മുഖം കാണിച്ച് ഒടിയൻ, റിലീസ് ഒക്ടോബർ 11ന്; ടീസർ

തിയറ്റുകളെ ഒടിവെച്ചു തുടങ്ങാൻ ഒടിയൻ മാണിക്യൻ എത്തുകയാണ്. മലയാളസിനിമാലോകം ഒന്നടങ്കം കാത്തിക്കുന്ന മോഹൻലാൽ ചിത്രം ഒടിയൻ ഒക്ടോബർ 11ന് റിലീസ് ചെയ്യും. 

രാവിലെ ഏഴ് മണി ഒൻപത് മിനിറ്റിനാണ് ആദ്യ ഷോ ആരംഭിക്കുന്നത്. പുതിയ ടീസറിലാണ് റിലീസ് തിയതി പ്രഖ്യാപിച്ചത്. ഇതുവരെയുള്ള ടീസറുകളിൽ മുഖം തരാതിരുന്ന ഒടിയൻ മാണിക്യൻ ഇത്തവണ മുഖം മറക്കാതെ പ്രേക്ഷകരുടെ മുന്നിലെത്തുന്നു.

ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഇതുവരെ കാണാത്ത മേക്കോവറിലാണ് മോഹൻലാൽ എത്തുന്നത്. പ്രകാശ് രാജ് വില്ലൻ വേഷത്തിലെത്തുന്നു. മഞ്ജു വാരിയർ ആണ് നായിക. പുലിമുരുകന് ശേഷം പീറ്റര്‍ ഹെയ്ൻ ആക്​ഷൻ കൊറിയോഗ്രഫി നിർവഹിക്കുന്ന മലയാളചിത്രം കൂടിയാണിത്. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി െപരുമ്പാവൂർ ആണ് നിർമാണം.

ഐതിഹ്യവും ചരിത്രവും കൂടിക്കലർന്ന ഒരു കഥാപാത്രമാണ് ഒടിയൻ. അതുകൊണ്ടുതന്നെ, കേട്ട കഥകളിൽനിന്നു യാഥാർഥ്യത്തെ വേർതിരിച്ചെടുക്കാനാവാതെ നാം കുഴയും: രാത്രിയിരുട്ടിൽ ഒടിയൻ ഒരു പാതിയിൽ മനുഷ്യൻ, മറുപാതിയിൽ മൃഗം. പൂർണഗർഭിണിയുടെ ഭ്രൂണം മുളങ്കമ്പുകൊണ്ട് കുത്തിയെടുത്തുള്ള നിഗൂഢകർമം ഒടിവിദ്യയുടെ അടിസ്ഥാനമായി പഴങ്കഥകളിലുണ്ട്. 

ദേശീയ അവാർഡ് ജേതാവും, മാധ്യമപ്രവർത്തകനുമായ ഹരി കൃഷ്ണൻ ആണ് ചിത്രത്തിന്റെ തിരക്കഥ നിർവ്വഹിക്കുന്നത്. വി എഫ് എക്‌സിനും ആക്ഷനും പ്രാധാന്യമുള്ള ഫാന്റസി ത്രില്ലറായാണ് ചിത്രം ഒരുക്കുന്നത്.