എന്നും ഒരുപോലെ ഇരിക്കുന്നതിന്റെ രഹസ്യം പറഞ്ഞ് നദിയ മൊയ്തു

നദിയ മൊയ്തു അവതരിപ്പിച്ച ഗേളി മാത്യുവും മോഹൻലാലിന്റെ ശ്രീകുമാറും മലയാളി പ്രേക്ഷകർ മറക്കാൻ വഴിയില്ല. 1984‍‌ൽ ആണു നോക്കെത്താ ദൂരത്തു കണ്ണും നട്ട് ഇറങ്ങിയത്. നീരാളി എന്ന പുതിയ ചിത്രത്തിലൂടെ വീണ്ടും മോഹൻലാലും നദിയ മൊയ്തുവും സ്ക്രീനിൽ ഒരുമിച്ചെത്തുന്നു. നദിയയ്ക്കു വലിയ മാറ്റം ഒന്നും വന്നിട്ടില്ല. എവർഗ്രീൻ നായികയെന്ന വിശേഷണം ചേരും. പുതിയ ചിത്രത്തിന്റെ പ്രചാരണാർഥം കൊച്ചിയിലെത്തിയ നദിയ സംസാരിക്കുന്നു. 

വീണ്ടും ഒരു ഇടവേള

നീരാളിക്കു മുൻപു തെലുങ്ക് ചിത്രം നാ പേരു സൂര്യയാണു ചെയ്തത്. ക്യാരക്ടർ അത്ര പ്രാധാന്യമുള്ളതല്ല. വലിയ പ്രോജക്ടായിരുന്നു. ഞാൻ ഒരു സീനിനു വേണ്ടിയാണു ആ സിനിമ ചെയ്തത്. അല്ലു അർജുൻ എന്റെ മകനാണെന്നു മനസ്സിലാക്കുന്ന സീനായിരുന്നു അത്. എത്ര പവർഫുള്ളായി സ്ക്രീനിൽ എത്തിയിട്ടുണ്ടെന്നറിയില്ല. ചെയ്യുമ്പോൾ നല്ല വെയ്റ്റുള്ള സീനായിട്ടാണു തോന്നിയത്. അർജുൻ, അല്ലു അർജുൻ തുടങ്ങിയവരോടൊപ്പം അഭിനയിക്കാനുള്ള അവസരം കൂടിയായിരുന്നു ആ സിനിമ. 

തിരിച്ചു വരവ്

തമിഴിൽ കുമരൻ സൺ ഓഫ് മഹാലക്ഷ്മിയാണു വലിയ ഗ്യാപ്പിനു ശേഷം ചെയ്തത്. പടം നല്ല വിജയമായിരുന്നു. കുമരൻ വളരെ കാഷ്വലായി ചെയ്ത ചിത്രമാണ്. അങ്ങനെ ചെയ്ത ചിത്രങ്ങളെല്ലാം വലിയ വിജയങ്ങളായ അനുഭവമാണ് എനിക്കുള്ളത്. നോക്കെത്താ ദൂരത്തു ചെയ്യുമ്പോഴും ഇപ്പോൾ തെലുങ്ക് ചിത്രം െചയ്യുമ്പോഴും അത്ര സീരിയസ്നെസ് കൊടുത്തിട്ടില്ല. ജയം രവിയും കുടുംബവും നല്ല സഹകരണമായിരുന്നു.

നീരാളി 

അജോയ് വർമയാണു നീരാളിയുടെ സംവിധായകൻ. മോഹൻലാലിന്റെ ഭാര്യയുടെ വേഷത്തിലാണു ഞാൻ. കുറച്ചു പൊസസീവായിട്ടുള്ള ഒരു കഥാപാത്രമാണ്. ഇടയ്ക്കു ചൂടാകും. ഇടയ്ക്കു സ്നേഹം വരും, കൊഞ്ചും. മൂഡ് എപ്പോഴും മാറിക്കൊണ്ടിരിക്കുന്ന ആളാണ്. മോളിക്കുട്ടിയെന്നാണ് കഥാപാത്രത്തിന്റെ പേര്. 

തിരക്കിൽ പെടാനില്ല

പടങ്ങൾ ഓടി നടന്നു ചെയ്യുന്നില്ല. എന്റെ പ്രായത്തിന് ചേരുന്ന കഥാപാത്രങ്ങളാണു തിരഞ്ഞെടുക്കുന്നത്. മുംബൈയിലാണു സ്ഥിര താമസം. ജൂലൈ, ഓഗസ്റ്റ് മാസങ്ങളിൽ യുഎസിൽ പഠിക്കുന്ന മക്കൾ രണ്ടു പേരും വീട്ടിലെത്തും. ആ സമയം സിനിമ പൂർണമായും മാറ്റിവച്ചു അവരോടൊപ്പം സമയം ചെലവഴിക്കുന്നതാണു പതിവ്. ഇടക്കാലത്ത് എതാനും ടിവി ഷോകൾ അവതരിപ്പിച്ചിരുന്നു. 

ഒഴിവു സമയങ്ങൾ 

വീട്ടിൽ നിൽക്കുന്ന സ്ത്രീകൾക്കാണു കൂടുതൽ പണി. അത് തീരാത്ത പണിയാണ്. ജോലിക്കു പോകുന്നിടത്തേക്കാൾ തിരക്കാണു വീട്ടിൽ എന്ന് എനിക്ക് തോന്നിയിട്ടുള്ളത്. അല്ലാത്തപ്പോൾ കൂട്ടുകാരോടൊപ്പം യാത്ര പോകും.

സിനിമയിലെ മാറ്റങ്ങൾ

ഫിലിം മേക്കിങ്ങിൽ വളരെ മാറ്റം വന്നു. സാങ്കേതിമായാണു മാറ്റം വന്നിരിക്കുന്നത്. സോഷ്യൽ മീഡിയ കടന്നുവന്നതോടെ സിനിമയുടെ മാർ‍ക്കറ്റിങ്ങിൽ ഒത്തിരി കള്ളത്തരം നടക്കുന്നുണ്ട്. റിവ്യൂകളും  ഹൈപ്പും ചേർന്നു എന്തൊക്കോയോ സംഭവിക്കുന്നു. കലാരൂപം എന്ന നിലയിൽ ഇപ്പോൾ മികച്ച സിനിമകളാണ് പുറത്തു വരുന്നത്. മലയാളത്തിൽ തന്നെ കഴിവുള്ള ഒട്ടേറെ സംവിധായകരും എഴുത്തുകാരും വന്നിട്ടുണ്ട്. അഭിനേതാക്കൾക്കു  ടെക്നോളജിയുടെ ആനുകൂല്യം കിട്ടുന്നുണ്ട്. വ്യത്യസ്തമായ കഥാപാത്രങ്ങളാണു ലഭിക്കുന്നത്. എനിക്ക് ഡ്രീം റോളുകൾ ഇല്ല. സിനിമയ്ക്കു മുൻപു വർക്‌ഷോപ്പ് നടത്തുന്നതു വളരെ നല്ല കാര്യമാണ്. ബജറ്റ് വേണമെന്നു മാത്രം.  

എന്നും ഒരുപോലെ ഇരിക്കുന്നതിന്റെ രഹസ്യം 

ജീവിതം വലിയ ഗൗരവത്തോടെ കാണാതിരിക്കുക. നമ്മളെ എന്നും സ്നേഹിക്കുന്നവരുടെ കൂടെ ചെലവഴിക്കാൻ സമയം കണ്ടെത്തുക. അവരാണു നമ്മുടെ ബാക്ക് സപ്പോർട്ട്. വ്യായാമം ചെയ്യുക, നല്ലത് കഴിക്കുക. വല്ലപ്പോഴും ബ്യൂട്ടി പാർലറിൽ പോകുക, ശരിക്കും ഉള്ളിലുള്ള സൗന്ദര്യമാണു മനുഷ്യരുടെ മുഖത്തു കാണുക. ആത്മാവാണു പ്രകാശിക്കുന്നതെന്നാണ് എന്റെ വിശ്വാസം.