‘കരിന്തണ്ടന്‍ ഞാൻ ചെയ്യാനിരിക്കുന്ന സിനിമ’: വെളിപ്പെടുത്തലുമായി മാമാങ്കത്തിന്റെ സഹസംവിധായകൻ

വിനായകനെ നായകനാക്കി ലീല സന്തോഷ് ഒരുക്കുന്ന കരിന്തണ്ടൻ സിനിമ പ്രഖ്യാപിക്കുമ്പോൾ മറ്റൊരു സംവിധായകന് അതൊരു ഞെട്ടിക്കുന്ന വാർത്തയായിരുന്നു. കാരണം അദ്ദേഹം ഒരു വർഷം മുമ്പെ തിരക്കഥ പൂർത്തിയാക്കി അദ്ദേഹം സംവിധാനം ചെയ്യാനിരിക്കുന്ന സിനിമയും ഇതേ കരിന്തണന്റെ കഥയാണ് പറയുന്നത്.

‘കഴിഞ്ഞ മൂന്ന് വർഷമായി ഈ സിനിമയുടെ പുറകെയാണ് ഞാൻ, സിനിമയുടെ ടൈറ്റിലും നേരത്തെ റജിസ്റ്റർ ചെയ്തതാണ്. കരിന്തണ്ടന്‍ എന്ന പേരില്‍ സിനിമ ഇറക്കാന്‍ ശ്രമിച്ചാല്‍ നിയമപരമായി നേരിടുമെന്നും ഗോപകുമാര്‍ മനോരമ ഓൺലൈനോട് പറഞ്ഞു. സംവിധായിക ലീലയുമായി ഇങ്ങനെയൊരു സിനിമയുടെ കാര്യം നേരത്തെ പറഞ്ഞിട്ടുള്ളതാണെന്നും എന്തുകൊണ്ടാണ് ഇവർ ഇപ്പോൾ ഇങ്ങനെയൊരു നീക്കം നടത്തുന്നതെന്ന് അറിയില്ലെന്നും ഗോപകുമാർ പറയുന്നു.

‘കേരളത്തിൽ മാത്രം ഒതുങ്ങുന്ന കഥയല്ല ഞാൻ ചെയ്യുന്ന കരിന്തണ്ടൻ, ഇതൊരു പാൻ ഇന്ത്യൻ സിനിമയായിരിക്കും, ഹോളിവുഡ് നിലവാരത്തിലുള്ള ചിത്രത്തിൽ ഇന്ത്യയിലെ എല്ലാ ഭാഷയിൽ നിന്നുള്ള അഭിനേതാക്കൾ അണിനിരക്കും, കനേഡിയൻ കമ്പനി സിനിമയുടെ നിര്‍മാണത്തോട് സഹകരിക്കാൻ രംഗത്ത് വന്നിട്ടുണ്ട്. എല്ലാം അവസാനവട്ട ചർച്ചയിലാണ്. ഏകദേശം അറുപത് കോടിയാണ് ബജറ്റ്.’–ഗോപകുമാർ പറഞ്ഞു.

മാമാങ്കത്തിന്റെ സഹസംവിധായകനും ഫിനാന്‍സ് കണ്‍ട്രോളറുമായി പ്രവര്‍ത്തിച്ചുവരികയാണിപ്പോള്‍ ഗോപകുമാര്‍. ഇപ്പോള്‍ ജോലിചെയ്തുവരുന്ന മാമാങ്കത്തിന്റെ ഷൂട്ടിങ് പൂർത്തിയായ ശേഷം കരിന്തണ്ടന്റെ ചിത്രീകരണം ആരംഭിക്കാന്‍ ചര്‍ച്ചകള്‍ പുരോഗമിക്കുകയായിരുന്നു. ‘ഈ സിനിമയുമായി ഞങ്ങൾ മുന്നോട്ട് പോകുക തന്നെ ചെയ്യും. എന്തായാലും കരിന്തണ്ടൻ എന്ന ടൈറ്റിൽ അവർക്ക് ഉപയോഗിക്കാനികില്ല.’–ഗോപകുമാർ പറഞ്ഞു.

‘ലീല എന്റെ ഫെയ്സ്ബുക്ക് സുഹൃത്താണ്. നേരത്തെ ഈ പ്രോജക്‌ട് തുടരുന്നുണ്ടോ എന്ന് അവര്‍ മെസേജ് വഴി ചോദിച്ചിരുന്നു. പ്രവര്‍ത്തനങ്ങള്‍ തുടരുന്നുണ്ടെന്ന് മറുപടിയും നല്‍കി. ഇപ്പോള്‍ പോസ്റ്റര്‍ കണ്ടപ്പോഴാണ് അവര്‍ ചിത്രവുമായി മുന്നോട്ടുപോയ കാര്യം അറിയുന്നത്. അതിനെക്കുറിച്ച് ചോദിച്ച് മെസേജ് അയച്ചപ്പോൾ മറുപടിയും ഇല്ല. ഗോപകുമാര്‍ പറഞ്ഞു.

ചിത്രത്തിന്റെ ഫസ്റ്റ്ലുക് പോസ്റ്റര്‍ ലീല തന്റെ ഫെയ്സ്‌ബുക്ക് പേജിലൂടെ പങ്കുവെച്ചതോടെയാണ് വിവാദം ഉടലെടുത്തത്. ചിത്രം നിര്‍മ്മിക്കുന്നത് രാജീവ് രവിയുടെ നേതൃത്വത്തിലുള്ള സിനിമ നിര്‍മാതാക്കളുടെ കൂട്ടായ്മയായ കലക്ടീവ് ഫേസ് വണ്‍ ആണ്.

കഴിഞ്ഞ വർഷം ഡിസംബർ 13ന് കരിന്തണ്ടൻ സിനിമയുടെ തിരക്കഥ പൂർത്തിയാക്കിയതായി അറിയിച്ച് ഗോപകുമാർ ഫെയ്സ്ബുക്കിൽ കുറിപ്പ് എഴുതിയിരുന്നു. 

‘ഒരു നീണ്ട കാലത്തെ യാത്രകളും ചരിത്രാന്വേഷണങ്ങളും അലച്ചിലുകളും കാതിലാരൊക്കെയോ കുടഞ്ഞിട്ടുപോയ വായ്മൊഴി കഥകളും ചില പരിചിതമല്ലാത്ത ഭാഷാ പഠനങ്ങളും അതിരില്ലാത്ത സ്വപ്നങ്ങളും ഭാവനകളും ഉറക്കമില്ലാത്ത രാത്രികളും ചേരുമ്പോള്‍ അല്ലോകയെന്ന ഗോത്രമുണ്ടാവുന്നു. അവിടെ അയാള്‍ ജനിക്കുന്നു..

എതിരാളിയെ ഭയക്കാത്ത ധീരനാവുന്നു, വാക്കിലും നോക്കിലും ആയുധം പേറുന്ന വീരനാവുന്നു.. ചിന്തകള്‍ക്കും തന്ത്രങ്ങള്‍ക്കും കുന്തമുനയുടെ മൂര്‍ച്ചയുള്ള നായകനാവുന്നു.. മരണം തോറ്റു പിന്മാറുമ്പോള്‍ നൂറ്റാണ്ടുകള്‍ ജീവിച്ചു കൊണ്ടയാള്‍ ഇതിഹാസമാകുന്നു. അല്ലോകയുടെ ഇതിഹാസം.. കാടിന്‍റെ, കാട്ടു തന്ത്രങ്ങളുടെ, പുലിപ്പോരുകളുടെ, ആനവേട്ടകളുടെ, ചതിയുടെ, വഞ്ചനയുടെ, പകയുടെ, യുദ്ധത്തിന്‍റെ, പ്രണയത്തിന്‍റെ കരിന്തണ്ടന്‍.....’