Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മോഹൻലാലിന് മറുപടിയുമായി ആക്രമിക്കപ്പെട്ട നടി

mohanlal-remya

ദിലീപിനെ തിരിച്ചെടുത്തതുമായി ബന്ധപ്പെട്ട വിവാദത്തിൽ ‘അമ്മ’ പ്രസിഡന്റ് മോഹൻലാലിന്റെ നിലപാടുകളിൽ ആക്രമിക്കപ്പെട്ട നടിക്ക് അമർഷമുണ്ടെന്ന് രമ്യ നമ്പീശൻ. വാക്കാൽ പരാതി നൽകിയാൽ അമ്മ പരിഗണിക്കില്ലേ എന്നാണ് ആക്രമിക്കപ്പെട്ട നടി തന്നോട് ചോദിച്ചതെന്ന് രമ്യ നമ്പീശൻ പറയുന്നു. ആക്രമിക്കപ്പെട്ട നടി ദിലീപിനെതിരെ അമ്മയ്ക്ക് പരാതി എഴുതി നൽകിയിരുന്നില്ലെന്ന് പത്രസമ്മേളനത്തിൽ മോഹൻലാൽ പറഞ്ഞിരുന്നു.

‘വാർത്താ സമ്മേളനം കണ്ടതിന് ശേഷം അവളുമായി സംസാരിച്ചിരുന്നു. അവൾ പറഞ്ഞത് ഇങ്ങനെയാണ്... ‘അമ്മ എന്റെ കുടുംബമാണെങ്കിൽ വാക്കാലുള്ള പരാതി മതിയായിരുന്നില്ലേ? ഒരാളും മറ്റൊരാൾക്കെതിരെ പൊതുസമക്ഷത്തിൽ ആരോപണം ഉന്നയിക്കുകയോ എന്തിനെങ്കിലും വേണ്ടി അമ്മയെ നേരിട്ട് സമീപിക്കുകയോ ചെയ്യാറില്ല. അവർ എന്നോട് പറഞ്ഞത് സംഭവത്തെക്കുറിച്ച് അന്വേഷിക്കാമെന്നും പരിഹാരം കണ്ടെത്താമെന്നുമാണ്. ചിലപ്പോൾ അവർ അന്വേഷിച്ച് കാണും. അപ്പോൾ ആരോപണവിധേയൻ അത് തളളിക്കളഞ്ഞ് കാണും. ഇപ്പോൾ ഞാൻ പ്രസിഡന്റിന്റെ ന്യായീകരണം കേട്ടു. ഞാൻ പരാതി എഴുതി കൊടുത്തിരുന്നെങ്കിലും അയാൾക്കെതിരെ ഒരു നടപടിയും സ്വീകരിക്കില്ലെന്ന് ഇതോടെ മനസ്സിലായി.’

വാർത്ത സമ്മേളനത്തിലൂടെ അമ്മ ആരോടൊപ്പമാണ് നിൽക്കുന്നതെന്ന് വ്യക്തമായതായി രമ്യ നമ്പീശൻ ‘അടിസ്ഥാനപരമായ അവകാശങ്ങളാണ് സംഘടനയിൽ നിന്ന് ആവശ്യപ്പെടുന്നത്. വിവേചനം അംഗീകരിക്കാനികില്ല. തന്നെ ആക്രമിക്കപ്പെട്ട കേസിൽ ആരോപണം നേരിടുന്ന ആൾ ഉൾപ്പെടുന്ന അസോസിയേഷനിൽ ഇര എങ്ങനെയാണ് ഭാഗമാകുന്നത്. ’

‘പരാതി എഴുതി ലഭിച്ചിട്ടില്ല എന്ന് പറഞ്ഞ്, ഒരാൾ നേരിടുന്ന പ്രശ്നത്തെ ഇങ്ങനെ എഴുതി തള്ളുന്നത് അനീതിയാണ്. ചിലർക്കുവേണ്ടി മാത്രം പ്രത്യേക നിയമങ്ങൾ കൊണ്ടുവരുകയാണ്.’–രമ്യ പറഞ്ഞു.

‘ദിലീപിനെ തിരിച്ചെടുക്കുന്നത് അമ്മ ജനറൽബോഡി മീറ്റിങിലെ അജണ്ടയിൽ ഉണ്ടായിരുന്നു എന്നാണ് മോഹൻലാല്‍ പറയുന്നത്. എന്നാൽ അജണ്ടയുടെ പ്രിന്റഡ് കോപ്പിയിൽ ആകെ ഏഴ് നിർദേശങ്ങളാണ് ഉണ്ടായിരുന്നത്. ഇതിൽ ദിലീപിനെ തിരിച്ചെടുക്കുന്നതിനെപ്പറ്റി എഴുതിയിരുന്നില്ല.

‘ആക്രമിക്കപ്പെട്ട നടി, ഗീതു മോഹൻദാസ് പിന്നെ ഞാനുമാണ് രാജിക്കത്ത് സമർപ്പിച്ചത്. റിമ വിദേശത്ത് ആയിരുന്നതിനാൽ അതിന് സാധിച്ചില്ല. ഇതിനൊക്കെ ഉപരി എന്തുകൊണ്ടാണ് സംഘടന വിട്ടുപോകുന്നതെന്ന വ്യക്തമായ വിശദീകരണം വാക്കുകളാൽ ഞങ്ങൾ ലോകത്തിന് മുന്നിൽ നൽകിയിട്ടുണ്ട്.’–രമ്യ പറഞ്ഞു.