ന് ദിലീപിന്റെ അറസ്റ്റ് ഉണ്ടാകുന്നു. പെട്ടന്ന് കൂടിയ അവയിലബിൾ എക്സിക്യൂട്ടീവ് കമ്മിറ്റി, ദിലീപിനെ പുറത്താക്കിയതായി മമ്മൂട്ടിയുടെ പ്രസ്താവന വരുന്നു. അതല്ലാതെ ഞങ്ങളുടെ മിനിറ്റ്സിൽ പറഞ്ഞപ്രകാരമുള്ള പുറത്താക്കൽ നടപടികൾ ഒന്നും ചെയ്തിട്ടുണ്ടായിരുന്നില്ല.

ദിലീപിന് നോട്ടീസ് അയക്കണം, പിന്നീട് മറുപടി വാങ്ങണം ചർച്ച ചെയ്യണം. അതൊന്നും ഉണ്ടായില്ല. അത്തരം നടപടികൾ ജനറൽബോഡി അവതരിപ്പിച്ചതിന് ശേഷം മതിയെന്ന് തീരുമാനിച്ചു, ഞങ്ങളൊക്കെ കൃത്യമായ നിയമവും വകുപ്പും നോക്കി കാര്യങ്ങൾ ചെയ്യുന്ന ആളുകളല്ല, എല്ലാവരും സുഹൃത്തുക്കളാണ്.

അങ്ങനെയാണ് ജനറൽബോഡിയിൽ ഊർമിള ഉണ്ണിയുടെ ചോദ്യം വരുന്നത്. ‘ദിലീപിനോടുള്ള അമ്മയുടെ ഇപ്പോഴത്തെ നിലപാട് എന്താണെന്ന്’. അപ്പോൾ ഞങ്ങൾ പറഞ്ഞു, അന്ന് ദിലീപിനെ പുറത്താക്കിയെന്ന് പ്രസ്താവന ഇറക്കിയെങ്കിലും ഒരു പുറത്താക്കൽ നടപടി ഉണ്ടായിട്ടില്ല, ഇനി എന്ത് ചെയ്യണമെന്നാണ് നിങ്ങളുടെ അഭിപ്രായമെന്ന് പറയാൻ പറഞ്ഞു.

എല്ലാവരുടേതും ഒരേസ്വരത്തിലുള്ള അഭിപ്രായമായിരുന്നു. നൂറ്റിമൂന്നോളം സ്ത്രീകൾ ഉൾപ്പടെ 235 ഓളം ആളുകൾ ഉള്ള ജനറൽബോഡിയിൽ സ്ത്രീ ശബ്ദമാണ് ഉയർ‍ന്നുകേട്ടത്. ഇപ്പോൾ പെട്ടന്നുള്ള പുറത്താക്കൽ നടപടി വേണ്ടെന്നും അത് പിന്നീട് ആകട്ടെ എന്നാണ് എല്ലാവരും പറഞ്ഞത്.

പെട്ടന്നുണ്ടായ തീരുമാനം

ഒരു പുറത്താക്കൽ നടപടി ഉണ്ടായി, ദിലീപിനെ പുറത്തുനിർത്തി അത് റദ്ദാക്കി പിന്നീട് തിരിച്ചെടുക്കുന്ന പരിപാടിയൊന്നും ഉണ്ടായിട്ടില്ല. ആ അറസ്റ്റ് നടന്ന സമയത്ത് മമ്മൂട്ടിയുടെ വീട്ടിൽ ചെറിയ മീറ്റിങ് ചേരുന്നു. എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ ഉണ്ടായിരുന്ന രമ്യ നമ്പീശൻ ഉൾപ്പടെയുള്ളവർ വളരെ ശക്തമായി ദിലീപിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ടു. അവരുടെ അഭിപ്രായം കൂടി കണക്കിലെടുത്താണ് ആ തീരുമാനത്തിൽ എത്തിയത്. അന്ന് അവിടെ പൃഥ്വിരാജ്, ആസിഫ് അലി, മമ്മൂട്ടി, മോഹൻലാൽ, ദേവൻ എന്നിവർ ഉണ്ടായിരുന്നു. ഞാൻ അവിടെ ഉണ്ടായിരുന്നില്ല.

dileep-siddique

അങ്ങനെ പെട്ടന്നുണ്ടായ എക്സിക്യൂട്ടീവ് മീറ്റിങിൽ ഉയർന്ന് കേട്ട ശബ്ദം ദിലീപിനെ പുറത്താക്കണം എന്നായിരുന്നു. എന്നാൽ അങ്ങനെയൊരു നടപടി ക്രമങ്ങൾ എടുത്ത് മുന്നോട്ട് പോകുന്നൊരു സംഘടന അല്ല അമ്മ. അധികാരകേന്ദ്രങ്ങളിൽ ഇരിക്കുന്ന ആളുകളല്ല, രാഷ്ട്രീയ നേതാക്കളില്ല, ഇത് മൂലം ജനങ്ങളിൽ അതെന്ത് പ്രതിഫലനം ഉണ്ടാക്കുമെന്ന് പോലും ആലോചിക്കുന്ന ആളുകളല്ല ഇവിടെ ഉള്ളത്.

ഞങ്ങളുടെ ഇടയിലുണ്ടാകുന്ന ചെറിയ പ്രശ്നംപോലും ജനങ്ങളെയും ബാധിക്കുന്നതുകൊണ്ടാണ് അവർ പ്രതികരിക്കുന്നത്. അത് ഞങ്ങൾ സ്വാഗതം ചെയ്യുന്നു. ഞങ്ങളെ സംബന്ധിച്ചടത്തോളം ഞങ്ങൾ സഹപ്രവർത്തകയുടെ കൂടെയാണ്. ആ കുട്ടിക്കുണ്ടായ അപകടത്തിൽ ഒരുപാട് വിഷമിക്കുന്നുണ്ട്. എന്നും അവൾക്കൊപ്പമാകും. 

ദിലീപും നടിയും 

ദിലീപിനെ ഞങ്ങൾക്ക് എങ്ങനെ തള്ളിപ്പറയാന്‍ പറ്റും. ദിലീപ് കുറ്റവാളിയാണെന്ന് തെളിയിക്കപ്പെട്ടിട്ടില്ല. 235ഓളം അംഗങ്ങളുടെ അഭിപ്രായത്തെയാണ് ഞങ്ങൾ പരിഗണിച്ചത്. ഇരയെ വേദനപ്പിക്കുന്ന രീതിയുള്ള തീരുമാനമല്ല, ഇതിൽ എതിർത്ത് നാല് കുട്ടികൾ രാജിവച്ചു. അത് അപ്പോഴുണ്ടായ അവരുടെ വികാരമാണ്. അവർ അവരുടെ അഭിപ്രായം രേഖപ്പെടുത്തി.

നേരെമറിച്ച് ആ കുട്ടികൾ അമ്മ സംഘടനയുമായി ബന്ധപ്പെട്ട ആരോടെങ്കിലും കാര്യങ്ങള്‍ തുറന്നുപറയുക, ജനറൽബോഡിയിൽ പങ്കെടുക്കാൻ സാധിച്ചില്ല, നിങ്ങളുടെ തീരുമാനത്തോട് വിയോജിപ്പുണ്ട്, ഞങ്ങളെ അതിന് സംസാരിക്കാൻ അനുവദിക്കണമെന്ന് പറഞ്ഞാൽ ആരും തടയില്ല.

ഈ തീരുമാനങ്ങളൊക്കെ മാറ്റാൻ ഒരു ബുദ്ധിമുട്ടുമില്ല. ഞങ്ങൾ ഉണ്ടാക്കിയിരിക്കുന്നത് ഒരു ഭരണഘടനയൊന്നുമല്ലല്ലോ? ചെറിയ സംഘടനയിലെ അഭിപ്രായങ്ങൾ മാത്രമാണ്. ഇത് മാറ്റി ചിന്തിക്കാം. ദിലീപിനെ പുറത്താക്കണം എന്നുപറയുന്ന സമയത്ത് രമ്യ നമ്പീശന്റെ അഭിപ്രായം കണക്കിലെടുത്തിരുന്നു.

ഈ നാല് നടിമാരെ കൂടാതെ ജനറൽബോഡിയിൽ മറ്റ് 105 നടിമാർ ഉണ്ടായിരുന്നു. അവരുടെ അഭിപ്രായം കണക്കിലെടുക്കേണ്ടേ. അവർക്കും ഇല്ലെ അഭിപ്രായങ്ങൾ.  235 പേർ പങ്കെടുത്ത ഒരു ജനറൽ ബോഡിയിൽ ആ സംഘടനയിലെ ഭൂരിപക്ഷാഭിപ്രായം തങ്ങൾ മാനിക്കേണ്ടതുണ്ട്. പുറത്താക്കണം എന്ന് തീരുമാനിച്ചത് അഞ്ചോ ആറോ പേർ ചേർന്നു മാത്രമാണ്. ഇപ്പോള്‍ 235 പേർ ചേർന്നാണ് ആ തീരുമാനം മരവിപ്പിക്കണം എന്നു പറഞ്ഞത്. അന്നുണ്ടായത് പെട്ടെന്നുണ്ടായ തീരുമാനമായിരുന്നു. 

നിങ്ങൾ എന്തിനാണ് ദിലീപിനെയും ആ കുട്ടിയെയും രണ്ട് തട്ടിൽ കാണുന്നത്. ഒരു ക്രൈം നടന്നു, കുട്ടിയെ ക്രിമിനൽ ആക്രമിച്ചു, നാലാം ദിവസം ക്രിമിനലിനെ പൊലീസ് അറസ്റ്റ് ചെയ്തു. ആ കുട്ടി ആക്രമിച്ച ആളെ തിരിച്ചറിയുകയും ചെയ്തു. കേസ് നടക്കുന്നു. ഇതിൽ ക്രിമിനൽ പറഞ്ഞ പേര് മാത്രമാണ് ദിലീപ്. ഒരു സുപ്രഭാതത്തിൽ ദിലീപിനെ തള്ളിപ്പറയാൻ കഴിയില്ല. എന്റെ കൂട്ടുകാരനൊരു പ്രശ്നമുണ്ടായാൽ സഹായിക്കേണ്ട ബാധ്യതയുണ്ട്. കുറ്റവാളിയാണോ എന്ന് നാളെ തീരുമാനിക്കട്ടെ.

നടിമാരുടെ രാജി

ജനറൽ ബോഡിയിലെ തീരുമാനത്തിന് ശേഷമാണ് ഇവർക്ക് വേദന ഉണ്ടായി എന്നുപറയുന്നത്. അങ്ങനെയെങ്കിൽ അതിനുള്ള വേദി അവർക്ക് വേണ്ടി വീണ്ടും ഒരുക്കാം. ഇപ്പോൾ അമ്മയിൽ നിന്ന് പിന്മാറിയവരൊക്കെ ഞങ്ങൾക്കൊപ്പം ഉണ്ടായിരുന്നവരാണ്, നാളെ ഒപ്പം അഭിനയിക്കേണ്ടവരാണ്.പുറത്തുനിന്ന് ആളുകൾ വീക്ഷിക്കുന്നതുപോലെ ഇവരൊന്നും ഞങ്ങളുടെ ശത്രുക്കളൊന്നുമല്ല. നാളെ ഞാൻ രമ്യയുടെയും റിമയുടെയും കൂടെ അഭിനയിക്കേണ്ടി വന്നാൽ പരസ്പരം സംസാരിക്കില്ലെന്ന് നിങ്ങൾക്ക് തോന്നുന്നുണ്ടോ? 

ജനങ്ങളുടെ ഈ പ്രതിഷേധമൊക്കെ തങ്ങളോട് സ്നേഹമുള്ളതു കൊണ്ടാണ്. ഇണക്കമുള്ളിടത്തേ പിണക്കമുണ്ടാകൂ. മോഹൻലാലിൻറെ വീട്ടിലേക്ക് യൂത്ത് കോൺഗ്രസ് പ്രവർത്തകർ മാർച്ച് നടത്തി. അതിൽ മോഹൻലാലിന് വിഷമമുണ്ടാകില്ല. ലാലിനെ തനിക്ക് നന്നായറിയാം. ഇതുകേട്ട് വിഷമിക്കുന്നത് മോഹൻലാലിനെ ഇഷ്ടപ്പെടുന്ന നമ്മളാണ്. 

ദിലീപിനെ പുറത്താക്കാനുള്ള തീരുമാനം മരവിപ്പിക്കാൻ ശ്രമിച്ചപ്പോൾ അതിൽ പൃഥ്വിരാജും രമ്യ നമ്പീശനും എല്ലാവരും ഉണ്ടായിരുന്നു. അന്ന് അവർ എതിർത്തില്ല.  പൊതുജനങ്ങളുടെ ഇപ്പോഴത്തെ ധാരണയിലും മാറ്റമുണ്ടായേക്കാം. ദിലീപിനോടൊപ്പം അഭിനയിക്കില്ലെന്ന് ആസിഫ് അലി പറ‍ഞ്ഞു, പിന്നീട് ആ അഭിപ്രായം മാറ്റിപ്പറഞ്ഞില്ലേ? 

വുമൻ ഇന്‍ സിനിമാ കലക്ടീവ് സ്ത്രീകേന്ദ്രീകൃതമായ സംഘടനയാണ്. അവരുടെ പ്രശ്നങ്ങൾ പുരുഷന്മാരുടെ കോണിൽ നോക്കിയാല്‍ മനസ്സിലാവില്ല. അത് സ്ത്രീകൾ മാത്രമെ പരിഹരിക്കാൻ കഴിയൂ. അല്ലാതെ അമ്മ സംഘടനയ്ക്കെതിരെ ഉണ്ടാക്കിയ സംഘടന അല്ല ഡബ്ലുസിസി.

ഞങ്ങൾ അഭിനേതാക്കളാണ്, വളരെ സാധാരണക്കാരാണ്. ബുദ്ധി കൊണ്ടല്ല, ഹൃദയം കൊണ്ടാണ് ചിന്തിക്കുന്നത്. പെട്ടെന്നുണ്ടായ വികാരത്തിൻറെ പുറത്തായിരിക്കാം ആ 4 നടിമാർ സംഘടനയില്‍ നിന്ന് രാജി വെച്ചത്. ഇരുകൂട്ടരും ചർച്ച നടത്തുമ്പോൾ ചിലപ്പോൾ ഇപ്പോഴത്തെ അഭിപ്രായങ്ങൾ മാറിയേക്കാം. രാജി പിൻവലിച്ച് തിരിച്ചുവന്നാലും അല്ലാതെ വന്നാലും അവരെ സ്വീകരിക്കും.

പ്രസ്തവാനകളുടെ പേരിൽ സൈബർ ആക്രമണത്തിന് ഇരയായ നടിയാണ് പാർവതി. അവർ എന്തുമാത്രം വിഷമിച്ചു. അമ്മയുടെ ഷോ നടക്കുന്ന സമയത്ത് റിഹേർസൽ ക്യാംപിൽ പാർവതി വന്നിരുന്നു. ‘ഇവിടെ വരുമ്പോൾ എല്ലാവരും തന്നോട് ദേഷ്യപ്പെടും, ആരും മിണ്ടില്ല എന്നാണ് കരുതിയതെന്നും എന്നാല്‍ നല്ല സ്നേഹത്തിലാണ് എല്ലാവരും പെരുമാറിയതെന്നും പാർവതി എന്നോട് പറഞ്ഞിട്ടുണ്ട്.

അമ്മയിലെ എംഎൽഎമാർ

മുകേഷും ഗണേഷും എംഎല്‍എ കാറിനല്ല അമ്മ മീറ്റിങിൽ വരുന്നത്. അവരൊക്കെ ഞങ്ങൾക്കിടയിൽ സിനിമാനടന്മാരും സുഹൃത്തുക്കളും മാത്രമാണ്. അല്ലാതെ അമ്മയിൽ ഒരു രാഷ്ട്രീയവും ഇല്ല. ഗണേഷ് പറയുന്നത് അദ്ദേഹത്തിന്റെ അഭിപ്രായങ്ങൾ. ഞാൻ അതിൽ തെറ്റ് കാണുന്നില്ല, എംഎൽഎ എന്ന നിലയിലല്ല സഹപ്രവർത്തകൻ എന്ന നിലയിലാണ് അദ്ദേഹം പറയുന്നത്. അയാൾ എന്ത് സാഹചര്യത്തിൽ അത് പറയുന്നുവെന്ന് നിങ്ങൾ മനസ്സിലാക്കണം, വീട്ടിലെ പ്രശ്നങ്ങൾ നിങ്ങള്‍ രാഷ്ട്രീയകാര്യമാക്കി ചർച്ചയാക്കുമോ?

അമ്മ സംഘടനയും മാഫിയയും

എന്ത് മാഫിയ പ്രവർത്തനമാണ് അമ്മ ചെയ്യുന്നത്. അമ്മ എത്രയോ പേർക്ക് പെൻഷൻ കൊടുക്കുന്ന സംഘടനയാണ്? എത്രയോ പേരുടെ ചികിത്സാച്ചെലവുകൾ വഹിക്കുന്നുണ്ട്? ഈയൊരു പ്രശ്നത്തിൻറെ പേരിൽ തങ്ങൾ ആക്രമിക്കപ്പെടുകയാണ്. എല്ലാ മാധ്യമങ്ങളും തങ്ങളെ കടന്നാക്രമിക്കുകയായിരുന്നു. ഒന്നും പറയാനുള്ള അവസരം പോലും തങ്ങൾക്കു തന്നില്ല. പറയാനുള്ള അവസരം കിട്ടാതെ തങ്ങൾ വിഷമിച്ചു. അതിലൊക്കെ ഒരുപാട് വേദനയുണ്ടെന്നും ആക്രമിക്കപ്പെട്ട നടിയോടൊപ്പം എന്നും ഉണ്ടാകുമെന്നും സിദ്ദിഖ് വ്യക്തമാക്കി

പുറത്താക്കാതിരുന്നിട്ടും പുറത്താക്കി എന്നു പറഞ്ഞ് എല്ലാവരെയും വഞ്ചിക്കുകയായിരുന്നില്ലേ എന്ന ചോദ്യത്തിന് നടപടിക്രമങ്ങളനുസരിച്ച് തീരുമാനങ്ങളെടുക്കുന്ന ഒരു സംഘടനയല്ല അമ്മ എന്നാണ് സിദ്ദിഖ് പ്രതികരിച്ചത്.