‘അതൊരു നുണയായിരുന്നു’; ദിലീപ് വിവാദത്തിൽ മാലാ പാർവതി

അമ്മ സംഘടനയിൽ നിന്ന് ദിലീപിനെ പുറത്താക്കിയെന്ന പ്രസ്താവന വെറും നുണയായിരുന്നുവെന്ന് നടി മാലാ പാർവതി. ‘എന്റെ വീട്ടിലെ അനുജനോ ചേട്ടനോ ആണ് ഇത് ചെയ്തിരുന്നതെങ്കില്‍ ഞാന്‍ അവരോട് സംസാരിക്കില്ല, വീട്ടില്‍ നിന്ന് പുറത്താക്കും. അവര്‍ തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ ശിക്ഷ കിട്ടാന്‍ ആഗ്രഹിക്കും. തെറ്റിനുള്ള ശിക്ഷ അനുഭവിച്ചു തിരിച്ചു വന്നാലേ അംഗീകരിക്കൂ.’–മാലാ പാര്‍വതി മനോരമ ഓൺലൈന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കുന്നു. മലയാള സിനിമയിലെ വിവാദങ്ങളോടുള്ള നിലപാട് പറഞ്ഞ് മാലാ പാര്‍വതി...

ദിലീപ് വിഷയത്തില്‍ അമ്മയുടെ നിലപാട്

ഡബ്ലുസിസി അംഗങ്ങള്‍ നടത്തുന്ന ഇടപെടല്‍ പ്രസക്തമാണ്. ഞാന്‍ അതില്‍ അംഗമല്ല എങ്കില്‍ കൂടി എല്ലാ അഭിനേത്രികള്‍ക്കും സിനിമയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന മറ്റ് വനിതാ അംഗങ്ങള്‍ക്കും സംസാരിക്കുവാനുള്ള വലിയൊരിടം അവര്‍ നല്‍കുന്നുണ്ട്. അത് വലിയ കാര്യമാണ്. അതുകൊണ്ടു തന്നെ അവരുടെ പ്രവര്‍ത്തനങ്ങള്‍ നല്ല മാറ്റങ്ങള്‍ കൊണ്ടുവരും എന്നു ഞാന്‍ പ്രതീക്ഷിക്കുന്നു. 

അമ്മയില്‍ ഞാന്‍ താരതമ്യേന പുതിയ അംഗമാണ്. എന്റെ ആദ്യ കമ്മിറ്റിയായിരുന്നു അന്ന്. ദിലീപിനെ കുടുക്കിയതാണെന്നൊരു വിശ്വാസം അമ്മയിലെ വലിയൊരു വിഭാഗം ആളുകള്‍ക്കുണ്ട്. എന്തോ ഒരു അജണ്ടയുടെ ഭാഗമായി ദിലീപിനെ കുടുക്കിയതാണ്, മാധ്യമങ്ങള്‍ ദിലീപിനെ കുറിച്ച് കുറേ കാര്യങ്ങള്‍ മെനഞ്ഞുണ്ടാക്കുന്നതാണ്, പൊലീസ് ഭാഷ്യം ശരിയല്ല... എന്നു വിശ്വസിക്കുന്ന വലിയൊരു വിഭാഗം. മാധ്യമങ്ങളിലും മറ്റും വരുന്ന വാര്‍ത്തകളെ അവര്‍ വായിച്ചെടുക്കുന്നത് അങ്ങനെയാണ്. ആക്രമിക്കപ്പെട്ട നടി പോലും ദിലീപ് ആണ് ഇതു ചെയ്തതെന്നു പറഞ്ഞിട്ടില്ലല്ലോ...പിന്നെങ്ങനെ വിശ്വസിക്കും എന്നു ചിന്തിക്കുന്ന കുറേയധികം പേരുണ്ട്. 

ഡബ്ല്യു സി സി എന്ന സംഘടന രൂപീകരിച്ചതും പലരും പരസ്യ പ്രതികരണം നടത്തുന്നതും അമ്മയെ പിളര്‍ത്താനാണ് എന്നാണ് അവര്‍ കരുതുന്നത്. അമ്മ എന്ന സംഘടന ഒരുപാട് പേര്‍ക്ക് വളരെ ഉപകാരപ്രദമായ സംഘടനയാണ്. അമ്മയ്ക്കുള്ളില്‍ പല വിഷയങ്ങളും സധൈര്യം അവതരിപ്പിക്കുന്നവരെ എനിക്കറിയാം. 

അതുകൊണ്ടു തന്നെ അമ്മയ്‌ക്കെതിരെ ഉണ്ടാകുന്ന വിമര്‍ശനങ്ങളെ വ്യക്തിപരമായാണ് അവര്‍ എടുക്കുന്നത്. അവര്‍ക്കെതിരായ ആക്രമണമായാണ് അവര്‍ കരുതുന്നത്. അപ്പോള്‍ അവരെല്ലാം ഒന്നിക്കുന്നത് സ്വാഭാവികമല്ലേ. അതാണ് സംഭവിക്കുന്നത്. എല്ലാം കോടതിയില്‍ തെളിയട്ടെ എന്ന നിലപാടിലാണ് അവര്‍. 

അതൊരു നുണയായിരുന്നു!

അമ്മയില്‍ നിന്ന് ദിലീപിനെ പുറത്താക്കിയിട്ടേയില്ല. അതൊരു നുണയായിരുന്നു. പുറത്താക്കും എന്നു പറഞ്ഞത് സത്യസന്ധമായിട്ടാണെങ്കിലും ആ തീരുമാനം പെട്ടെന്ന് തന്നെ മരവിപ്പിക്കുകയായിരുന്നു. പക്ഷേ അക്കാര്യം ആരെയും അറിയിച്ചില്ല. അവിടെയാണു സംഘടനയ്ക്കു തെറ്റുപറ്റിയത്. ആ തീരുമാനം മരവിപ്പിച്ചു തല്‍ക്കാലം അടുത്ത പൊതുയോഗത്തില്‍ ചര്‍ച്ചയാകാം എന്നു പോലും പറഞ്ഞിരുന്നില്ല. 

അങ്ങനെയായിരുന്നുവെങ്കില്‍ ഒരുപക്ഷേ ഇത്രയും പ്രശ്‌നം വരില്ലായിരുന്നു. ഞാന്‍ അടക്കം ആ മീറ്റിങില്‍ ഉണ്ടായിരുന്നവര്‍ക്കെല്ലാം പെട്ടെന്നാണ് അറിയാനായത് ദിലീപിനെ തിരിച്ചെടുത്തുവെന്നത്. പെട്ടെന്നാണ് ചോദ്യവും ഉത്തരവും വന്നതും എല്ലാവരും കയ്യടിച്ച് അത് പാസാക്കിയതും. 

അതുപോലെ എന്തുകൊണ്ട് അപ്പോള്‍ പ്രതികരിച്ചില്ല എന്നതിനും ഉത്തരമുണ്ട്. ഒരു ചര്‍ച്ചയ്ക്കുള്ള അവസരം അവിടെയുണ്ടായിരുന്നില്ല. അപ്പോഴത്തെ അന്തരീക്ഷം അതിനു യോജിക്കുന്നതായിരുന്നില്ല. വേണമെങ്കില്‍ എഴുന്നേറ്റ് നിന്ന് പറയാം എന്നല്ലാതെ, നമുക്കിത് ചര്‍ച്ച ചെയ്യാം എന്നൊരു നിലപാട് അവിടെയുണ്ടായിരുന്നില്ല. അങ്ങനെ പറഞ്ഞിരുന്നുവൈങ്കില്‍ ഒരുപക്ഷേ കുറേ പേരെങ്കിലും സംസാരിച്ചേനെ. പിന്നെ സ്ത്രീകള്‍ക്കു മാത്രമല്ല പുരുഷന്‍മാര്‍ക്കും സംസാരിക്കാമല്ലോ. പക്ഷേ അതിനുള്ള സാഹചര്യം ഉണ്ടായിരുന്നില്ല. 

വ്യക്തിപരമായ നിലപാട്!

ഈ വിഷയത്തില്‍ ഞാന്‍ അധികം സംസാരിച്ചിട്ടില്ല. വ്യക്തിപരമായി എനിക്ക് എന്റേതായ കാരണമുണ്ട്. അഭിനേത്രി, നിലപാടുകള്‍ എന്നീ ഘടകങ്ങള്‍ക്കും അപ്പുറം സാധാരണക്കാരിയായൊരു മനുഷ്യ സ്ത്രീ ആയതിന്റേയും കൂടി പ്രശ്‌നമാണ്. അത് മനസ്സിലാക്കുമെന്നു കരുതുന്നു.

എങ്കിലും ഒന്നുപറയാം. എന്റെ വീട്ടിലെ അനുജനോ ചേട്ടനോ ആണ് ഇത് ചെയ്തിരുന്നതെങ്കില്‍ ഞാന്‍ അവരോട് സംസാരിക്കില്ല, വീട്ടില്‍ നിന്ന് പുറത്താക്കും. അവര്‍ തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ ശിക്ഷ കിട്ടാന്‍ ആഗ്രഹിക്കും. തെറ്റിനുള്ള ശിക്ഷ അനുഭവിച്ചു തിരിച്ചു വന്നാലേ അംഗീകരിക്കൂ...

പറയുന്നത്രയും ഭീകരമാണോ...

തീര്‍ച്ചയായും. നിഷാ സാരംഗ് തുറന്നു പറഞ്ഞതു പോലെ നിരവധി വിഷയങ്ങള്‍ സിനിമയില്‍ ഇപ്പോഴുമുണ്ട്. കൂടെ കിടക്കാന്‍ സധൈര്യം നടിമാരെ വിളിക്കുന്നവരും, അനുസരിച്ചില്ലെങ്കില്‍ മാനസികമായി പീഡിപ്പിക്കുക, അവസരങ്ങള്‍ ഇല്ലാതാക്കുക തുടങ്ങി പല വിഷയങ്ങളുമുണ്ട്. 

വസ്ത്രം മാറാന്‍, ബാത്‌റൂമില്‍ പോകാന്‍, സൗകര്യമില്ലാതെ ഷൂട്ടിങ് സൈറ്റുകളില്‍ ബുദ്ധിമുട്ടുക, സാനിറ്ററി പാഡ് കളയാന്‍ സ്ഥലമില്ലാതെ വിഷമിക്കേണ്ടി വരിക, ബാത്‌റൂമില്‍ പാഡ് കളയുന്നതിനെ വന്‍ വിഷയമാക്കി അവതരിപ്പിക്കുമ്പോള്‍ കുറ്റക്കാരായി നില്‍ക്കേണ്ടി വരിക, തുടങ്ങി പല പല പ്രശ്‌നങ്ങള്‍ വേറെ. 

ആരാണ് ഈ പാഡ് ഇവിടെ ഇട്ടതെന്ന ആക്രോശം ഇപ്പോഴും സെറ്റുകളിലുണ്ടാകാറുണ്ട്. ഇതൊക്കെ വലിയ പ്രശ്‌നങ്ങളുടെ ചെറിയൊരു ഭാഗം മാത്രമാണ്. അതുകൊണ്ടു തന്നെ ഈ പ്രശ്‌നങ്ങളും ചര്‍ച്ചകളുമെല്ലാം സിനിമയെ ഒരു നല്ല തൊഴിലിടമാക്കി മാറ്റുന്നതിനുള്ള അവസരമൊരുക്കട്ടെ എന്നു പ്രത്യാശിക്കുന്നു.