മമ്മൂട്ടി അന്ന് സജിന്‍ ആയിരുന്നു; ലാല്‍ജോസ് പറഞ്ഞ കഥ

ഒരു പേരിലെന്തിരിക്കുന്നു? പേരിൽ പലതുമുണ്ട്. അച്ഛനമ്മമാരിട്ട പേര് കുറച്ചുനാൾ കഴിയുമ്പോൾ ചിലർ മാറ്റാറുണ്ട്. സാഹിത്യകാരിൽ ചിലർ തൂലികാനാമം സ്വീകരിക്കും. സിനിമയിലെ പേരുമാറ്റത്തിനും ഉദാഹരണങ്ങളേറെയുണ്ട്. ഒരു പേരിൽ ഒരുപാട് ആളുകളുള്ളതോ നിലവിലെ പേര് ഭാഗ്യം തരില്ല എന്ന വിശ്വാസമോ അങ്ങനെ കാരണങ്ങൾ പലതുമാകാം ഈ പേരുമാറ്റത്തിനു പിന്നിൽ. മഴവിൽ മനോരമയിലെ നായികാനായകൻ റിയാലിറ്റി ഷോ വേദിയിൽ ലാൽ ജോസിനും പറയാനുണ്ടായിരുന്നു അത്തരത്തിലൊരു പേരുമാറ്റത്തിന്‍റെ കഥ:

‘മമ്മൂക്ക വന്ന സമയത്ത് മമ്മൂട്ടി എന്ന പേര് ശരിയല്ല എന്നു പറ​ഞ്ഞ് വിശ്വംഭരൻ സാറിന്‍റെ സ്ഫോടനം എന്ന സിനിമയിൽ 'സജിൻ' എന്നായിരുന്നു അദ്ദേഹത്തിന്‍റെ പേര്. സജിൻ എന്നതിന്‍റെ ബ്രാക്കറ്റിൽ മമ്മൂട്ടി എന്നെഴുതി. പക്ഷേ ആളുകൾ അദ്ദേഹത്തെ മമ്മൂട്ടി എന്നു തന്നെ വിളിച്ചു. ഇപ്പോ മമ്മൂട്ടി എന്നുള്ളത് അതിമനോഹരമായ പേരായി മാറി..’

പേരിലും ഭാഗ്യമുണ്ടെന്നാണ് ലാൽ ജോസ് വിശ്വസിക്കുന്നത്. ലാൽജോസ് എന്ന പേര് തനിക്ക് വലിയ ഗുണം ചെയ്തിട്ടുണ്ട്.  ഈ പേരുള്ള ഒരാളേയുള്ളൂ. ലാൽ ജോസ് എന്ന പേരു പറഞ്ഞാൽ ആളുകളറിയും. അസിസ്റ്റൻറ് ആയിരുന്ന സമയത്ത് കമലിന്‍റെ അസിസ്റ്റൻറ് ആയ ലാൽജോസ് എന്നു പറഞ്ഞാല്‍ എല്ലാവർക്കും മനസിലാകും. എന്‍റെ പേര് വല്ല ഷാജി എന്നോ മറ്റോ ആയിരുന്നെങ്കിൽ ഒരായിരം ഷാജിമാരുണ്ടാകും. നടിമാരാണ് കൂടുതലായും പേരുമാറ്റം നടത്താറുള്ളതെന്നും ലാൽ ജോസ് പറഞ്ഞു. 

മത്സരാർത്ഥികളിലൊരാളായ ആൻ സലീമിനും ഉണ്ടായിരുന്നു പേരിനു പിന്നിലെ കഥ പറയാൻ. അനുശ്രീ എന്നായിരുന്നു മുസ്‌ലിം കുടുംബത്തിൽ ജനിച്ച ആൻ സലീമിന്‍റെ ആദ്യത്തെ പേര്. നാലു പെൺകുട്ടികളുള്ള കുടുംബത്തിൽ ഇളയ ആൾക്കു മാത്രമായിരുന്നു മുസ്‌ലിം പേരുണ്ടായിരുന്നത്. സ്കൂളിലും കുടുംബാംഗങ്ങളുടെ ഇടയിലുമെല്ലാം പേരു പറയാൻ ബുദ്ധിമുട്ടായിരുന്നു. പിന്നെ വീട്ടിൽ വിളിച്ചിരുന്ന പൊന്നു എന്ന പേരു പറയാനാരംഭിച്ചു. പേരു കാരണം ആശങ്കയും സങ്കടവും കൂടി വന്നപ്പോള്‍ ഉപ്പ തന്നെയാണ് വേണമെങ്കിൽ മാറ്റിക്കൊള്ളാൻ പറഞ്ഞത്. അങ്ങനെ പല പേരുകളും കണ്ടുപിടിക്കാന്‍ തുടങ്ങി. ഒടുവിലെത്തിച്ചേർന്നത് അനുശ്രീ എന്ന പേരിന്‍റെ ഒരു ഭാഗം നിലനിർത്തിക്കൊണ്ടു തന്നെയുള്ള ആൻ സലീം എന്ന പേരിൽ.